കൊച്ചി : അമരത്തിലെ അച്ചൂട്ടി വീണ്ടും അഭ്രപാളിയിലെത്തുന്നു. മമ്മൂട്ടി, മുരളി എന്നീ അതുല്യരായ അഭിനയ പ്രതിഭകളെ പ്രധാന കഥാപാത്രങ്ങളാക്കി ലോഹിതദാസിന്റെ തിരക്കഥയില്‍ മലയാളത്തിന്റെ സംവിധായക പ്രതിഭ ഭരതന് ഒരുക്കിയ ചിത്രമാണ് അമരം. വിഖ്യാത ഛായാഗ്രാഹകന്‍ മധു അമ്പാട്ടിന്റെ ക്യാമറക്കണ്ണിലൂടെ മലയാളികള്‍ കണ്ട ഒരു ദൃശ്യകാവ്യം. 34 വര്‍ഷങ്ങള്‍ക്കു ശേഷമാണ് അമരം 4 കെ മികവില്‍ മികച്ച ദൃശ്യവിരുന്നോടെ തിയറ്ററുകളില്‍ എത്തുന്നത്.
മമ്മൂട്ടിയുടെ ഏറ്റവും ശ്രദ്ധേയമായ പത്ത് കഥാപാത്രങ്ങളില്‍ ഒന്നാണ് അമരത്തിലെ അച്ചൂട്ടി. മലയാളത്തിലെ ക്ലാസിക്ക് ചി്ത്രങ്ങളുടെ പട്ടികയില്‍ ഇടം നേടിയ ചിത്രവുമാണിത്. പുതിയ തലമുറയ്ക്ക് പുത്തന്‍ ദൃശ്യവിരുന്നുമായി നവംബർ ഏഴിന് ചിത്രം തീയറ്ററുകളിൽ എത്തും. മമ്മൂട്ടിയ്ക്കും മുരളിയ്ക്കും പുറമെ മാതു, . അശോകൻ, കെ പി എ സി ലളിത, ചിത്ര, കുതിരവട്ടം പപ്പു, ബാലന് കെ നായര്‍, സൈനുദ്ദീന്‍ എന്നിവരും അമരത്തില്‍ ശ്രദ്ധേയ കഥാപാത്രങ്ങളെ അവതരിപ്പിച്ചിട്ടുണ്ട്.
കൈതപ്രം ദാമോദരന്‍ നമ്പൂതിരി വരികളെഴുതി രവീന്ദ്രന് മാഷ് സംഗീതം നല്കിയ നാല് ഗാനങ്ങളാണ് ചിത്രത്തിലുള്ളത്. യേശുദാസ്, ചിത്ര, ലതിക എന്നിവർ ആലപിച്ചിട്ടുള്ള ഗാനങ്ങളെല്ലാം ‘ഹിറ്റ്’ നിരയിൽ സ്ഥാനം പിടിച്ചിട്ടുള്ളവയാണ്.
