പട്‌ന : ദിവസങ്ങൾ നീണ്ട ചർച്ചകൾക്കൊടുവിൽ ബിഹാര്‍ തെരഞ്ഞെടുപ്പില്‍ ആര്‍ജെഡി നേതാവ് തേജസ്വി യാദവിനെ മുഖ്യമന്ത്രി സ്ഥാനാര്‍ത്ഥിയായി പ്രഖ്യാപിച്ച് മഹാസഖ്യം. വികാശീല്‍ ഇന്‍സാന്‍ പാര്‍ട്ടി(വിഐപി) നേതാവ് മുകേഷ് സഹാനി മുന്നണിയുടെ ഉപമുഖ്യമന്ത്രി സ്ഥാനാര്‍ത്ഥിയാവും. വ്യാഴാഴ്ച പട്‌നയില്‍ നടന്ന സംയുക്ത വാര്‍ത്താസമ്മേളനത്തിൽ മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് അശോക് ഗെഹ്‌ലോട്ടാണ് പ്രഖ്യാപനം നടത്തിയത്.
പ്രതിബദ്ധതയുള്ള, ചെറുപ്പക്കാരനായ നേതാവാണ് തേജസ്വി യാദവെന്ന് അശോക് ഗെഹ്‌ലോത്ത് അഭിപ്രായപ്പെട്ടു. തേജസ്വി യാദവിനെ മുഖ്യമന്ത്രി സ്ഥാനാര്‍ത്ഥിയാക്കാനാണ് രാഹുൽ ഗാന്ധിയും ആഗ്രഹിച്ചതെന്നും അദ്ദേഹം വ്യക്തമാക്കി. പിന്നാലെ എന്‍ഡിഎയുടെ മുഖ്യമന്ത്രി സ്ഥാനാര്‍ത്ഥിയെ പ്രഖ്യാപിക്കാനായി ബിജെപിയെ അദ്ദേഹം വെല്ലുവിളിക്കുകയുംചെയ്തു. ‘
തന്നെ മുഖ്യമന്ത്രി സ്ഥാനാര്‍ത്ഥിയായി പ്രഖ്യാപിച്ചതിന് സോണിയ ഗാന്ധിക്കും രാഹുല്‍ ഗാന്ധിക്കും തേജസ്വി യാദവ് നന്ദി അറിയിച്ചു. സര്‍ക്കാര്‍ രൂപവത്കരിക്കാനും മുഖ്യമന്ത്രിയാകാനും മാത്രമല്ല, ബിഹാറിന് വേണ്ടി പ്രവര്‍ത്തിക്കാനും വേണ്ടിയാണ് മഹാസഖ്യത്തിന്റെ നേതാക്കള്‍ നിലകൊള്ളുന്നതെന്ന് അദ്ദേഹം പറഞ്ഞു. ഒരു എന്‍ജിന്‍ അഴിമതിയും രണ്ടാമത്തെ എന്‍ജിന്‍ കുറ്റകൃത്യങ്ങളും നിറഞ്ഞ എന്‍ഡിഎയുടെ ഇരട്ട എന്‍ജിന്‍ സര്‍ക്കാരിനെ പുറത്താക്കാന്‍ തങ്ങള്‍ ഒരുമിച്ച് പ്രവര്‍ത്തിക്കുമെന്നും തേജസ്വി യാദവ് പറഞ്ഞു.
ബിഹാര്‍ നിയമസഭാ തെരഞ്ഞെടുപ്പിന് രണ്ടാഴ്ച ബാക്കിനില്‍ക്കെയാണ് മഹാസഖ്യം മുഖ്യമന്ത്രി സ്ഥാനാര്‍ഥിയെ പ്രഖ്യാപിച്ചിരിക്കുന്നത്. രഘോപുര്‍ മണ്ഡലത്തില്‍ നിന്നാണ് തേജസ്വി യാദവ് മത്സരിക്കുക. നവംബര്‍ 6, 11 തീയതികളിലായി രണ്ടുഘട്ടങ്ങളിലായാണ് ബിഹാറിലെ തെരഞ്ഞെടുപ്പ്. നവംബര്‍ 14-നാണ് ഫലപ്രഖ്യാപനം.