ന്യൂഡൽഹി : സെൻട്രൽ ബോർഡ് ഓഫ് സെക്കൻഡറി എജ്യുക്കേഷൻ ( സിബിഎസ്ഇ ) 2026ലെ 10, 12 ക്ലാസ് ബോർഡ് പരീക്ഷകൾക്കുള്ള താൽക്കാലിക തീയതികൾ പ്രഖ്യാപിച്ചു. ഔദ്യോഗിക അറിയിപ്പ് പ്രകാരം, ഇന്ത്യയിലും വിദേശത്തും 2026 ഫെബ്രുവരി 17 മുതൽ ജൂലൈ 15 വരെ പരീക്ഷകൾ നടക്കും.
ഇന്ത്യയിലുടനീളം മാത്രമല്ല, വിദേശത്തുള്ള 26 രാജ്യങ്ങളിൽ നിന്നുമുള്ള 10, 12 ക്ലാസുകളിലെ വിദ്യാർത്ഥികൾ പരീക്ഷയെഴുതുമെന്ന് പ്രതീക്ഷിക്കുന്നു. ബോർഡ് പരീക്ഷ എഴുതുന്ന വിദ്യാർത്ഥികൾക്ക് സിബിഎസ്ഇയുടെ ഔദ്യോഗിക വെബ്‌സൈറ്റായ cbse.gov.in ൽ ഷെഡ്യൂൾ കണ്ടെത്താനാകും.
ഷെഡ്യൂൾ പ്രകാരം 10, 12 ക്ലാസുകളിലെ മെയിൻ ബോർഡ് പരീക്ഷകൾ 2026 ഫെബ്രുവരി 17 മുതൽ ആരംഭിക്കും. 10 ക്ലാസ് മെയിൻ ബോർഡ് പരീക്ഷകൾ 2026 മാർച്ച് 9 നും 12 ക്ലാസ് പരീക്ഷകൾ 2026 ഏപ്രിൽ 9ന് അവസാനിക്കും. മിക്ക ദിവസങ്ങളിലും രണ്ട് ക്ലാസുകളിലെയും പരീക്ഷകൾ രാവിലെ 10.30 മുതൽ ഉച്ചയ്ക്ക് 1.30 വരെയും ചില വിഷയങ്ങൾക്ക് രാവിലെ 10.30 മുതൽ ഉച്ചയ്ക്ക് 12.30 വരെയും നടക്കും. 10 ക്ലാസ് പരീക്ഷ 2 അല്ലെങ്കിൽ രണ്ടാം പരീക്ഷ 2026 മെയ് 15 മുതൽ താൽക്കാലികമായി ആരംഭിക്കും. 10, 12 ക്ലാസുകളിലെ മെയിൻ പരീക്ഷകൾ, കായിക വിദ്യാർത്ഥികൾക്കുള്ള പരീക്ഷകൾ (ക്ലാസ് 12), രണ്ടാം ബോർഡ് പരീക്ഷകൾ (ക്ലാസ് 10), സപ്ലിമെന്ററി പരീക്ഷകൾ (ക്ലാസ് 12) എന്നീ പരീക്ഷകൾ ഈ കാലയളവിൽ നടക്കും.
സിബിഎസ്ഇ റിപ്പോർട്ടുകൾ പ്രകാരം ഇന്ത്യയിലുടനീളവും 26 രാജ്യങ്ങളിലെ 204 വിഷയങ്ങളിലായി ഏകദേശം 45 ലക്ഷം വിദ്യാർത്ഥികൾ പരീക്ഷ എഴുതും. എഴുത്തുപരീക്ഷകൾക്കൊപ്പം, പ്രാക്ടിക്കൽ, മൂല്യനിർണ്ണയം, ഫലപ്രഖ്യാപനം തുടങ്ങിയ പ്രവർത്തനങ്ങളും സമയബന്ധിതമായി നടത്തും.
മാർഗ്ഗ നിർദ്ദേശങ്ങൾ അനുസരിച്ച് ഓരോ വിഷയത്തിന്റെയും പരീക്ഷ കഴിഞ്ഞ് ഏകദേശം 10 ദിവസത്തിനുള്ളിൽ ഉത്തരക്കടലാസുകളുടെ മൂല്യനിർണ്ണയം ആരംഭിക്കുകയും 12 ദിവസത്തിനുള്ളിൽ പൂർത്തിയാക്കുകയും ചെയ്യാനാണ് ആലോചന. പന്ത്രണ്ടാം ക്ലാസ് ഫിസിക്സ് പരീക്ഷ 2026 ഫെബ്രുവരി 20ന് നടക്കുകയാണെങ്കിൽ മൂല്യനിർണ്ണയം മാർച്ച് മൂന്നിന് ആരംഭിച്ച് മാർച്ച് 15ന് അവസാനിക്കുന്ന രീതിയിലാണ് സജ്ജീകരണം. ഈ തീയതി താൽക്കാലികമാണെന്നും സ്കൂളുകൾ അന്തിമ പരീക്ഷാ പട്ടിക സമർപ്പിച്ചുകഴിഞ്ഞാൽ അന്തിമ പതിപ്പുകൾ പുറത്തിറക്കുമെന്നും സിബിഎസ്ഇ വ്യക്തമാക്കി.
വിദ്യാർത്ഥികളുടെ പ്രകടനം മെച്ചപ്പെടുത്തുന്നതിനായി ഘടനാപരമായ പഠന പദ്ധതികൾ തയ്യാറാക്കാൻ സഹായിക്കുന്നതിനാണ് താൽക്കാലിക തീയതി പങ്കിടാനുള്ള തീരുമാനമെന്ന് ബോർഡ് അറിയിച്ചു. കൂടാതെ, സ്കൂളുകൾക്ക് പരീക്ഷയ്ക്കും മൂല്യനിർണയ ജോലികൾക്കും അധ്യാപകരെ വിന്യസിക്കുന്നത് ഉൾപ്പെടെയുള്ള അക്കാദമിക്, ഭരണപരമായ പ്രവർത്തനങ്ങൾ ക്രമീകരിക്കാൻ കഴിയും. ഇതിനൊപ്പം അദ്ധ്യാപകർക്ക് അവധിക്കാലം ഉൾപ്പെടെയുള്ള അവരുടെ വ്യക്തിഗത പ്ലാനുകൾ കൂടുതൽ വ്യക്തതയോടെ ആസൂത്രണം ചെയ്യാൻ കഴിയുകയും ചെയ്യും.
