തിരുവനന്തപുരം : കേരളത്തിലെ എയിംസുമായി ബന്ധപ്പെട്ട് കേന്ദ്രമന്ത്രി സുരേഷ് ഗോപി സൃഷ്ടിക്കുന്ന വിവാദങ്ങളിൽ സംസ്ഥാന ബിജെപിയിൽ തർക്കം മുറുകുന്നു. എയിംസ് ആലപ്പുഴയിൽ സ്ഥാപിക്കണമെന്നും അല്ലെങ്കിൽ തൃശൂരിലേക്ക് കൊണ്ടു പോകും എന്നുമുള്ള സുരേഷ് ഗോപിയുടെ നിലപാടിനെതിരെയാണ് സംസ്ഥാന ബിജെപിയിൽ ഭിന്നത രൂക്ഷമാകുന്നത്. സുരേഷ് ഗോപിയുടെ ഈ നിലപാടിനെതിരെ സംസ്ഥാന നേതൃത്വം ദേശീയ നേതൃത്വത്തെ പരാതി അറിയിച്ചു എന്നാണ് അറിയുന്നത്. കഴിഞ്ഞ ദിവസം ഡൽഹിയിലെത്തിയ സംസ്ഥാന ജന.സെക്രട്ടറി അനൂപ് ആൻറണിയാണ് ദേശീയ നേതൃത്വത്തിന് പരാതി നൽകിയത്. സംസ്ഥാന നേതൃത്വത്തെ അവഗണിച്ചു കൊണ്ടുള്ള പരസ്യ നിലപാട് ആവർത്തിക്കുന്ന സുരേഷ് ഗോപിയെ അടക്കി നിർത്താൻ സംസ്ഥാന അദ്ധ്യക്ഷൻ രാജീവ് ചന്ദ്രശേഖർ പ്രധാനമന്ത്രിയോട് ആവശ്യപ്പെടാൻ ഒരുങ്ങുന്നുവെന്നും സൂചനയുണ്ട്.
അടുത്ത ആഴ്ച പ്രധാനമന്ത്രിയെ രാജീവ് ചന്ദ്രശേഖർ നേരിൽ കാണും. ബിജെപി സംസ്ഥാന കമ്മിറ്റിയിൽ പങ്കെടുക്കാൻ ഈ മാസം 27 ന് കൊല്ലത്തെത്തുന്ന ദേശീയ അദ്ധ്യക്ഷനും കേന്ദ്ര ആരോഗ്യമന്ത്രി കൂടിയായ ജെ പി നദ്ദ എയിംസിൻ്റെ കാര്യത്തിൽ ദേശീയ നേതൃത്വത്തിൻ്റെ അന്തിമ നിലപാട് വ്യക്തമാക്കും. എയിംസുമായി ബന്ധപ്പെട്ട് ബിജെപിയിൽ കഴിഞ്ഞ കുറെ കാലമായി തർക്കം നിലനിൽക്കുന്നുണ്ട്. ബി ജെ പിയിലെ സ്ഥാനാർത്ഥികളാവാൻ സാദ്ധ്യത കൽപ്പിക്കുന്നവരെല്ലാം അവരവരുടെ പ്രകടനപത്രികയിൽ എയിംസ് തങ്ങളുടെ മണ്ഡലങ്ങളിൽ കൊണ്ടുവരുമെന്ന് വാഗ്ദാനം നൽകിയാണിപ്പോൾ പ്രചരണങ്ങൾക്ക് തുടക്കമിട്ടിരിക്കുന്നത്. കഴിഞ്ഞ കോർ കമ്മിറ്റിയിലടക്കം എയിംസിൽ വ്യക്തത വരുത്തണം എന്നാവശ്യപ്പെട്ടുകൊണ്ട് സംസ്ഥാന നേതാക്കൾ രംഗത്തുവന്നിരുന്നു.
അതേസമയം, സംസ്ഥാനസർക്കാർ എയിംസ് കോഴിക്കോട് സ്ഥാപിക്കണമെന്നാണ് ആവശ്യപ്പെട്ടിരിക്കുന്നത്. ഒരുപക്ഷെ ഈ ആവശ്യത്തിനായിരിക്കും മുൻതൂക്കം ലഭിക്കുക. എയിംസിനായി സംസ്ഥാന സർക്കാർ കിനാലൂരിൽ 200 ഏക്കർ സ്ഥലമാണ് ഏറ്റെടുത്തിട്ടുള്ളത്. ഇതിൻ്റെ വിശദാംശങ്ങൾ നിലവിൽ കേന്ദ്ര സർക്കാരിന് സമർപ്പിച്ചിട്ടുള്ളതുമാണ്. സംസ്ഥാന വ്യവസായ വകുപ്പ് മന്ത്രി പി രാജീവ് കഴിഞ്ഞ ദിവസം കൂടി ഇക്കാര്യം വ്യക്തമായതുമാണ്.
