കോട്ടയം: കോട്ടയം കുമ്മനത്ത് മൂന്നു മാസം പ്രായമുള്ള ആൺകുഞ്ഞിനെ വിൽക്കാൻ ശ്രമം. ഇതര സംസ്ഥാന തൊഴിലാളികളായ ദമ്പതികളുടെ കുട്ടിയെ അരലക്ഷം രൂപയ്ക്ക് വിൽക്കാനായിരുന്നു ശ്രമം നടന്നത്. ഇതര സംസ്ഥാന തൊഴിലാളിയാണ് കുട്ടിയെ വാങ്ങാൻ എത്തിയതും. ഇന്ന് ഉച്ചയോടുകൂടിയാണ് സംഭവം നടക്കുന്നത്. നാട്ടുകാരുടെ പരാതിയെ തുടർന്നാണ് സംഭവം പുറത്തറിയുന്നത്. കുട്ടിയുടെ അച്ഛനും മറ്റ് രണ്ടു പേരെയും പൊലീസ് കസ്റ്റഡിയിലെടുത്തു.
അസം സ്വദേശികളായ ദമ്പതികളുടെ രണ്ട് കുട്ടികളിൽ ഒരാളെയാണ് വിൽക്കാൻ ശ്രമിച്ചത്. കുട്ടിയുടെ അമ്മ എതിർപ്പ് പ്രകടിപ്പിച്ചെങ്കിലും അത് വകവെക്കാതെയാണ് വിൽക്കാനുള്ള ശ്രമം നടന്നത്. പിടിയിലായ മറ്റ് രണ്ട് പേർ യുപി സ്വദേശികളാണ്. കസ്റ്റഡിയിലെടുത്തവരെ വിശദമായി ചോദ്യം ചെയ്ത് വരികയാണ്. കുട്ടിയെ വിൽക്കാൻ തീരുമാനിച്ചത് എന്തിനാണെന്ന് വ്യക്തമായിട്ടില്ല. സംഭവത്തിൽ പോലീസ് വിശദമായ അന്വേഷണം ആരംഭിച്ചു.
