തിരുവനന്തപുരം: വിദ്യാഭ്യാസ വകുപ്പിന്റെ ചടങ്ങുകളിലും സ്‌കൂളുകളിലും പൊതുവായ സ്വാഗതഗാനം എന്ന ആശയം മുന്നോട്ട് വെച്ച് വിദ്യാഭ്യാസ മന്ത്രി വി. ശിവൻകുട്ടി. ജനാധിപത്യ, മതനിരപേക്ഷ, ശാസ്ത്രചിന്തയുള്ള, ഭരണഘടനാ മൂല്യങ്ങള്‍ ഉയര്‍ത്തിപ്പിടിക്കുന്ന ഒന്നാകണം സ്വാഗതഗാനമെന്നും വിദ്യാഭ്യാസ മന്ത്രി ആഗ്രഹം പ്രകടിപ്പിച്ചു. ഫെയ്‌സ്ബുക്കിലൂടെയാണ് മന്ത്രി തൻ്റെ ആശയം പൊതുജനാഭിപ്രായത്തിനായി പങ്കുവെച്ചത്.
ഫെയ്സ്ബുക്ക് പോസ്റ്റിൻ്റെ പൂർണ്ണരൂപം:
പൊതുവിദ്യാഭ്യാസ വകുപ്പ് പഠന പ്രവർത്തനങ്ങളുടെ ഭാഗമായി വിവിധ ചടങ്ങുകൾ സംഘടിപ്പിക്കുന്നുണ്ട്. ആ ചടങ്ങുകളിൽ ഒരു പൊതുവായ സ്വാഗതഗാനം വേണ്ടേ?
അത് ജനാധിപത്യ, മതനിരപേക്ഷ, ശാസ്ത്രചിന്തയുള്ള, ഭരണഘടനാ മൂല്യങ്ങൾ ഉയർത്തിപ്പിടിക്കുന്ന ഒന്നാകണം. അങ്ങിനെ ഒന്ന് ഉണ്ടാക്കുന്നതിനെ കുറിച്ചുള്ള ഒരു ചർച്ച ഇവിടെ തുടങ്ങിവെയ്ക്കുകയാണ്. ഒപ്പം സ്‌കൂളുകളിലും ഇക്കാര്യം നടപ്പാക്കുന്ന കാര്യം പരിഗണിക്കാവുന്നതാണ്. ഇക്കാര്യത്തിൽ പൊതുജനങ്ങളുടെ അഭിപ്രായം തേടുന്നു.
