ന്യൂഡല്‍ഹി : ഊര്‍ജമേഖലയിൽ പുതിയ ഭാവി സ്വപ്നം കാണാനുതകുന്ന വാർത്തയുമായി രാജ്യം. അന്തമാന്‍ ദ്വീപുകളുടെ കിഴക്കൻ തീരത്തുള്ള കടലില്‍ വലിയ തോതില്‍ പ്രകൃതിവാതക സാന്നിദ്ധ്യം ഉണ്ടെന്നാണ് പുറത്തുവരുന്ന റിപ്പോര്‍ട്ട്. ഇന്ത്യയുടെ ആഴക്കടല്‍ പര്യവേക്ഷണത്തിന് ഇതുണ്ടാക്കാവുന്ന ഉത്തേജനം വളരെ വലുതാണെന്ന് കേന്ദ്രമന്ത്രി ഹര്‍ദീപ് സിങ് പുരി വ്യക്തമാക്കുന്നു. ‘എക്സി’ൽ പങ്കുവെച്ച ഒരു കുറിപ്പിലൂടെയാണ് ഹര്‍ദീപ് സിങ് പുരി ഇക്കാര്യം അറിയിച്ചത്.
അന്തമാന്‍ ദ്വീപുകളുടെ കിഴക്കന്‍ തീരത്തുനിന്ന് 17 കിലോമീറ്റർ അകലെ ശ്രീ വിജയപുരത്താണ് വന്‍തോതില്‍ പ്രകൃതിവാതകശേഖരം കണ്ടെത്തിയതെന്നാണ് പുരി ‘എക്സ്’ പോസ്റ്റില്‍ പങ്കുവെക്കുന്നത്. ജലനിരപ്പിൽ നിന്ന് 295 മീറ്റര്‍ തുടങ്ങി 2,650 മീറ്റര്‍ വരെ ആഴത്തിൽ രണ്ട് എണ്ണക്കിണറുകളാണുള്ളതെന്ന് പറയുന്നു.
പ്രാഥമിക പരിശോധനയില്‍ പ്രകൃതിവാതകത്തിന്റെ സാന്നിദ്ധ്യം സ്ഥിരീകരിച്ചതായും ഇടവിട്ടുള്ള ജ്വാലകള്‍ ദൃശ്യമായതായും പുരി പോസ്റ്റില്‍ പറയുന്നു. വാതക സാമ്പിളുകള്‍ കപ്പൽ മാർഗ്ഗം കാക്കിനഡയില്‍ എത്തിച്ച് പരിശോധിച്ചപ്പോള്‍ അതില്‍ 87 ശതമാനത്തോളം മീഥേന്‍ ആണെന്നും കണ്ടെത്തി.
ഗ്യാസ് പൂളിൻ്റെ വലുപ്പവും കണ്ടെത്തലിന്റെ വാണിജ്യപരമായ പ്രവർത്തനക്ഷമതയും വരുംമാസങ്ങളിലെ പരിശോധനകളിൽ കൂടുതൽ വ്യക്തമാകും. എന്നാൽ, വടക്ക് മ്യാന്‍മര്‍ മുതല്‍ തെക്ക് ഇന്തോനേഷ്യ വരെയുള്ള മുഴുവൻ പ്രദേശങ്ങളിലേയും ഹൈഡ്രോകാർബണുകളുടെ ഈ സാന്നിദ്ധ്യം തെളിയിക്കുന്നത് ആന്തമാൻ പ്രകൃതിവാതക സമ്പന്നമാണെന്ന് ദീര്‍ഘകാലമായി പറഞ്ഞുകൊണ്ടിരിക്കുന്നതിനെ ഊട്ടിഉറപ്പിക്കുന്ന ചുവടുവെയ്പാവുകയാണ് – പുരി പോസ്റ്റില്‍ കുറിച്ചു.
ഒന്നിലധികം ആഴക്കടല്‍ കിണറുകളിലൂടെ ഓഫ്‌ഷോര്‍ ഹൈഡ്രോ കാര്‍ബണ്‍ ശേഖരം പര്യവേക്ഷണം ചെയ്യാനാണ് രാജ്യം ലക്ഷ്യമിടുന്നത്.
“@petrobras, @bp_india, @Shell, @exxonmobil പോലുള്ള ആഗോള ആഴക്കടല്‍ പര്യവേക്ഷണ വിദഗ്ധരുമായി സഹകരിച്ച് പര്യവേക്ഷണ ലക്ഷ്യങ്ങള്‍ മുന്നോട്ട് കൊണ്ടുപോകാന്‍ ഈ പ്രകൃതിവാതക സാന്നിദ്ധ്യം സഹായിക്കും. അമൃത് കാലത്തിലൂടെയുള്ള നമ്മുടെ യാത്രയിലെ ഒരു സുപ്രധാന നാഴികക്കല്ലായിരിക്കും ഇത്!” കേന്ദ്രമന്ത്രി ഹര്‍ദീപ് സിങ് പുരി പ്രതീക്ഷ പങ്കുവെച്ചു. പദ്ധതി പ്രാവർത്തികമാവുകയാണെങ്കിൽ ഇന്ത്യയെ സംബന്ധിച്ചിടത്തോളം ഊർജ്ജ മേഖലയിൽ സ്വയംപര്യാപ്തതയിലേക്ക് വഴി തുറക്കുന്ന ഒരു ശുഭവാർത്തയായിരിക്കും ഇത്.
