അഹമ്മദാബാദ് : തെരുവുനായകളോടുള്ള ഭാര്യയുടെ സ്നേഹം കാരണം തൻ്റെ ദാമ്പത്യബന്ധം തകർന്നെന്നും ഭാര്യയുടെ പ്രവർത്തികൾ തന്നോടുള്ള ക്രൂരതയാണെന്നും ആരോപിച്ച് ഹൈക്കോടതിയിൽ വിവാഹമോചനഹർജി നൽകി അഹമ്മദാബാദ് സ്വദേശി. ഫാമിലി കോടതി തള്ളിയ ഉത്തരവിനെ ചോദ്യം ചെയ്തുകൊണ്ടാണ് 41-കാരനായ ഇയാൾ ഹൈക്കോടതിയെ സമീപിച്ചത്. 2006 -ലാണ് ഇവർ വിവാഹിതരായത്.
തെരുവുനായകളെ വീട്ടിലേക്ക് കൊണ്ടുവരുന്ന ഭാര്യയുടെ ശീലം തനിക്ക് വലിയ ശാരീരികവും മാനസികവുമായ ദുരിതമുണ്ടാക്കുന്നുവെന്നാണ് ആരോപണം. നായകളിലൊന്ന് തങ്ങളുടെ കിടക്കയിൽ കിടക്കാറുണ്ടെന്നും താൻ ഭാര്യയെ സമീപിക്കുമ്പോഴെല്ലാം നായ കുരച്ച് ചാടാറുണ്ടെന്നും ഒരിക്കൽ തന്നെ കടിച്ചുവെന്നും ഹർജിയിൽ പറയുന്നു. ആവർത്തിച്ചുള്ള എതിർപ്പുകൾ വകവെയ്ക്കാതെ നായയെ വീട്ടിൽ നിന്ന് മാറ്റാൻ ഭാര്യ വിസമ്മതിച്ചതായും ഇയാൾ പറയുന്നു.
ഭാര്യ ഒരു മൃഗക്ഷേമ ഗ്രൂപ്പിൽ ചേരുകയും മൃഗങ്ങളോടുള്ള ക്രൂരതയുടെ പേരിൽ മറ്റുള്ളവർക്കെതിരെ പരാതി നൽകാൻ തുടങ്ങുകയും ചെയ്തതോടെ സാഹചര്യം വഷളായി. ഇത് തന്നെ ഭീഷണിപ്പെടുത്താനാണ് ചെയ്തതെന്നും ഭർത്താവ് ആരോപിച്ചു. സമ്മർദ്ദം താങ്ങാനാവാതെ തനിക്ക് പ്രമേഹവും ഉദ്ധാരണക്കുറവും ഉണ്ടായിയെന്നും ഭാര്യ പിന്നീട് ഇതിനെ പരിഹസിച്ചതായും ഇയാൾ അവകാശപ്പെട്ടു.
ഭാര്യയുടെ ജന്മദിനത്തിൽ, ‘ജെന്നി’ എന്ന പേരിൽ ഒരു സ്ത്രീ തന്നെ ഫോണിൽ വിളിച്ച് താനുമായി ബന്ധമുണ്ടെന്ന് പറയുന്ന ഒരു “റേഡിയോ പ്രാങ്ക്” അവൾ ഏർപ്പെടുത്തി. ഇത് അവിഹിത ബന്ധം സൂചിപ്പിച്ചപ്പോൾ താൻ ഞെട്ടിപ്പോയെന്നും, പിന്നീട് ഭാര്യ അത് ഏപ്രിൽ ഫൂൾ തമാശയാണെന്ന് വെളിപ്പെടുത്തിയെന്നും ഭർത്താവ് പറഞ്ഞു. താൻ അവളെ ഉപേക്ഷിക്കാൻ ശ്രമിച്ചാൽ സ്ത്രീധന പീഡനത്തിന് കള്ളക്കേസ് കൊടുക്കുമെന്ന് അവൾ ഭീഷണിപ്പെടുത്തിയതായും ഇയാൾ കൂട്ടിച്ചേർത്തു.
അതേസമയം, ഭാര്യ ഈ ആരോപണങ്ങളെല്ലാം നിഷേധിക്കുകയും വിവാഹമോചനം നേടുന്നതിനായി ഭർത്താവ് കെട്ടിച്ചമച്ച കഥകളാണിതെന്നും വാദിച്ചു. മാട്രീമോണിയൽ നിയമപ്രകാരം ‘ക്രൂരത’യുടെ പരിധിയിൽ ഭർത്താവിൻ്റെ ആരോപണങ്ങൾ വരുന്നില്ലെന്ന് ചൂണ്ടിക്കാട്ടി അഹമ്മദാബാദ് ഫാമിലി കോടതി നേരത്തെ ഹർജി തള്ളിയിരുന്നു. ആ ഉത്തരവിനെ ചോദ്യം ചെയ്താണ് ഇയാൾ ഹൈക്കോടതിയെ സമീപിച്ചത്. ഇരുവർക്കുമിടയിൽ ഒത്തുതീർപ്പിന് സാദ്ധ്യതയുണ്ടോ എന്ന് ഹൈക്കോടതി ഇപ്പോൾ ആരാഞ്ഞിട്ടുണ്ട്. ഇരുപക്ഷത്തെയും വാദം കേട്ട ശേഷം കേസ് ഡിസംബർ 1 ലേക്ക് കൂടുതൽ നടപടികൾക്കായി മാറ്റി.
