പ്രധാനമന്ത്രി നരേന്ദ്ര മോദി രണ്ട് ദിവസത്തെ ഔദ്യോഗിക സന്ദർശനത്തിനായി ടോക്കിയോയിലെത്തി. ജപ്പാൻ പ്രധാനമന്ത്രി ഷിഗെരു ഇഷിബയുമായുള്ള ഇന്ത്യൻ പ്രധാനമന്ത്രിയുടെ ആദ്യ വാർഷിക ഉച്ചകോടിയാണിത്. ഇന്ത്യയുടെ ദേശീയ താൽപ്പര്യങ്ങൾ മുന്നോട്ട് കൊണ്ടുപോകുക, ഉഭയകക്ഷി ബന്ധം ശക്തിപ്പെടുത്തുക, പ്രാദേശിക, ആഗോള സഹകരണം പ്രോത്സാഹിപ്പിക്കുക എന്നിവയാണ് സന്ദർശനത്തിന്റെ ലക്ഷ്യം.

കഴിഞ്ഞ 11 വർഷത്തിനിടെ സുസ്ഥിരവും ഗണ്യവുമായ പുരോഗതി നേടിയ തങ്ങളുടെ പ്രത്യേക തന്ത്രപരവും ആഗോളവുമായ പങ്കാളിത്തത്തിന് പുതിയൊരു ഘട്ടം നൽകുന്നതിൽ ശ്രദ്ധ കേന്ദ്രീകരിക്കുമെന്ന് ജപ്പാൻ സന്ദർശനത്തിന് മുൻപ് പ്രധാനമന്ത്രി നരേന്ദ്ര മോദി പ്രസ്താവനയിൽ പറഞ്ഞു.
ജപ്പാൻ സന്ദർശനത്തിടെ അവിടത്തെ വിവിധ രാഷ്ട്രീയ നേതാക്കളുമായും ഇന്ത്യൻ സമൂഹവുമായും പ്രധാനമന്ത്രി സംവദിക്കും. ഇരു രാജ്യങ്ങൾക്കുമിടയിലുള്ള വ്യാപാരം, നിക്ഷേപം, സാങ്കേതിക ബന്ധങ്ങൾ എന്നിവ കൂടുതൽ ആഴത്തിലാക്കുകയെന്ന ലക്ഷ്യത്തോടെ ജാപ്പനീസ്, ഇന്ത്യൻ വ്യവസായ പ്രമുഖരുമായി ബിസിനസ് ലീഡേഴ്സ് ഫോറത്തിലും അദ്ദേഹം പങ്കെടുക്കും.
കഴിഞ്ഞ ഏഴ് വർഷത്തിനിടെ മോദിയുടെ ആദ്യത്തെ ജപ്പാൻ സന്ദർശനമാണിത്. ഇഷിബയുമായിട്ടുള്ള അദ്ദേഹത്തിന്റെ ആദ്യ ഉഭയകക്ഷി ഉച്ചകോടിയാണിത്. 2018-ലാണ് മോദി അവസാനമായി ഇന്ത്യ-ജപ്പാൻ വാർഷിക ഉച്ചകോടിയിൽ പങ്കെടുത്തത്. 2014-ൽ അധികാരമേറ്റ ശേഷം മോദിയുടെ എട്ടാമത്തെ ജപ്പാൻ സന്ദർശനമാണിത്.
ഇന്ത്യയും ജപ്പാനും തമ്മിൽ തുടരുന്ന സ്ഥിരതയാർന്ന ഒരു വ്യാപാരത്തിൻ്റെ ചിത്രം വാർത്താ ഏജൻസിയായ റോയിട്ടേഴ്സ് വരച്ചുകാട്ടുന്നുണ്ട്. അത് ഇപ്രകാരം – ഇന്ത്യയിലെ നേരിട്ടുള്ള അഞ്ചാമത്തെ വലിയ വിദേശ നിക്ഷേപ സ്രോതസ്സാണ് ജപ്പാൻ. 2024-25 സാമ്പത്തിക വർഷത്തിൻ്റെ ആദ്യ ഒമ്പത് മാസങ്ങളിൽ ഉഭയകക്ഷി വ്യാപാരം 21 ബില്യൺ ഡോളറിലെത്തി. 2024 ഡിസംബർ വരെ മൊത്തം 43.2 ബില്യൺ ഡോളറിൻ്റെ നിക്ഷേപമാണ് ജപ്പാനിൽ നിന്ന് ഇന്ത്യയിലെത്തിയത്. 2023-24-ൽ 3.1 ബില്യൺ ഡോളറും 2024-25 ഏപ്രിൽ-ഡിസംബർ കാലയളവിൽ 1.36 ബില്യൺ ഡോളറുമാണ് ജപ്പാനിൽ നിന്നുള്ള വാർഷിക എഫ്ഡിഐ നിക്ഷേപം.
ജപ്പാൻ സന്ദർശനത്തിന് ശേഷം, ഷാങ്ഹായ് സഹകരണ സംഘടനയുടെ (എസ്‌സിഒ) വാർഷിക ഉച്ചകോടിയിൽ പങ്കെടുക്കാൻ മോദി ഓഗസ്റ്റ് 31 മുതൽ സെപ്റ്റംബർ 1 വരെ ചൈനയിലെ ടിയാൻജിനിലേക്ക് പോകും. ഉച്ചകോടിക്കിടെ, ചൈനീസ് പ്രസിഡന്റ് ഷി ജിൻപിങ്ങുമായും റഷ്യൻ പ്രസിഡന്റ് വ്‌ളാഡിമിർ പുടിനുമായും അദ്ദേഹം കൂടിക്കാഴ്ച നടത്തുമെന്നറിയുന്നു.