(Photo Courtesy : Al Arabiya English/X)
ടെൽ അവീവ് : ഗാസ സമാധാന ഉച്ചകോടിയുടെ ഭാഗമായി യുഎസ് പ്രസിഡന്‍റ് ഡൊണാൾഡ് ട്രംപ് ഇസ്രായേല്‍ പാര്‍ലമെന്‍റായ കനസെറ്റിനെ അഭിസംബോധന ചെയ്യവെ പ്രതിഷേധവുമായി എംപിമാർ. പലസ്തീനെ അംഗീകരിക്കണം എന്ന ബാനർ ഉയർത്തിയായിരുന്നു എംപിമാരുടെ പ്രതിഷേധം. പ്രതിഷേധിച്ച് രണ്ടുപേരെയും ഇസ്രായേൽ പാർലമെന്‍റിൽ നിന്ന് പുറത്താക്കി.

ട്രംപ് സംസാരിച്ചു കൊണ്ടിരിക്കുമ്പോഴാണ് പാർലമെൻ്റ് അംഗം പ്രതിഷേധമുയർത്തിയത്. വിഷയത്തിൽ എംപിമാർ പിന്നീട് സോഷ്യൽ മീഡിയയിൽ തങ്ങളുടെ നിലപാടുകൾ വിശദീകരിച്ചു. തങ്ങൾ നീതിയാണ് ആവശ്യപ്പെട്ടതെന്നും, സമാധാനം വരണമെങ്കിൽ പലസ്തീൻ രാഷ്ട്രം ഉണ്ടാകണമെന്നും അവർ പറഞ്ഞു.
‘പലസ്തീൻ രാഷ്ട്രത്തെ അംഗീകരിക്കുക എന്ന ലളിതമായ ആവശ്യം ഉന്നയിച്ചതിനാണ് തന്നെ പുറത്താക്കിയത്. അന്താരാഷ്ട്ര സമൂഹം മുഴുവൻ അംഗീകരിക്കുന്ന ഒരു യാഥാർത്ഥ്യമാണിതെന്നും’ എയ്മൻ ഓദേ എംപി എക്സിൽ കുറിച്ചു. ഇവിടെ രണ്ട് ജനങ്ങളുണ്ട്, ആരും എങ്ങോട്ടും പോകില്ലെന്നും ഓദേ കൂട്ടിച്ചേർത്തു
ഓഫർ കാസിഫും എക്സിൽ ഇതേക്കുറിച്ച് പ്രതികരിച്ചു. താനും എയ്മൻ ഓദേയും അസ്വസ്ഥതയുണ്ടാക്കാൻ വന്നവരല്ലെന്നും, നീതി ആവശ്യപ്പെടാനാണ് വന്നതെന്നും അദ്ദേഹം പറഞ്ഞു. ‘ഈ ഭൂമിയിലെ രണ്ട് ജനങ്ങളെയും നാശത്തിൽ നിന്ന് രക്ഷിക്കുന്ന യഥാർഥ സമാധാനം, അധിനിവേശം അവസാനിക്കുകയും പലസ്തീൻ രാഷ്ട്രം ഇസ്രായേലിനൊപ്പം സ്ഥാപിക്കപ്പെടുകയും ചെയ്യുമ്പോൾ മാത്രമേ വരികയുള്ളൂ,’ കാസിഫ് കുറിച്ചു. ‘അധിനിവേശക്കാരെ അംഗീകരിക്കരുത്! രക്തച്ചൊരിച്ചിലിൻ്റെ സർക്കാരിനെ പ്രതിരോധിക്കുക!’ എന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ഹമാസ് ബന്ദികളെ മോചിപ്പിച്ചതിനെത്തുടർന്ന് ഗാസ യുദ്ധത്തിന് താൽക്കാലിക വിരാമമിട്ട സാഹചര്യത്തിലാണ് ട്രംപിൻ്റെ ഇസ്രായേൽ സന്ദർശനം. ഇസ്രായേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു ട്രംപിനെ ആദ്യം സ്വാഗതം ചെയ്തു. ട്രംപിനെ വൈറ്റ് ഹൗസിലെ ഏറ്റവും വലിയ ഇസ്രായേൽ ചങ്ങാതിയായി അദ്ദേഹം വിശേഷിപ്പിച്ചു.
അതേസമയം ഇസ്രയേല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹുവുമായി കൂടിക്കാഴ്ച നടത്തിയതിന് ശേഷമാണ് ട്രംപ് പാര്‍ലമെന്‍റിലെത്തിയത്. ദൈവത്തിന് നന്ദി പറയേണ്ട ദിവസമാണ് ഇതെന്ന് പറഞ്ഞുകൊണ്ടാണ് ട്രംപ് സംസാരിച്ചത്. ഇസ്രയേല്‍ പാര്‍ലമെന്‍റ് ഒന്നടങ്കം എഴുന്നേറ്റ് നിന്നാണ് ട്രംപിനെ സ്വീകരിച്ചത്.
