ന്യൂഡല്‍ഹി: ഒടുവിൽ ഉരുൾപൊട്ടൽ ദുരന്തത്തിൽ തകർന്നുപോയ വയനാടിനെ കനിഞ്ഞു കേന്ദ്രം. ചൂരൽമല-മുണ്ടക്കൈ ദുരന്തനിവാരണ പ്രവര്‍ത്തനങ്ങള്‍ക്ക് സംസ്ഥാന സർക്കാർ 2219 കോടി ചോദിച്ച സ്ഥാനത്ത് 260.56 കോടിരൂപയുടെ സഹായം അനുവദിച്ച് കേന്ദ്ര സർക്കാർ. ബുധനാഴ്ച ചേർന്ന കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷായുടെ അദ്ധ്യക്ഷതയിലുള്ള ഉന്നതതല സമിതി യോഗമാണ് തുക അനുവദിച്ചത്. കേരളവും അസമും അടക്കം ഒന്‍പത് സംസ്ഥാനങ്ങള്‍ക്ക് നാലായിരത്തിലധികം കോടിരൂപ സമിതി ദുരന്തനിവാരണത്തിനായി അനുവദിച്ചു.
തിരുവനന്തപുരം ഉള്‍പ്പെടെയുള്ള രാജ്യത്തെ പതിനൊന്ന് നഗരങ്ങളിലെ വെള്ളപ്പൊക്ക ദുരന്ത നിവാരണത്തിനും ഉന്നത തല സമിതി തുക നീക്കിവെച്ചു. അര്‍ബന്‍ ഫ്‌ളഡ് റിസ്‌ക് മാനേജ്‌മെന്റ് പദ്ധതിയുടെ ഭാഗമായി 2,444 കോടിരൂപയുടെ സഹായധനമാണ് നൽകുക.
പദ്ധതിയുടെ രണ്ടാമത്തെ ഘട്ടത്തിലാണ് തിരുവനന്തപുരത്തെ ഉള്‍പ്പെടുത്തിയിരിക്കുന്നത്. എത്ര തുകയാണ് തിരുവനന്തപുരത്തിന് നീക്കിവച്ചിരിക്കുന്നത് എന്ന് വ്യക്തമല്ല.
