വിമാനം വൈകിയത് 14 മണിക്കൂർ, ഇതിനിടെ യാത്രക്കാരന് നൽകിയത് ഒരു ബർഗറും ഫ്രൈസും മാത്രം ; സ്പൈസ്ജെറ്റിനോട് 55,000 രൂപ നഷ്ടപരിഹാരം നൽകാൻ ഉത്തരവിട്ട് ഉപഭോക്തൃകോടതി

Date:

(Photo : Symbolic image)

മുംബൈ: യാത്ര പുറപ്പെടാൻ വൈകിയ വിമാനത്തിനായി  14 മണിക്കൂർ കാത്തിരുന്ന യാത്രക്കാരന് സ്പൈസ്ജെറ്റ് നൽകിയ സൗകര്യങ്ങൾ അപര്യാപ്തമെന്ന് കണ്ട് നഷ്ടപരിഹാരത്തിന് ഉത്തരവിട്ട് ഉപഭോക്തൃകോടതി. മണിക്കൂറുകളുടെ കാത്തിരിപ്പിനിടെ യാത്രക്കാരന് മതിയായ ഭക്ഷണം നൽകാത്ത സ്പൈസ് ജെറ്റിന് മുംബൈ ഉപഭോക്തൃ കോടതിയാണ് 55,000 രൂപയും കോടതിച്ചെലവുകൾക്കായി 5,000 രൂപയും നൽകാൻ ഉത്തരവിട്ടത്. ഡയറക്ടറേറ്റ് ജനറൽ ഓഫ് സിവിൽ ഏവിയേഷൻ ( ഡിജിസിഎ ) നിഷ്ക്കർഷിക്കുന്ന നിർദ്ദേശങ്ങൾ പാലിക്കാത്തതിനാണ് നടപടി.

ദുബൈയിൽ നിന്ന് മുംബൈയിലേക്ക് പോകേണ്ട വിമാനത്തിനായി 14 മണിക്കൂർ കാത്തിരുന്ന യാത്രക്കാരന് ഈ സമയത്തിനിടയിൽ സ്പൈസ്ജെറ്റ് ആകെ നൽകിയത് ഒരു ബർഗറും ഫിംഗർ ഫ്രൈസും. വിമാനം പുറപ്പെടാൻ കാലതാമസമുണ്ടായപ്പോൾ യാത്രക്കാർക്ക് മതിയായ സൗകര്യങ്ങൾ നൽകുന്നതിൽ എയർലൈൻ വീഴ്ച വരുത്തിയെന്ന് കോടതി കണ്ടെത്തി.

ജൂലൈ 27, 2024-നാണ് കേസിനാസ്പദമായ സംഭവം നടന്നത്. ദുബൈയിൽ നിന്ന് മുംബൈയിലേക്കുള്ള സ്പൈസ് ജെറ്റ് വിമാനത്തിൽ യാത്ര ചെയ്ത യാത്രക്കാരനാണ് ദുരിതം നേരിട്ടത്.
ഭക്ഷണകാര്യത്തിലെന്നപോലെ യാത്രക്കാർക്ക് വിശ്രമിക്കാൻ സൗകര്യമൊരുക്കുന്നതിലും കാലതാമസത്തെക്കുറിച്ച് കൃത്യമായ വിവരങ്ങൾ നൽകുന്നതിലും എയർലൈൻ പരാജയപ്പെട്ടെന്ന് കമ്മീഷൻ വിലയിരുത്തി.

സാങ്കേതിക കാരണങ്ങളാലാണ് വിമാനത്തിന്  കാലതാമസമുണ്ടായതെന്നായിരുന്നു സ്പൈസ്ജെറ്റിൻ്റെ വാദം. ഇത്തരം കാലതാസമങ്ങൾ തങ്ങളുടെ നിയന്ത്രണത്തിലല്ലെന്ന് സ്പൈസ് ജെറ്റ് കോടതിയിൽ പറഞ്ഞു. സാങ്കേതിക തകരാറുകൾ പോലുള്ള അസാധാരണ സാഹചര്യങ്ങളിൽ ഇത്തരം സൗകര്യങ്ങൾ നൽകുന്നതിൽ നിന്ന് ഇളവ് നൽകുന്ന സിവിൽ ഏവിയേഷൻ ചട്ടങ്ങൾ (സിഎആർ) വ്യവസ്ഥകളും എയർലൈൻ ഇതിനായി ചൂണ്ടിക്കാട്ടി.

എന്നാൽ, മതിയായ രേഖകൾ ഹാജരാക്കാൻ എയർലൈൻ തയ്യാറാകാത്തതിനാൽ കമ്മീഷൻ ഈ വാദം അംഗീകരിച്ചില്ല. വിമാനത്തിലെ തകരാർ മൂലം യാത്രക്കാർക്കുണ്ടായ ബുദ്ധിമുട്ടുകൾക്ക് സ്പൈസ് ജെറ്റ് മതിയായ നഷ്ടപരിഹാരം നൽകണമെന്ന് കോടതി നിർദ്ദേശിച്ചു. “വിമാനത്തിലെ കാലതാമസം എത്രത്തോളമുണ്ടെങ്കിലും യാത്രക്കാരെ പരിചരിക്കാനുള്ള ബാദ്ധ്യതയിൽ നിന്ന് എയർലൈൻ കമ്പനികൾക്ക് ഒഴിഞ്ഞുമാറാൻ കഴിയില്ല,” കമ്മീഷൻ നിരീക്ഷിച്ചു.

വിമാനത്താവളത്തിലെ തടസ്സങ്ങൾ സാധാരണമാണെന്ന ന്യായീകരണം അംഗീകരിക്കാനാവില്ലെന്നും കോടതി വ്യക്തമാക്കി. “വിശ്രമിക്കാനുള്ള സൗകര്യങ്ങൾ, വെള്ളം, ലഘുഭക്ഷണം എന്നിവ നൽകേണ്ടത് അത്യാവശ്യമാണ്,” കമ്മീഷൻ കൂട്ടിച്ചേർത്തു. 14 മണിക്കൂറിനിടെ ഒരു ബർഗറും ഫ്രൈസും മാത്രം നൽകിയത് അപര്യാപ്തമാണെന്നും കമ്മീഷൻ വിലയിരുത്തി.

യാത്രക്കാരൻ നാല് ലക്ഷം രൂപ നഷ്ടപരിഹാരം ആവശ്യപ്പെട്ടെങ്കിലും, അത്രയും ചെലവ് യാത്രക്കാരന് വന്നു എന്നതിന് മതിയായ രേഖകൾ ഹാജരാക്കാത്തതിനാൽ കോടതി അത് അംഗീകരിച്ചില്ല. യാത്രക്കാരന് ഭക്ഷണത്തിനോ മറ്റ് അവശ്യവസ്തുക്കൾക്കോ വേണ്ടി അധികമായി പണം ചിലവഴിക്കേണ്ട വന്നതിന്റെ രേഖകളൊന്നും ഹാജരാക്കിയിട്ടില്ല. അതിനാൽ വലിയ സാമ്പത്തിക നഷ്ടമുണ്ടായെന്ന വാദം അംഗീകരിക്കാനാവില്ലെന്ന് കോടതി പറഞ്ഞു. എങ്കിലും പരാതിക്കാരന് നേരിട്ട മാനസിക വിഷമത്തിനും പ്രയാസങ്ങൾക്കുമായാണ് നഷ്ടപരിഹാരം നൽകാൻ കോടതി ഉത്തരവിട്ടത്.

LEAVE A REPLY

Please enter your comment!
Please enter your name here

Share post:

Popular

More like this
Related

ഖത്തര്‍ ആക്രമണം : ഇസ്രയേലിനെതിരെ ഒറ്റക്കെട്ടായി നിൽക്കുമെന്ന സന്ദേശം നൽകി അറബ് – ഇസ്ലാമിക് ഉച്ചകോടി

ദോഹ: ദോഹയിലെ ഇസ്രയേൽ ആക്രമണത്തിൽ ഏകീകരണ പ്രതികരണം തേടാൻ ഒത്തുകൂടിയ അറബ് -...