(Photo Courtesy : X)
ഡെൻലാൻ്റ് : സ്കൂളിലെ കമ്പ്യൂട്ടറിലൂടെ ഒരു പതിമൂന്നുകാരൻ ചോദിച്ചത് കേട്ട് അമ്പരന്ന് ചാറ്റ്ജിപിടി. ക്ലാസ് നടക്കുന്നതിനിടയിൽ തന്റെ കൂട്ടുകാരനെ എങ്ങനെ കൊലപ്പെടുത്താം എന്നതായിരുന്നു ചാറ്റ്ജിപിടിയോട് പതിമൂന്നുകാരന്റെ ചോദ്യം. യുഎസിലെ ഡെലാൻഡിലെ സൗത്ത് വെസ്റ്റേൺ മിഡിൽ സ്കൂളിലാണ് ഞെട്ടിപ്പിക്കുന്ന സംഭവം. എന്നാൽ, നിമിഷങ്ങൾക്കകം സ്കൂൾ നിരീക്ഷണത്തിനായി ഒരുക്കിയ ഗാഗിൾ എന്ന എഐ സംവിധാനം സ്കൂൾ ക്യംപസിലെ പോലീസ് ഉദ്യോഗസ്ഥന് ഇക്കാര്യം അലെർട്ട് ചെയ്തു. ഉടനെ തന്നെ പോലീസ് എത്തി വിദ്യാർത്ഥിയെ കസ്റ്റഡിയിലെടുത്തു.
ചോദ്യം ചെയ്യലിൽ താൻ തമാശക്കായി ചെയ്തതാണെന്നാണ് വിദ്യാർത്ഥി പോലീസിന് നൽകിയ മൊഴി. താൻ കൂട്ടുകാരനെ ട്രോൾ ചെയ്യുകയായിരുന്നു എന്നായിരുന്നു കുട്ടി പോലീസിനോട് പറഞ്ഞത്. എന്നാൽ സ്കൂൾ അധികൃതരും പോലീസ് ഉദ്യോഗസ്ഥനും ഈ മൊഴി മുഖവിലക്കെടുത്തിട്ടില്ല. അമേരിക്കയിൽ ആവർത്തിച്ച് വരുന്ന സ്കൂൾ ആക്രമണങ്ങളുടെ പശ്ചാത്തലത്തിൽ വിഷയം പോലീസും അധികൃതരും ഗൗരവത്തിലാണ് കാണുന്നത്. തുടർ നടപടികൾക്ക് ശേഷം പോലീസ് വിദ്യാർത്ഥിയെ അറസ്റ്റ് ചെയ്ത് ജുവനൈൽ ഹോമിലേക്ക് മാറ്റി. വിലങ്ങണിയിച്ച് കുട്ടിയെ പോലീസ് വാഹനത്തിൽ കൊണ്ടുപോകുന്ന ദൃശ്യങ്ങള്‍ സമൂഹ മാധ്യമങ്ങളിൽ വ്യാപകമായി പ്രചരിച്ചു.
