ന്യൂഡൽഹി : അഞ്ച് വർഷത്തെ ഇടവേളക്ക് ശേഷം നേരിട്ടുള്ള വിമാന സർവീസുകൾ ഔദ്യോഗികമായി പുന:രാരംഭിച്ച് ഇന്ത്യയും ചൈനയും. കൊൽക്കത്തയിൽ നിന്ന് ചൈനയിലെ ഗ്വാങ്‌ഷൂവിലേക്ക് ഇന്ന് ആദ്യ വിമാനം പറന്നുയർന്നു. ഷാങ്ഹായ്-ന്യൂഡൽഹി റൂട്ട് നവംബർ 9 ന് പ്രവർത്തനം ആരംഭിക്കും. ആഴ്ചയിൽ മൂന്ന് വിമാനങ്ങളാണ് സർവ്വീസ് നടത്തുക.
കോവിഡ്-19 നെ തുടർന്ന് താൽക്കാലികമായി നിർത്തിവെച്ച വിമാന സർവ്വീസുകളിൽ പുന:രാരംഭിക്കുന്ന ആദ്യ എയർലൈനുകളിൽ ഒന്നായിരിക്കുമിതെന്ന് ഇൻഡിഗോ ഈ മാസം ആദ്യം പ്രഖ്യാപിച്ചിരുന്നു. റെഗുലേറ്ററി അംഗീകാരങ്ങൾ കാത്തിരിക്കുന്ന സാഹചര്യത്തിൽ ഡൽഹിയിൽ നിന്ന് ഗ്വാങ്‌ഷൂവിലേക്ക് നേരിട്ടുള്ള വിമാന സർവ്വീസുകൾ ആരംഭിക്കാനുള്ള പദ്ധതിയും ഇൻഡിഗോ മുന്നോട്ടുവെച്ചു.
ഒക്ടോബർ 11 ന് ഡൽഹിക്കും ഗ്വാങ്‌ഷൂവിനും ഇടയിൽ ദിവസേനയുള്ള നേരിട്ടുള്ള വിമാന സർവ്വീസുകൾ നവംബർ 10 മുതൽ ആരംഭിക്കുമെന്ന് ഇൻഡിഗോ ഔദ്യോഗികമായി സ്ഥിരീകരിച്ചു.
നേരിട്ടുള്ള വിമാന സർവ്വീസുകൾക്ക് വീണ്ടും തുടക്കമിടുന്നതോടെ ഇരു രാജ്യങ്ങളും തമ്മിലുള്ള ബന്ധം കൂടുതൽ ശക്തിപ്പെടും. വ്യാപാരം, ടൂറിസം, ബിസിനസ് ബന്ധങ്ങൾ പുന:ർനിർമ്മിക്കാൻ ഇത് ഏറെ സഹായകരമായേക്കും. കോവിഡ് -19 പകർച്ചവ്യാധിയും 2020 ജൂണിലെ ഗാൽവാൻ വാലി ഏറ്റുമുട്ടലും മൂലമാണ ഇന്ത്യ-ചൈന വിമാന സർവ്വീസുകൾ നിർത്തലാക്കിയത്.
