(ചിത്രം /കടപ്പാട് – ശിരുവാണിപ്പുഴയിൽ പട്ടാപകൽ മാലിന്യം കൊണ്ടു തള്ളുന്നതാണ് ചിത്രം. തദ്ദേശ സ്വയം ഭരണ വകുപ്പ് മന്ത്രി എം ബി രാജേഷ് മുൻപ് ഫെയ്ബുക്കിൽ പോസ്റ്റ് ചെയ്ത വീഡിയോയിൽ നിന്ന് പകർത്തിയത്.)
തിരുവനന്തപുരം : സംസ്ഥാനത്ത് മാലിന്യം വലിച്ചെറിഞ്ഞതുമായി ബന്ധപ്പെട്ട് ഒരുവർഷത്തിനിടെ ലഭിച്ച പരാതികളുടെ എണ്ണം 12,265. അതിന് ചുമത്തിയ പിഴയാകട്ടെ, 11.01 കോടി രൂപ! തദ്ദേശവകുപ്പിന്റെ വാട്സാപ്പ് നമ്പറിൽ ലഭിച്ച പരാതികളുടെ അടിസ്ഥാനത്തിലാണ് ഈ നടപടി. തെളിവ് സഹിതമുള്ള 7912 പരാതികളിൽ നടപടിയെടുത്തത്. ബാക്കി 63 എണ്ണത്തിൽ നിയമനടപടി തുടരുന്നു.
നിയമലംഘനത്തിൽ ഒന്നാം സ്ഥാനം തിരുവനന്തപുരം ജില്ല തന്നെ. 2100 പരാതികളാണ് ഇവിടെ ലഭിച്ചത്. എറണാകുളം തൊട്ടടുത്ത് – 2028 പരാതി. കുറവ് വയനാട് ജില്ല -155 പരാതി മാത്രം. പരാതി നൽകിയവർക്ക് 1,29,750 രൂപ പാരിതോഷികം നൽകി. പരാതി അറിയിക്കാനുള്ള വാട്സാപ്പ് നമ്പറിന് (9446700800) ഒരു വയസ്സാകുമ്പോഴുള്ള കണക്കാണിത്. പരാതി അറിയിക്കുന്നവർക്ക് ആദ്യം 2500 രൂപയായിരുന്നു പാരിതോഷികം. പിന്നീടത് ചുമത്തുന്ന പിഴയുടെ നാലിലൊന്നാക്കി.
മാലിന്യം വലിച്ചെറിയുകയോ കത്തിക്കുകയോ ചെയ്താൽ വ്യക്തികൾക്കും സ്ഥാപനങ്ങൾക്കും 5000 രൂപവരെയാണ് പിഴ. മലിനജലം പൊതുസ്ഥലത്തേക്കോ ജലാശയങ്ങളിലേക്കോ ഒഴുക്കിയാൽ 50,000 വരെയും. മാലിന്യമോ ചവറോ വിസർജ്യവസ്തുക്കളോ ജലാശയങ്ങളിൽ തള്ളിയാൽ 10,000 മുതൽ 50,000 രൂപവരെ പിഴയും ആറുമാസം മുതൽ ഒരുവർഷം വരെ തടവുമാണ് ശിക്ഷ. നിരോധിത പ്ലാസ്റ്റിക് വിറ്റാൽ 10,000 മുതൽ 50,000 വരെ പിഴ. ഇത്തരം നിയമലംഘനം അറിയിക്കുന്നവർക്കാണ് പാരിതോഷികം നൽകുന്നത്.