ഏഴ് വർഷത്തിന് ശേഷം പ്രധാനമന്ത്രി നരേന്ദ്ര മോദി ഇന്ന് ചൈനയിലെത്തി. രണ്ട് ദിവസത്തെതാണ് സന്ദർശനം. ടിയാൻജിനിൽ നടക്കുന്ന ഷാങ്ഹായ് സഹകരണ സംഘടന (എസ്‌സിഒ) ഉച്ചകോടിയിൽ അദ്ദേഹം പങ്കെടുക്കും.

ഓഗസ്റ്റ് 31 നും സെപ്റ്റംബർ 1 നും നടക്കുന്ന വാർഷിക ഉച്ചകോടിയിൽ 10 അംഗ എസ്‌സിഒ ബ്ലോക്കിലെ നേതാക്കളോടൊപ്പമാണ് പ്രധാനമന്ത്രി മോദിയും സാന്നിദ്ധ്യമറിയിക്കുക. ഇന്ത്യ-ചൈന ബന്ധം ഊട്ടിയുറപ്പിക്കുന്നതിൽ, പ്രത്യേകിച്ച് അമേരിക്കയുടെ താരീഫ് ഭീഷണി നിലനിൽക്കെ, ചൈനീസ് പ്രസിഡന്റ് ഷി ജിൻപിങ്ങുമായുള്ള ഇന്ത്യൻ പ്രധാനമന്ത്രിയുടെ ഉഭയകക്ഷി കൂടിക്കാഴ്ച ഏറെ ശ്രദ്ധേയമാകുമെന്ന് പ്രതീക്ഷിക്കുന്നു.
ഇന്ത്യ-ചൈന ബന്ധങ്ങളിൽ പ്രധാനമന്ത്രി മോദിയുടെ വർഷങ്ങൾക്ക് ശേഷമുള്ള ഈ സന്ദർശനം ഒരു പുതിയ പന്ഥാവ് സൃഷ്ടിച്ചെടുക്കുമെന്നാണ് സൂചന. 2020 ലെ ഗാൽവാൻ താഴ്‌വരയിലെ ഏറ്റുമുട്ടലുകൾക്ക് ശേഷം ചൈനയുമായുള്ള ബന്ധം ഏറ്റവും മോശാവസ്ഥയിലായിരുന്നു. എന്നാൽ സമീപകാല നയതന്ത്ര കൈമാറ്റങ്ങൾ വിശ്വാസം പുന:സ്ഥാപിക്കുന്നതിനുള്ള ജാഗ്രതയോടെയുള്ള ശ്രമത്തിന്റെ ഫലസൂചികയാണ്. രാഷ്ട്രീയ സംഘർഷങ്ങൾക്കിടയിലും, ചൈന ഇന്ത്യയുടെ രണ്ടാമത്തെ വലിയ വ്യാപാര പങ്കാളിയായി തുടരുന്നു.
എസ്‌സിഒ ഉച്ചകോടി അതിന്റെ വിശാലമായ കാഴ്ചപ്പാടിൽ ഇന്ത്യാ-ചൈന ബന്ധത്തിൽ പുതിയൊരു ഇഴയടുപ്പം സൃഷ്ടിച്ചെടുത്താൽ അതൊരു ചരിത്രമാകും.
ചൈനയെ സംബന്ധിച്ചിടത്തോളം, ഇന്ത്യയുമായുള്ള ബന്ധം മെച്ചപ്പെടുത്തുന്നത് യുഎസ് നയിക്കുന്ന നിയന്ത്രണ ശ്രമങ്ങളെ ദുർബലപ്പെടുത്താനുതകും. ഇന്ത്യയെ സംബന്ധിച്ചിടത്തോളം, പടിഞ്ഞാറൻ രാജ്യങ്ങളുമായും ബീജിംഗുമായും പങ്കാളിത്തം സന്തുലിതമാക്കുന്നത് ഏതെങ്കിലും ഒരു സഖ്യത്തെ വളരെയധികം ആശ്രയിക്കാതെ ഒന്നിലധികം പ്ലാറ്റ്‌ഫോമുകളിൽ പ്രസക്തമായി തുടരാനുള്ള ഉദ്ദേശ്യലക്ഷ്യത്തെ സാധൂകരിക്കും.
