പത്തനംതിട്ട : ശബരിമല തീർത്ഥാടനവുമായി എത്തുന്ന ഭക്തർക്ക് യാത്രയ്ക്കിടെ ശരണപാതയിൽ അപകടമോ വാഹനത്തിനു എന്തെങ്കിലും തകരാർ സംഭവിക്കുകയോ മറ്റെന്തെങ്കിലും അടിയന്തിര സാഹചര്യമുണ്ടാകുകയോ ചെയ്താൽ സഹായത്തിനായി മോട്ടോർ വാഹന വകുപ്പിനെ (എം.വി.ഡി) വിളിക്കാം. 24 മണിക്കൂറും പ്രവർത്തിക്കുന്ന ശബരിമല സേഫ് സോൺ ഹെൽപ് ലൈൻ നമ്പറുകൾ മോട്ടോർ വാഹന വകുപ്പ് ആരംഭിച്ചു.
ഇലവുങ്കൽ, എരുമേലി, കുട്ടിക്കാനം എന്നിവിടങ്ങളിൽ പ്രവർത്തിക്കുന്ന എം.വി.ഡി കൺട്രോൾ റൂമുകളിൽ നിന്നും ഏതു സമയത്തും അടിയന്തിര സഹായം ലഭ്യമാകും. എല്ലാ പ്രധാന വാഹന നിർമ്മാതാക്കളുടെയും ബ്രേക്ക്ഡൗൺ അസിസ്റ്റൻസ്, ക്രെയിൻ റിക്കവറി, ആംബുലൻസ് എന്നീ സഹായങ്ങൾ എപ്പോഴും ലഭ്യമാകും.
ശബരിമല സേഫ് സോൺ കൺട്രോൾ റൂം നമ്പറുകൾ
ഇലവുങ്കൽ : 9400044991, 9562318181. എരുമേലി : 9496367974, 8547639173. കുട്ടിക്കാനം : 9446037100, 8547639176.
അതേസമയം, ശബരിമലയിലെ സ്‌പോട്ട് ബുക്കിങ് നിലവിൽ 5000 എന്നത് ഓരോ ദിവസത്തേയും തിരക്കനുസരിച്ച് മാറ്റം വരുത്താൻ ഹൈക്കോടതി അനുമതി നൽകി. ഇത് അനുസരിച്ച് ഓരോ ദിവസത്തെയും തിരക്കനുസരിച്ച് സ്‌പോട്ട് ബുക്കിങ്ങിന്റെ എണ്ണം കൂട്ടാനും ശബരിമലയിൽ സുഗമമായ തീർത്ഥാടനത്തിന് സൗകര്യങ്ങൾ ഉറപ്പാക്കാനും പമ്പയിൽ ചേർന്ന അവലോകനയോഗം തീരുമാനിച്ചു.
വൃശ്ചികമാസം ആരംഭിച്ച് ഇതുവരെ അഞ്ചേമുക്കാൽ ലക്ഷം ഭക്തരാണ് ഈ മണ്ഡലകാലത്ത് സന്നിധാനത്തെത്തിയത്. സീസണിലെ ഏഴാം ദിവസമായ ശനിയാഴ്ച വൈകിട്ട് ഏഴു വരെ 72845 പേർ മല ചവിട്ടി. തിരക്ക് നിയന്ത്രിക്കാൻ പ്രത്യേക സംവിധാനങ്ങൾ ഏർപ്പെടുത്തിയിട്ടുണ്ട്. സുരക്ഷയ്ക്കായി റാപ്പിഡ് ആക്ഷന്‍ ഫോഴ്‌സ് (ആര്‍എഎഫ്) സംഘവും എത്തിയിട്ടുണ്ട്. സിആര്‍പിഎഫിന്റെ കോയമ്പത്തൂര്‍ ബേസ് ക്യാമ്പില്‍ നിന്നുള്ള സംഘമാണ് എത്തിയത്.
