ചെറുതോണി : തുലാവർഷത്തിൻ്റെ വരവറിയിച്ച് ഇടുക്കിയിൽ പെരുമഴ. തവള്ളിയാഴ്ച രാത്രിയോടെ പെയ്തിറങ്ങിയ കനത്ത മഴയിൽ വിവിധ ഭാഗങ്ങൾ വെള്ളത്തിനടിയിലായി. മുല്ലപ്പെരിയാർ അണക്കെട്ടിലേക്കുള്ള നീരൊഴുക്ക് ശക്തമായതോടെ ശനിയാഴ്ച രാവിലെ എട്ടുമണിയോടെ ഷട്ടറുകൾ തുറക്കാൻ തമിഴ്നാട് തീരുമാനിച്ചു. നാല് ഷട്ടറുകളുള്ള കല്ലാർ ഡാം തുറന്ന് ജലം പുറത്തേക്ക് ഒഴുക്കുന്ന പ്രവൃത്തി തുടരുന്നു.
പ്രദേശത്ത് നീരൊഴുക്ക് വർദ്ധിച്ചതോടെ സെക്കൻഡിൽ 40,000 ഘനയടി വെള്ളമാണ് മുല്ലപ്പെരിയാർ അണക്കെട്ടിലേക്ക് എത്തുന്നത്. ഒരു ദിവസം കൊണ്ട് തന്നെ ജലനിരപ്പ് അഞ്ചടിയോളം ഉയർന്നതോടെയാണ് ശനിയാഴ്ച 13 ഷട്ടറുകൾ തുറക്കാനുള്ള തമിഴ്നാട് തീരുമാനം വന്നത്. നിലവിൽ 137 അടിക്ക് മുകളിലാണ് അണക്കെട്ടിലെ ജലനിരപ്പ്. സെക്കൻഡിൽ പരാമാവധി 5,000 ഘനയടി വെള്ളമാകും തുറന്നുവിടുക. പ്രദേശവാസികൾ ആശങ്കപ്പെടേണ്ട സാചര്യമില്ലെന്നും എന്നാൽ ജാഗ്രത പാലിക്കണമെന്നും ജില്ലാ ഭരണകൂടം അറിയിച്ചു.
വെള്ളിയാഴ്ച രാത്രി ഇടുക്കിയിലെ ഹൈറേഞ്ച് മേഖലകളിൽ ഉണ്ടായ അതിശക്ത മഴയിൽ മുണ്ടിയെരുമ, തൂക്കുപാലം ഭാഗങ്ങളിലെ വീടുകളിലും വ്യാപാരസ്ഥാപനങ്ങളിലും വെള്ളം കയറി. നെടുങ്കണ്ടം, തൂക്കുപാലം മേഖലകളിൽ നിർത്തിയിട്ടിരുന്ന കാറും സ്കൂട്ടറും ഒലിച്ചുപോയി.
കുമളിയിൽ തോട് കരകവിഞ്ഞ് വീട്ടിൽ കുടുങ്ങിയ അഞ്ചുപേരെ രക്ഷപ്പെടുത്തി. ഫയർഫോഴ്സും പോലീസും നാട്ടുകാരും ചേർന്ന് വടം ഉപയോഗിച്ച് കെട്ടി സുരക്ഷിതമായ ഭാഗത്തേക്ക് മാറ്റി. പ്രദേശത്ത് നിന്നും 42 കുടുംബങ്ങളെ മാറ്റിപ്പാർപ്പിച്ചു. പല വീടുകളിലും രണ്ട് അടിയോളം വെള്ളം കയറി. കുമളി ടൗണിലെ വിവിധ കടകളിൽ വെള്ളം കയറി. കുമളി, വണ്ടിപ്പെരിയാർ, നെടുങ്കണ്ടം എന്നിവടങ്ങളിൽ ശക്തമായ മഴയാണ് ലഭിച്ചത്. കാഞ്ഞിരപ്പള്ളി, മുണ്ടക്കയം, പിണ്ണാക്കനാട് എന്നിവടങ്ങളിലും മഴ ശക്തയായി തുടരുകയാണ്. കാഞ്ഞിരപ്പള്ളി ഈരാറ്റുപേട്ട റോഡിൽ പലയിടത്തും വെള്ളം കയറി. ഇടുക്കി കോട്ടയം ജില്ലകളുമായി ബന്ധപ്പെട്ട് കിടക്കുന്ന പ്രദേശങ്ങളിലും ശക്തമായ മഴ ലഭിച്ചു. ശനിയാഴ്ച രാവിലെയോടെ പലയിടത്തും വെള്ളം ഇറങ്ങിയെങ്കിലും ജില്ലയിൽ മഴ തുടരുന്നുണ്ട്. ഇടുക്കി ജില്ലയിൽ ശനിയാഴ്ച ഓറഞ്ച് അലേർട്ടാണ് കേന്ദ്ര കാലാവസ്ഥാ വകുപ്പ് പ്രഖ്യാപിച്ചിരിക്കുന്നത്.
തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം ജില്ലകളിൽ ഒറ്റപ്പെട്ടയിടങ്ങളിൽ ഇടിമിന്നലോട് കൂടിയ ഇടത്തരം (5-15mm/hr) മഴയ്ക്കും മണിക്കൂറിൽ 50 കിലോമീറ്റർ വരെ വേഗതയിൽ ശക്തമായ കാറ്റിനും സാദ്ധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ് അറിയിച്ചു.
തൃശൂർ, പാലക്കാട്, കാസർഗോഡ് ജില്ലകളിൽ ഒറ്റപ്പെട്ടയിടങ്ങളിൽ ഇടിമിന്നലോട് കൂടിയ ഇടത്തരം (5-15mm/hr) മഴയ്ക്കും മണിക്കൂറിൽ 40 കിലോമീറ്റർ വരെ വേഗതയിൽ ശക്തമായ കാറ്റിനും മറ്റെല്ലാ ജില്ലകളിലും ഒറ്റപ്പെട്ടയിടങ്ങളിൽ നേരിയ മഴയ്ക്കും സാദ്ധ്യതയുണ്ടെന്നും കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിപ്പുണ്ട്..