കൊച്ചി : ദാദാസാഹെബ് ഫാല്‍ക്കെ അവാര്‍ഡ് ലഭിച്ചതില്‍ എല്ലാവരോടും നന്ദിയുണ്ടെന്ന് നടന്‍ മോഹന്‍ലാല്‍. പുരസ്‌കാരം ഈ യാത്രയില്‍ തന്നോടൊപ്പം നടന്ന എല്ലാവര്‍ക്കും അവകാശപ്പെട്ടതാണെന്നും മോഹന്‍ലാല്‍ ഫെയ്‌സ്ബുക്കില്‍ കുറിച്ചു.
“ദാദാസാഹെബ് ഫാല്‍ക്കെ അവാര്‍ഡ് ലഭിച്ചതില്‍ ഞാന്‍ വളരെയധികം വിനയാന്വിതനാണ്. ഈ അംഗീകാരം എനിക്ക് മാത്രമുള്ളതല്ല, ഈ യാത്രയില്‍ എന്നോടൊപ്പം നടന്ന എല്ലാവര്‍ക്കുമുള്ളതാണ്. എന്റെ കുടുംബം, പ്രേക്ഷകര്‍, സഹപ്രവര്‍ത്തകര്‍, സുഹൃത്തുക്കള്‍, അഭ്യുദയകാംക്ഷികള്‍ അങ്ങനെ എല്ലാവര്‍ക്കും. നിങ്ങളുടെ സ്നേഹവും വിശ്വാസവും പ്രോത്സാഹനവുമാണ് എന്റെ ഏറ്റവും വലിയ ശക്തി. അതാണ് ഇന്നത്തെ എന്നെ രൂപപ്പെടുത്തിയത്. ഈ അംഗീകാരം നന്ദിയോടെ നിറഞ്ഞ ഹൃദയത്തോടെ ഏറ്റുവാങ്ങുന്നു”- മോഹന്‍ലാല്‍ പറഞ്ഞു.
ചൊവ്വാഴ്ച ഡൽഹിയിൽ നടക്കുന്ന ദേശീയ ചലച്ചിത്ര പുരസ്‌ക്കാര വേദിയില്‍ വെച്ച് മോഹന്‍ലാലിനു അവാര്‍ഡ് സമ്മാനിക്കും. നടനും സംവിധായകനും നിര്‍മ്മാതാവുമായ മോഹന്‍ലാലിനെ ആദരിക്കുന്നുവെന്നും അദ്ദേഹത്തിന്റെ അതുല്യമായ പ്രതിഭ, വൈദഗ്ധ്യം, കഠിനാധ്വാനം തുടങ്ങിയവ ഇന്ത്യന്‍ സിനിമാ ചരിത്രത്തില്‍ സുവര്‍ണ ലിപികളിൽ എഴുതിച്ചേർക്കപ്പെട്ടെന്നും കേന്ദ്രസര്‍ക്കാര്‍ പുറത്തിറക്കിയ പ്രസ്താവന പറയുന്നു. തലമുറകളെ പ്രചോദിപ്പിക്കുന്നതാണ് മോഹന്‍ലാലിന്റെ സിനിമായാത്രകളെന്നും കുറിപ്പില്‍ വ്യക്തമാക്കുന്നു.