ലണ്ടൻ : ഐക്യോരാഷ്ട്രസഭയുടെ പൊതുസഭ ചേരുന്നതിന് മുന്നോടിയായി പലസ്തീൻ രാഷ്ട്രത്തെ ഔദ്യോഗികമായി അംഗീകരിച്ച് യുകെ. കാനഡ, ഓസ്ട്രേലിയ എന്നീ രാജ്യങ്ങൾക്ക് പിന്നാലെയാണ് യുകെയുടെ തീരുമാനം. യു.എൻ പൊതുസഭയിൽ ഇനിയും കൂടുതൽ രാജ്യങ്ങൾ പലസ്തീനെ അംഗീകരിക്കാനുള്ള സാദ്ധ്യതയാണ് റിപ്പോർട്ട് ചെയ്യപ്പെടുന്നത്.
പലസ്തീൻ രാജ്യത്തെ അംഗീകരിക്കുന്ന ആദ്യത്തെ ജി7 രാജ്യമായിരുന്നു കാനഡ. തൊട്ടുപിന്നാലെ ഓസ്ട്രേലിയയും പലസ്തീൻ രാജ്യത്തെ അംഗീകരിച്ചു. ഇവർക്കെല്ലാം മുമ്പ് പലസ്തീനെ അംഗീകരിക്കുന്നതായി ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവൽ മാക്രോണും അറിയിച്ചിരുന്നു. പലസ്തീൻ അതോറിറ്റിക്ക് ഭരണപരമായ പരിഷ്ക്കാരങ്ങൾ വരുത്താനും അടുത്ത വർഷം പൊതുതെരഞ്ഞെടുപ്പ് നടത്താനും സൈനിക രഹിത രാഷ്ട്രം രൂപീകരിക്കാനും പിന്തുണ നൽകുമെന്നായിരുന്നു കാനഡ പ്രധാനമന്ത്രി മാർക്ക് കാർണിയുടെ പ്രസ്താവന.
പലസ്തീൻ രാഷ്ട്രത്തെ അംഗീകരിച്ചതായി അറിയിച്ച ഓസ്ട്രേലിയൻ പ്രധാനമന്ത്രി ആന്റണി ആൽബീസ് ഇത് ദ്വിരാഷ്ട്ര പരിഹാരം എന്ന ലക്ഷ്യത്തിലേക്കുള്ള ആദ്യപടിയാണെന്ന് അഭിപ്രായപ്പെട്ടു. ഗാസയിൽ വെടിനിർത്തൽ ഉണ്ടാകണമെന്നും തടവുകാരെ മോചിപ്പിക്കണമെന്നും ആൽബീസ് ആവശ്യപ്പെട്ടു. ഗാസയിലെ സംഘർഷം അവസാനിപ്പിക്കാനും ഇസ്രായേലും പലസ്തീനും തമ്മിൽ നിലനിൽക്കുന്ന പ്രശ്നങ്ങൾ പരിഹരിക്കാനും ഈ നീക്കം സഹായിക്കുമെന്ന് ബ്രിട്ടീഷ് പ്രധാനമന്ത്രി കീർ സ്റ്റാർമർ പറഞ്ഞു.
അതേസമയം പലസ്തീനെ അംഗീകരിക്കുന്നതിനെതിരെ ഇസ്രായേൽ രംഗത്തെത്തി. ഈ തീരുമാനം ഹമാസിനെ പ്രോത്സാഹിപ്പിക്കുമെന്നും ഗാസയിലെ യുദ്ധം കൂടുതൽ ശക്തമാകാൻ കാരണമാകുമെന്നും ഇസ്രായേൽ അഭിപ്രായപ്പെട്ടു.