കുവൈത്ത് സിറ്റി : ഗൾഫ് പര്യടനത്തിന്റെ ഭാഗമായി മുഖ്യമന്ത്രി പിണറായി വിജയൻ ഇന്ന് കുവൈത്തിലെത്തും. 28 വർഷങ്ങൾക്ക് ശേഷമാണ് ഒരു കേരള മുഖ്യമന്ത്രി കുവൈത്ത് സന്ദർശിക്കുന്നത്. മന്ത്രി സജി ചെറിയാൻ, ചീഫ് സെക്രട്ടറിഡോ. എ ജയതിലക് തുടങ്ങിയവർ മുഖ്യമന്ത്രിയെ അനുഗമിക്കും. കുവെെത്ത് സിറ്റിയിലെത്തുന്ന മുഖ്യമന്ത്രിയെ ഇന്ത്യൻ എംബസി പ്രതിനിധികൾ, ലോക കേരളസഭ അംഗങ്ങൾ, പ്രവാസി സംഘടന നേതാക്കൾ തുടങ്ങിയവർ ചേർന്ന് സ്വീകരിക്കും.
പ്രവാസികൾക്കായി സർക്കാർ രൂപപ്പെടുത്തിയ പദ്ധതികൾ വിശദീകരിക്കുക, മലയാളി സമൂഹത്തെ നേരിൽ കാണുക എന്നിവയാണ് യാത്രയുടെ മുഖ്യലക്ഷ്യം. വെള്ളി വൈകുന്നേരം 4.30ന് മൻസൂരിയയിലെ അൽ അറബി ഇൻഡോർ സ്റ്റേഡിയത്തിൽ നടക്കുന്ന മഹാസമ്മേളനത്തിൽ മുഖ്യമന്ത്രി കുവൈത്ത് മലയാളികളെ അഭിസംബോധന ചെയ്യും. അറുപതോളം സംഘടനകൾ ചേർന്നാണ് മുഖ്യമന്ത്രിക്കായി മെഗാ വേദി ഒരുക്കുന്നത്. കുവൈറ്റിന്റെ വിവിധ ഭാഗങ്ങളിൽ നിന്ന് സ്റ്റേഡിയത്തിലേക്ക് സൗജന്യ വാഹന സൗകര്യം ഏർപ്പാടാക്കിയിട്ടുണ്ടെന്ന് സംഘാടകർ പറഞ്ഞു.
ബഹ്റൈൻ, ഒമാൻ, ഖത്തർ എന്നീ രാജ്യങ്ങളിലെ സന്ദർശനങ്ങൾ പൂർത്തീകരിച്ച ശേഷമാണ് മുഖ്യമന്ത്രി കുവൈത്തിലെത്തുന്നത്. ഇന്ന് കുവൈറ്റിൽ എത്തുന്ന മുഖ്യമന്ത്രിക്ക് ചില വ്യക്തിഗത സന്ദർശനങ്ങളും ഏതാനും ചില ഔദ്യോഗിക പരിപാടികളുമാണുള്ളത്.
കുവൈത്തിൽ നിന്ന് യുഎഇയിലേക്ക് യാത്ര തിരിക്കുന്ന മുഖ്യമന്ത്രി ശനി, ഞായർ ദിവസങ്ങളിൽ യുഎഇയിലെ വിവിധ പരിപാടികളിൽ പങ്കെടുക്കും. സൗദി സന്ദർശനവും ആസൂത്രണത്തിലുണ്ടായിരുന്നെങ്കിലും കേന്ദ്ര അനുമതി ലഭിക്കാത്തതിനെ തുടർന്ന് ഒഴിവാക്കി. മുൻപ് പലതവണ കുവൈത്ത് സന്ദർശിച്ചിട്ടുണ്ടെങ്കിലും മുഖ്യമന്ത്രി പദം ഏറ്റെടുത്തശേഷം ആദ്യമായാണ് പിണറായി വിജയൻ കുവൈത്തിൽ എത്തുന്നത്
