മുംബൈ : ഐസിസി വനിതാ ഏകദിന ലോകകപ്പിന് ഇന്ന് പുതിയ ലോക ചാംപ്യനെ ലഭിക്കും. അത് ഇന്ത്യയോ ദക്ഷിണാഫ്രിക്കയോ എന്നറിയാൻ ഇനി മണിക്കൂറുകൾ കാത്തിരുന്നാൽ മതി. മൂന്നാം തവണ കലാശപ്പോരാട്ടത്തിനിറങ്ങുന്ന ഇന്ത്യയും ചരിത്രത്തിലാദ്യമായി ഫൈനല്‍ കളിക്കുന്ന ദക്ഷിണാഫ്രക്കയും തേടുന്നത് കന്നി കിരീടം തന്നെ!
ചരിത്ര ജയത്തോടെയാണ് ഇന്ത്യന്‍ വനിതകള്‍ ഏകദിന ലോകകപ്പ് ഫൈനലിലേക്ക് ഇത്തവണ കാലൂന്നിയത്. നിലവിലെ ലോക ചാമ്പ്യന്മാരായ ഓസ്ട്രേലിയയെ സെമിയിൽ പരാജയപ്പെടുത്തിയാണ് ഇന്ത്യ മുന്നേറിയത്. ഇംഗ്ലണ്ടിനെ തകർത്താണ് ദക്ഷിണാഫ്രിക്ക ഫൈനലിൽ ഇടം നേടിയത്. ഞായറാഴ്ച വൈകീട്ട് 3 മുതല്‍ ആരംഭിക്കുന്ന കലാശപ്പോരാട്ടത്തില്‍ ടീം ദക്ഷിണാഫ്രിക്കയുമായി ഇന്ത്യ ഏറ്റുമുട്ടും.
കന്നി കിരീടം നേടിയാല്‍ ഇന്ത്യന്‍ വനിതകളുടെ സമ്മാനത്തുകയിൽ കോടികളുടെ കിലുക്കമുണ്ടാകും. 125 കോടി രൂപയാണ് ബിസിസിഐയുടെ വാഗ്ദാനമെന്നാണ് റിപ്പോര്‍ട്ടുകള്‍. ട്വൻ്റി20 ലോകകപ്പ് വിജയത്തിൽ പുരുഷ ടീമിനു ബിസിസിഐ 125 കോടി രൂപ സമ്മാനം നല്‍കിയിരുന്നത് ചൂണ്ടിക്കാട്ടിയാണോ ഊഹാപോഹം എന്നതും സംശയിക്കാം. തുല്യ സമ്മാനത്തുക എന്നതാണ് ബിസിസിഐ നയമെന്നതിനാൽ വനിതകള്‍ ലോകകപ്പ് ജയിച്ചാല്‍ സ്വാഭാവികമായി അവര്‍ക്കും ഇത് പ്രതീക്ഷിക്കാം. 2017ലെ ലോകകപ്പ് ഫൈനലില്‍ ഇന്ത്യ ഇംഗ്ലണ്ടിനോടു പരാജയപ്പെട്ടിരുന്നു. 9 റണ്‍സിനാണ് ടീം പൊരുതി വീണത്. അന്ന് ടീമിലെ ഓരോ അംഗത്തിനും 50 ലക്ഷം രൂപ വീതമാണ് ബിസിസിഐ സമ്മാനമായി നല്‍കിയത്. സപ്പോര്‍ട്ട് സ്റ്റാഫുകള്‍ക്കും സമാനമായി തന്നെ സമ്മാനത്തുക ലഭിച്ചു.
