മുംബൈ : ടേക്ക് ഓഫ് സമയത്ത് ചക്രം ഊരിവീണ് മുംബൈയിലേക്കുള്ള സ്പൈസ് ജെറ്റ് വിമാനം. സുരക്ഷിതമായി വിമാനം തിരിച്ചിറക്കാനായതിനാൽ വലിയ അപകടം ഒഴിവായി. യാത്രക്കാർ എല്ലാവരും സുരക്ഷിതരാണെന്ന് അധികൃതർ അറിയിച്ചു.
ഗുജറാത്തിലെ കാണ്ഡലയിൽ നിന്ന് 75 യാത്രക്കാരുമായി മുംബൈയിലേക്ക് പുറപ്പെട്ട സ്പൈസ് ജെറ്റ് ക്യു400 വിമാനത്തിൻ്റെ ഒരു ചക്രമാണ് ടേക്ക് ഓഫിനിടെ ഊരി വീണത്. വിമാനം സുരക്ഷിതമായി ലാൻഡ് ചെയ്തതിന് ശേഷം സ്വന്തം നിലയിൽ ടെർമിനലിലേക്ക് നീങ്ങുകയും എല്ലാ യാത്രക്കാരെയും സുരക്ഷിതമായി പുറത്തിറക്കുകയും ചെയ്തതായി സ്പൈസ് ജെറ്റ് വക്താവ് അറിയിച്ചു.
മുംബൈ വിമാനത്താവളത്തിൽ ലാൻഡ് ചെയ്യുന്നതിന് മുൻപ് തന്നെ പൈലറ്റ് എമർജൻസി പ്രഖ്യാപിച്ചിരുന്നു. സംഭവത്തെക്കുറിച്ച് എയർലൈൻസ് അന്വേഷണം പ്രഖ്യാപിച്ചിട്ടുണ്ട്. തുടർനടപടികൾക്കായി അധികാരികളെ വിവരമറിയിച്ചിട്ടുണ്ട്.
“ചില സാങ്കേതിക പ്രശ്‌നങ്ങൾ റിപ്പോർട്ട് ചെയ്തതിനെ തുടർന്ന് 2025 സെപ്റ്റംബർ 12-ന് വൈകീട്ട് 3:51-ന് കാണ്ഡലയിൽ നിന്ന് പുറപ്പെട്ട വിമാനം ഛത്രപതി ശിവാജി മഹാരാജ് അന്താരാഷ്ട്ര വിമാനത്താവളത്തിൽ അടിയന്തരമായി ലാൻഡ് ചെയ്തു. മുൻകരുതലിന്റെ ഭാഗമായി പൂർണ്ണമായ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചിരുന്നു. റൺവേ 27-ൽ വിമാനം സുരക്ഷിതമായി ഇറക്കി. എല്ലാ യാത്രക്കാരും ജീവനക്കാരും സുരക്ഷിതരാണ്. ” – മുംബൈ എയർപോർട്ട് പ്രസ്താവനയിൽ അറിയിച്ചു.