മുംബൈ : ഇന്ത്യൻ വനിതാ ക്രിക്കറ്റിന് കൈവന്നത് പുതിയ മാനം. ഐസിസി വനിതാ ലോകകപ്പ് കിരീടം സ്വന്തമാക്കി ടീം ഇന്ത്യ പുതുചരിത്രമെഴുതി. പല തവണ ഫൈനൽ കണ്ടിട്ടും കപ്പിനായുള്ള കാത്തിരിപ്പ് തുടരേണ്ടി വന്ന വേദനയിൽ മധുരം പുരട്ടുന്നതായി ഈ വിജയം. കപ്പിൽ മുത്തമിട്ട് അവരത് ആവോളം ആസ്വദിച്ചു. വെൽഡൺ ടീം ഇന്ത്യ!

നവി മുംബൈയിലെ ഡോ. ഡി.വൈ. പാട്ടീൽ സ്റ്റേഡിയം നിറഞ്ഞൊഴുകിയ കിക്കറ്റ് ആരാധകരുടെ ആർപ്പുവിളികൾക്കിടയിൽ ഹർമൻപ്രീത് കൗറും സംഘവും നിശ്ചയദാർഢ്യത്തോടെയാണ് ദക്ഷിണാഫ്രിക്കയെ നേരിട്ടത്. വനിതാ ലോകകപ്പിലെ രണ്ടാമത്തെ വലിയ റൺ ചെയ്സിന് ദക്ഷിണാഫ്രിക്കയെ കളത്തിലിറക്കിയ ഇന്ത്യൻ വനിതകൾ 52 റൺസിനാണ് വിജയം നേടിയത്.
2005 – ലും 2017- ലും കൈവിട്ട കപ്പാണ് ഇന്ത്യ 2025-ൽ കൈപ്പിടിയിലൊരുക്കിയത്. സെമി ഫൈനലിൽ ഓസ്ട്രേലിയയെ തകർത്ത് മുന്നേറാൻ ആയതുതന്നെ ഇന്ത്യൻ ടീമിൻ്റെ ശരീരഭാഷയിൽ ആത്മവിശ്വാസത്തിൻ്റെ പ്രസരിപ്പുണർത്തിയിരുന്നു. ഷഫാലി വർമ്മ നൽകിയ ഗംഭീര തുടക്കവും ദീപ്തി ശർമ്മയുടെ ബൗളിംഗ് മികവും ഇന്ത്യയുടെ കന്നി ഐസിസി കിരീടം നേട്ടത്തിൽ നിർണ്ണായകമായി. ന്യൂസിലൻഡ്, ഓസ്‌ട്രേലിയ, ഇംഗ്ലണ്ട് എന്നിവരോടൊപ്പം ഏകദിന ലോക ചാമ്പ്യന്മാരായി.
അവസാന വിക്കറ്റ് വീണപ്പോൾ, മൈതാനം ശുദ്ധമായ വികാരത്താൽ പൊട്ടിത്തെറിച്ചു. ഹർമൻപ്രീത് കൗർ വിജയാഹ്ലാദത്തോടെ ആർത്തുവിളിച്ചു, അവളുടെ കണ്ണുകളിൽ കണ്ണുനീർ തിളങ്ങി – രണ്ട് പതിറ്റാണ്ടുകളുടെ പൂർത്തീകരിക്കപ്പെടാത്ത സ്വപ്നങ്ങളെ പ്രതിധ്വനിക്കുന്ന ഒരു നിലവിളി. 2023 ലെ ഫൈനലിൽ ഹൃദയഭേദകമായ വേദന അനുഭവിച്ച രോഹിത് ശർമ്മ സ്റ്റാൻഡുകളിൽ എഴുന്നേറ്റു നിന്ന് കൈയടിച്ചു – രാജ്യത്തിന്റെ അഭിമാനവും ആശ്വാസവും സന്തോഷവും എല്ലാം ഒരേസമയം പകർത്തിയ ഒരു ആംഗ്യമാണിത്.
ആദ്യം ബാറ്റ് ചെയ്ത ഇന്ത്യ ഏഴ് വിക്കറ്റ് നഷ്ടത്തിൽ 298 റൺസാണ് നേടിയത്. സ്മൃതി മന്ദാനയും ഷഫാലി വർമ്മയും 17.4 ഓവറിൽ 104 റൺസിന്റെ കൂട്ടുകെട്ടോടെ ഇന്നിംഗ്സിന് മികച്ച അടിത്തറ പാകി. 49 പന്തുകളിൽ അർദ്ധസെഞ്ച്വറി തികച്ച ഷഫാലി ലോകകപ്പിലെ തന്റെ ഏറ്റവും ഉയർന്ന വ്യക്തിഗത സ്കോർ കണ്ടെത്തി. പരിക്കിനെത്തുടർന്ന് വിട്ടുനിന്ന ശേഷം നോക്കൗട്ട് ഘട്ടത്തിൽ തിരിച്ചെത്തിയാണ് ഷെഫാലിയുടെ പ്രകടനം എന്നതും ശ്രദ്ധേയം. മറുവശത്ത്, ജാഗ്രതയോടെ തുടങ്ങിയ മന്ദാന പതുക്കെ താളം കണ്ടെത്തി. 58 പന്തുകളിൽ നിന്ന് 45 റൺസാണ് മന്ദാനയുടെ സംഭാവന. ദീപ്തി ശർമ 58 റൺസും റിച്ചാ ഘോഷ് 34 റൺസും നേടി.
299 റൺസ് വിജയലക്ഷ്യം പിന്തുടർന്ന ദക്ഷിണാഫ്രിക്കയ്ക്ക് വേണ്ടി ലോറ വോൾഫാർട്ട് സെഞ്ചുറി നേടി. എന്നാൽ ഫൈനലിലെ സമ്മർദ്ദം ദക്ഷിണാഫ്രിക്കൻ ബാറ്റിംഗിനെ ബാധിച്ചു. അർദ്ധസെഞ്ചുറി നേടിയ ദീപ്തിയുടെ 5 വിക്കറ്റ് പ്രകടനവും കിരീട നേട്ടത്തിന് മിഴിവേകി.. മഴയിൽ വൈകി തുടങ്ങിയ കലാശ പോരാട്ടം കാണാൻ പാതിരാത്രി വരെ കാത്തിരുന്ന ആരാധകരുടെ മനം നിറയ്ക്കുന്നതായി ഈ ലോകകപ്പ് വിജയം.
ഇന്ത്യൻ ക്രിക്കറ്റിനെ ലോകത്തിന്റെ നെറുകയിലെത്തിച്ച കപിൽ ദേവ്, ധോണി, രോഹിത് ശർമ എന്നിവർക്ക് ശേഷം ഈ നേട്ടം കൈവരിക്കുന്ന ക്യാപ്റ്റനാണ് ഹർമൻപ്രീത് കൗർ. 2005ലും 2017ലും മിഥാലി രാജിന്റെ നേതൃത്വത്തിലുള്ള ഇന്ത്യൻ സംഘം ലോകകപ്പ് കിരീടം കയ്യകലത്തിലാണ നഷ്ടപ്പെട്ടത്.
അവിശ്വസനീയ നിമിഷങ്ങളിലൂടെയാണ് ഞായാറാഴ്ച രാത്രി നവി മുബൈ കടന്നുപോയത്. ആ നിമിഷങ്ങളുടെ പരിസമാപ്തിയിൽ മതിമറന്ന് ആഘോഷിച്ചു ഇന്ത്യൻ ആരാധകരും. മിതാലി രാജിന്റെയും ജുലൻ ഗോസ്വാമിയുടെയും അഞ്ജും ചോപ്രയുടെയും ഹൃദയം എത്രത്തോളം മിടിച്ചിട്ടുണ്ടാവണം, തങ്ങൾക്ക് കഴിയാതെ പോയത് ഹർമൻപ്രീത് കൌറും സംഘവും കൈയ്യെത്തി പിടിച്ചതു കണ്ട് ആഹ്ലാദം കൊണ്ടിരിക്കും!
