ചണ്ഡീഗഢ് : പഞ്ചാബിൽ പെയ്തിറങ്ങിയ തോരാമഴ അതിപ്രളയത്തിന് വഴിവെച്ചു. സംസ്ഥാനം 1988 ന് ശേഷം അഭിമുഖികരിക്കുന്ന ഏറ്റവും വലിയ വെള്ളപ്പൊക്കമാണിത്. മരണസംഖ്യ ഇപ്പോഴെ 37 ആയി. 3.5 ലക്ഷത്തിലധികം ആളുകളെയാണ് പ്രളയം ബാധിച്ചിട്ടുള്ളത്. 23 ജില്ലകളും വെള്ളപ്പൊക്കക്കെടുതിയിലാണ്. എങ്കിലും ഗുർദാസ്പൂർ, പത്താൻകോട്ട്, ഫാസിൽക്ക, കപൂർത്തല, തരൺ തരൺ, ഫിറോസ്പൂർ, ഹോഷിയാർപൂർ, അമൃത്സർ എന്നിവയാണ് ഏറ്റവും കൂടുതൽ ദുരിതമനുഭവിക്കുന്ന ജില്ലകൾ.
സത്ലജ്, ബിയാസ്, രവി തുടങ്ങിയ നദികൾ കരകവിഞ്ഞൊഴുകുകയാണ്. ഹിമാചൽ പ്രദേശിലും ജമ്മു കശ്മീരിലും ഉണ്ടായ കനത്ത മഴയിൽ അരുവികളിൽ വെള്ളം കയറുകകൂടി ചെയ്തതോടെ 1,655 ഗ്രാമങ്ങൾ ദുരിതത്തിലായതായി ഉദ്യോഗസ്ഥർ പറയുന്നു .
നിലയ്ക്കാതെ പെയ്യുന്ന മഴ പഞ്ചാബിലെ സ്ഥിതി അനുനിമിഷം വഷളാക്കുകയാണ്. 1.48 ലക്ഷം ഹെക്ടറിലധികം കൃഷി നശിച്ചു. കന്നുകാലികൾക്ക് ജീവൻ നഷടപ്പെട്ടതായി കർഷകർ പറയുന്നു. നിരവധി വീടുകൾ തകർന്നു. പലതും ഒലിച്ചു പോയി. വെള്ളപ്പൊക്കത്തിൽ പല പ്രദേശങ്ങളിലേയും കൃഷിയിടങ്ങൾ 8 മുതൽ 10 അടിയോളം വരെ ആഴമുള്ള ജലാശയങ്ങളായി മാറിയതിനാൽ ആളുകൾ ബോട്ടിൽ സഞ്ചരിക്കേണ്ട ഗതികേടിലാണ്. നിരവധി കുടുംബങ്ങളെ പലയിടത്തും തയ്യാറാക്കിയ ദുരിതാശ്വാസ ക്യാമ്പുകളിലേക്ക് മാറ്റിയിട്ടുണ്ട്.
ഫിറോസ്പൂരിലെ വെള്ളപ്പൊക്ക ബാധിത പ്രദേശങ്ങൾ സന്ദർശിച്ച മുഖ്യമന്ത്രി ഭഗവന്ത് മാൻ, സർക്കാർ പ്രത്യേക ഗിർദാവാരി (നഷ്ട വിലയിരുത്തൽ സർവ്വെ) ആരംഭിച്ചിട്ടുണ്ടെന്നും ദുരിതബാധിത കുടുംബങ്ങൾക്ക് നഷ്ടപരിഹാരം നൽകുമെന്നും പറഞ്ഞു.”രാജ്യം പ്രതിസന്ധി നേരിടുമ്പോഴെല്ലാം പഞ്ചാബ് ഒപ്പമുണ്ടായിരുന്നു. ഇന്ന് പഞ്ചാബ് പ്രതിസന്ധിയിലാണ്. രാജ്യം ഒപ്പം നിൽക്കണം.” മുഖ്യമന്ത്രി പറഞ്ഞു.
ആം ആദ്മി പാർട്ടി ദേശീയ കൺവീനർ അരവിന്ദ് കെജ്രിവാൾ വ്യാഴാഴ്ച പഞ്ചാബിലെ വെള്ളപ്പൊക്ക ബാധിത പ്രദേശങ്ങൾ സന്ദർശിക്കും. ദുരിതാശ്വാസ പ്രവർത്തനങ്ങൾ അവലോകനം ചെയ്യുകയും വെള്ളപ്പൊക്കത്തിൽ ദുരിതമനുഭവിക്കുന്നവരുമായി കൂടിക്കാഴ്ച നടത്തുകയും ചെയ്യും.
നേരത്തെ, മനീഷ് സിസോദിയ തരൺ തരൺ ജില്ലയിലെ വെള്ളപ്പൊക്ക ബാധിത പ്രദേശങ്ങൾ സന്ദർശിച്ചു, അതേസമയം എഎപി രാജ്യസഭാ എംപി രാഘവ് ഛദ്ദ തന്റെ പ്രാദേശിക വികസന പദ്ധതി ഫണ്ടിൽ നിന്ന് ദുരിതാശ്വാസ പ്രവർത്തനങ്ങൾക്കായി 3.25 കോടി രൂപ അനുവദിക്കുമെന്ന് പ്രഖ്യാപിച്ചു. സോനു സൂദ്, ദിൽജിത് ദോസഞ്ജ്, ഗിപ്പി ഗ്രെവാൾ, കരൺ ഔജ്ല, ആമി വിർക്ക്, രഞ്ജിത് ബാവ തുടങ്ങിയ പൊതുപ്രവർത്തകർ പിന്തുണ അറിയിക്കുകയും ദുരിതാശ്വാസ പ്രവർത്തനങ്ങൾക്ക് സംഭാവന നൽകുകയും ചെയ്തു.
നിരവധി എൻജിഒകളുടെയും സിഖ് സംഘടനകളുടെയും പിന്തുണയോടെ സർക്കാർ ഏജൻസികൾ രക്ഷാപ്രവർത്തനങ്ങളും ദുരിതാശ്വാസ പ്രവർത്തനങ്ങളും നടത്തുന്നുണ്ട്. എല്ലാ സ്കൂളുകളും കോളേജുകളും സർവ്വകലാശാലകളും സെപ്റ്റംബർ 7 വരെ അടച്ചു.
ഭക്ര അണക്കെട്ടിലെ ജലനിരപ്പ് രാവിലെ 6 മണിക്ക് 1,677.84 അടിയായിരുന്നു, പരമാവധി സംഭരണശേഷി 1,680 അടിയാണ്. അണക്കെട്ടിലേക്കുള്ള ജലപ്രവാഹം 86,822 ക്യുസെക്സും പുറത്തേക്കുള്ള ഒഴുക്ക് 65,042 ക്യുസെക്സുമാണ്.
