കോൾഡ്രിഫ് കഫ് സിറപ്പ് കഴിച്ച് 26 കുട്ടികൾ മരിച്ച സംഭവം വിവാദമായി നിൽക്കുന്ന പശ്ചാത്തലത്തിൽ ബിജെപിക്ക് എതിരെ ഗുരുതര ആരോപണവുമായി മുതിർന്ന കോൺഗ്രസ് നേതാവ് ദിഗ്‌വിജയ സിങ്. ഫാർമസ്യൂട്ടിക്കൽ കമ്പനികളിൽ നിന്ന് ബിജെപിക്ക് 945 കോടി രൂപയുടെ ഇലക്ടറൽ ബോണ്ടുകൾ ലഭിച്ചതായാണ് ദിഗ്‌വിജയ സിങിൻ്റെ ആരോപണം. കോൾഡ്രിഫ് കഫ് സിറപ്പ് കഴിച്ച് കുട്ടികൾ മരിക്കാനിടയായ മധ്യപ്രദേശിലെ ബിജെപി സർക്കാരിനെതിരെയാണ് സിങിൻ്റെ ഈ പരാമർശം.
ഫാർമ കമ്പനികളിൽ നിന്ന് തെരഞ്ഞെടുപ്പ് സംഭാവന സ്വീകരിക്കുന്നതുകൊണ്ടുതന്നെ മധ്യപ്രദേശ് സർക്കാരിന് കോൾഡ്രിഫ് കഫ് സിറപ്പ് ദുരഎത്തിൽ കർശന നടപടി സ്വീകരിക്കാനായിട്ടില്ലെന്ന് മുൻ മധ്യപ്രദേശ് മുഖ്യമന്ത്രി കൂടിയായ സിങ് ആരോപിച്ചു. ഭോപ്പാലിൽ ഒരു പത്രസമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു ദിഗ്‌വിജയ സിങ്.
“വിഷ മരുന്നുകൾ വിൽക്കുന്ന കമ്പനികൾക്ക് സംരക്ഷണം ലഭിക്കുന്നത് കേന്ദ്രത്തിൽ അധികാരത്തിലുള്ള ബിജെപിക്ക് തെരഞ്ഞെടുപ്പ് ഫണ്ട് നൽകിയതിനാലാണ്.” സിംഗ് പറഞ്ഞു. കോൾഡ്രിഫിന്റെ ഉപഭോഗം മൂലമാണ് കുട്ടികൾ മരിച്ചതെന്ന് സിങ് ആരോപിച്ചു. കോൾഡ്രിഫിൽ 48.6 ശതമാനത്തിലധികം ഡൈഎത്തിലീൻ ഗ്ലൈക്കോൾ (ഒരു ലായകം) അടങ്ങിയിട്ടുണ്ടെന്നും എന്നാൽ സുരക്ഷിത പരിധി 0.01 ശതമാനത്തിൽ കൂടരുതെന്നും അദ്ദേഹം പറഞ്ഞു.
“സിറപ്പിൽ വിഷ രാസവസ്തുക്കൾ അടങ്ങിയിട്ടുണ്ടെന്ന് അന്വേഷണത്തിൽ തെളിഞ്ഞ സ്ഥിതിക്ക് ആരോഗ്യമന്ത്രി ഇപ്പോൾ ആ സ്ഥാനത്ത് തുടരണോ?” അദ്ദേഹം ചോദിച്ചു. ഇലക്ടറൽ ബോണ്ടുകൾ വഴി ഫാർമസ്യൂട്ടിക്കൽ കമ്പനികൾ ബിജെപിക്ക് ആകെ 945 കോടി രൂപ സംഭാവന നൽകിയെന്നും അതിൽ 35 സ്ഥാപനങ്ങൾ ഗുണനിലവാര മാനദണ്ഡങ്ങൾ പാലിക്കുന്നതിൽ പരാജയപ്പെട്ടുവെന്നും കോൺഗ്രസ് നേതാവ് അവകാശപ്പെട്ടു.
ചിന്ദ്വാരയിൽ നിന്നും സമീപ ജില്ലകളിൽ നിന്നുമായി 26 കുട്ടികൾ വിഷാംശം ഉള്ളതായി കണ്ടെത്തിയ കോൾഡ്രിഫ് സിറപ്പ് കഴിച്ചതിനെത്തുടർന്ന് വൃക്ക തകരാറിലായി മരിച്ചുവെന്നാണ് റിപ്പോർട്ട്. തമിഴ്നാട് ആസ്ഥാനമായുള്ള ‘കോൾഡ്രിഫ് നിർമ്മാണ സ്ഥാപനത്തിന്റെ ഉടമയായ രംഗനാഥൻ ഗോവിന്ദനെ എസ്ഐടി അറസ്റ്റ് ചെയ്തിരുന്നു.സിറപ്പ് നിർദ്ദേശിച്ച ചിന്ദ്വാര ആസ്ഥാനമായുള്ള ഡോ. പ്രവീൺ സോണി, മരുന്നുകളുടെ മൊത്തക്കച്ചവടക്കാരനായ അനന്തരവൻ രാജേഷ് സോണി, ഡോ. സോണിയുടെ ഭാര്യയുടെ ഉടമസ്ഥതയിലുള്ള ഒരു മെഡിക്കൽ സ്റ്റോറിലെ ഫാർമസിസ്റ്റായ സൗരഭ് ജെയിൻ എന്നിവരും ജുഡീഷ്യൽ കസ്റ്റഡിയിലാണ്.
ഇവർക്കു പുറമെ, സംസ്ഥാന ഡ്രഗ് കൺട്രോളറെ സ്ഥലം മാറ്റുകയും രണ്ട് ഡ്രഗ് ഇൻസ്പെക്ടർമാരെയും ഫുഡ് ആൻഡ് ഡ്രഗ് അഡ്മിനിസ്ട്രേഷന്റെ (എഫ്ഡിഎ) ഒരു ഡെപ്യൂട്ടി ഡയറക്ടറെയും സംസ്ഥാന സർക്കാർ സസ്പെൻഡ് ചെയ്തിട്ടുട്ടുണ്ട്.
