കൽപറ്റ : വയനാട് മുൻ ഡിസിസി ട്രഷറർ എൻഎം വിജയന്‍റെ മരുമകൾ പത്മജ ആത്മഹത്യക്ക് ശ്രമിച്ചതിനെ തുടർന്ന് ബത്തേരിയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. കൈ ഞരമ്പ് മുറിച്ചായിരുന്നു ആത്മഹത്യാശ്രമം. എൻ.എം.വിജയന്‍ ആത്മഹത്യ ചെയ്തതിനെ തുടര്‍ന്ന് കോണ്‍ഗ്രസ് നല്‍കിയ വാഗ്ദാനങ്ങൾ പാലിച്ചില്ലെന്ന് ഇന്നലെ പത്മജ മാധ്യമങ്ങളോട് പറഞ്ഞിരുന്നു. രൂക്ഷമായ വിമര്‍ശനമാണ്
കോൺഗ്രസ് നേതൃത്വത്തിനെതിരെ പത്മജ ഉയർത്തിയത്.
രണ്ടരക്കോടി രൂപയുടെ ബാദ്ധ്യതയാണുള്ളത് എന്നും ഇതു വീട്ടാമെന്ന് പറഞ്ഞ് കോൺഗ്രസ് നേതൃത്വം വീണ്ടും വഞ്ചിക്കുകയാണ് ചെയ്തതെന്നും ഇക്കാര്യത്തിൽ മുഖ്യമന്ത്രിക്ക് പരാതി നൽകുമെന്നും പത്മജ കഴിഞ്ഞദിവസം പറഞ്ഞിരുന്നു. പണം നൽകാമെന്ന കരാർ ടി.സിദ്ദിഖ് എംഎൽഎ ആണ് ഒപ്പിട്ടത്. രണ്ടു മാസം കഴിഞ്ഞിട്ടും സിദ്ദിഖ് വാക്കുപാലിക്കാത്തതുകൊണ്ട് കരാറിൻ്റെ കോപ്പി വാങ്ങാൻ വക്കീലിന്‍റെ അടുത്തു പോയതിൽ സിദ്ദിഖ് ദേഷ്യപ്പെട്ടു. ഭർത്താവ് സ്ട്രോക്ക് വന്ന് കോഴിക്കോട് ആശുപത്രിയിലായിരുന്നപ്പോൾ പോലും ബിൽ അടയ്ക്കാൻ പണം ഉണ്ടായിരുന്നില്ല. സത്യസന്ധമായി പ്രവർത്തിക്കുന്നവരെ കോൺഗ്രസ് കൊന്നൊടുക്കുന്നു. കള്ളന്മാർ വെള്ളയും വെള്ളയും ഇട്ടു നടക്കുന്നു. പാർട്ടിയെ വിശ്വസിക്കുന്നവർ മരിക്കുന്നു. കോൺഗ്രസിന്റെ ഔദാര്യം ഇനി ആവശ്യമില്ല എന്നായിരുന്നു പത്മജ പറഞ്ഞത്. ഇതിനുപിന്നാലെയാണ് ആത്മഹത്യാശ്രമം.
കഴിഞ്ഞ ഡിസംബര്‍ 25-നാണ് ഡിസിസി ട്രഷറര്‍ ആയിരുന്ന എന്‍.എം. വിജയനെയും മകന്‍ ജിജേഷിനെയും വിഷംകഴിച്ച് ഗുരുതരാവസ്ഥയില്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. 27- ന് ഇരുവരും മരിച്ചു. ഇതിന് ശേഷം പുറത്തുവന്ന എന്‍.എം. വിജയന്റെ ആത്മഹത്യാക്കുറിപ്പും അനുബന്ധ തെളിവുകളുമാണ് കോണ്‍ഗ്രസ് നേതാക്കള്‍ക്ക് കുരുക്കായത്. ഐ.സി. ബാലകൃഷ്ണൻ, എന്‍.ഡി. അപ്പച്ചന്‍, കെ.കെ. ഗോപിനാഥന്‍, പി.വി. ബാലചന്ദ്രന്‍ എന്നിവരുടെ പേരുകളടക്കം വിജയന്‍ കത്തില്‍ പരാമര്‍ശിച്ചിരുന്നു.
(ആത്മഹത്യ ഒന്നിനും പരിഹാരമല്ല. മാനസികാരോഗ്യ വിദഗ്‌ധരുടെ സഹായം തേടുക. ഹെൽപ്‌ലൈൻ നമ്പരുകൾ – 1056, 0471- 2552056)
