ന്യൂഡൽഹി : ഐസിസി വനിതാ ക്രിക്കറ്റ് ലോകകപ്പ് കിരീടം നേടിയ ഇന്ത്യൻ ടീമിന് ആദരവ് നൽകി പ്രധാനമന്ത്രി നരേന്ദ്ര മോദി. ന്യൂഡൽഹിയിലെ പ്രധാനമന്ത്രിയുടെ ഔദ്യോഗിക വസതിയിലായിരുന്നു സ്വീകരണം.

ഹർമൻപ്രീത് കൗറിൻ്റെ ക്യാപ്റ്റൻസിയിൽ കഴിഞ്ഞ ഞായറാഴ്ച നടന്ന ഫൈനലിൽ ദക്ഷിണാഫ്രിക്കയെ 52 റൺസിന് പരാജയപ്പെടുത്തിയാണ് ഇന്ത്യൻ ടീം ആദ്യമായി വനിതാ ലോകകപ്പ് കിരീടം സ്വന്തമാക്കിയത്.
2023-ലെ പുരുഷ ലോകകപ്പ് ഫൈനലിൽ നിന്ന് വ്യത്യസ്തമായി പ്രധാനമന്ത്രി ഫൈനൽ വേദിയിൽ ഉണ്ടായിരുന്നില്ലെങ്കിലും, ചരിത്ര വിജയത്തിൽ അദ്ദേഹം സന്തോഷം പ്രകടിപ്പിക്കുകയും ഹർമൻപ്രീത് കൗറിനും ടീമിനും ഹൃദയസ്പർശിയായ അഭിനന്ദന സന്ദേശം നൽകുകയും ചെയ്തിരുന്നു

ലോക് കല്യാൺ മാർഗ് 7-ലെ പ്രധാനമന്ത്രിയുടെ വസതിയിൽ വൈകുന്നേരം 6 മണിയോടെ ആരംഭിച്ച കൂടിക്കാഴ്ച രണ്ട് മണിക്കൂറോളം നീണ്ടുനിന്നു. ഹെഡ് കോച്ച് അമോൽ മസുംദാറിനൊപ്പം താരങ്ങൾ ചൊവ്വാഴ്ച വൈകുന്നേരം പ്രത്യേക വിമാനത്തിലാണ് മുംബൈയിൽ നിന്ന് ഡൽഹിയിലെത്തിയത്. ടീമിന് ഡൽഹിയിൽ ഊഷ്മളമായ സ്വീകരണമാണ് ലഭിച്ചത്. താജ് പാലസ് ഹോട്ടലിൽ താരങ്ങളെ റോസാപ്പൂ നൽകി സ്വീകരിച്ചു. തുടർന്ന് ജെമീമ റോഡ്രിഗസ്, രാധ യാദവ്, സ്നേഹ് റാണ എന്നിവർ ധോൽ മേളത്തിൻ്റെ താളത്തിനൊത്ത് നൃത്തം ചെയ്തുകൊണ്ട് വിജയം ആഘോഷിച്ചു.
