ന്യൂഡൽഹി : ചൈനയിലെ ഷാങ്ഹായ് വിമാനത്താവളത്തിൽ അരുണാചൽ പ്രദേശിൽനിന്നുള്ള ഒരു ഇന്ത്യൻ വനിതയ്ക്കുണ്ടായ ദുരനുഭവം ഇരുരാജ്യങ്ങളും തമ്മിലുള്ള നയതന്ത്ര സംഘർഷങ്ങൾക്ക് വീണ്ടും വഴിവെയ്ക്കുകയാണെന്ന് വേണം കരുതാൻ. സംഭവത്തോട് പ്രതികരിച്ച ചൈന ആരോപണം നിഷേധിക്കുകയും അരുണാചൽ പ്രദേശിൽ തങ്ങളുടെ അവകാശ വാദം ആവർത്തിക്കുകയും ചെയ്യുകയാണുണ്ടായത്. എന്നാൽ, ചൈനയുടെ അവകാശവാദങ്ങൾ സത്യത്തെ മാറ്റില്ലെന്നും അരുണാചൽ പ്രദേശ് ഇന്ത്യയുടെ അവിഭാജ്യ ഭാഗമാണെന്നും ഇന്ത്യ അസന്ദിഗ്ദമായി മറുപടി നൽകി.
അരുണാചൽപ്രദേശിന് മേൽ അവകാശവാദമുന്നയിച്ചാണ് ചൈന ഷാങ്ഹായ് വിമാനത്താവളത്തിൽ 18 മണിക്കൂർ തന്നെ തടഞ്ഞു വെച്ചതെന്ന് അരുണാചൽ പ്രദേശ് സ്വദേശി പ്രേമ വാങ്ജോം തോങ്‌ഡോക്കിൻ്റെ ആരോപണമാണ് പുതിയ വിവാദത്തിന് വഴിവെച്ചിരിയ്ക്കുന്നത്. ഏകദേശം ഒരു ദിവസം മുഴുവൻ തനിക്ക് ഭക്ഷണമൊന്നും ലഭിച്ചില്ലെന്നും ഇമിഗ്രേഷൻ ഡെസ്കിനും ടോയ്‌ലറ്റിനും സമീപമുള്ള തന്റെ സീറ്റിനിടയിൽ മാത്രമെ നീങ്ങാൻ അനുവാദമുണ്ടായിരുന്നുള്ളൂ എന്നുമാണ് യുവതി വ്യക്തമാക്കിയിരുന്നത്. ചൈനീസ് പാസ്‌പോർട്ടിന് അപേക്ഷിക്കാത്തത് എന്തുകൊണ്ടാണെന്ന് ഒരു ഉദ്യോഗസ്ഥൻ തന്നോട് ചോദിച്ചത് ഏറെ ആശയക്കുഴപ്പമുണ്ടാക്കിയതായും അവർ പറഞ്ഞിരുന്നു. ‘
സാധുവായ പാസ്‌പോർട്ട് കൈവശം വെച്ച് ഷാങ്ഹായ് അന്താരാഷ്ട്ര വിമാനത്താവളം വഴി ജപ്പാനിലേക്കുള്ള യാത്രാമധ്യേ അരുണാചൽ പ്രദേശിൽ നിന്നുള്ള ഒരു ഇന്ത്യൻ പൗരനെ ഏകപക്ഷീയമായി കസ്റ്റഡിയിലെടുത്തതിനെക്കുറിച്ചുള്ള ചൈനീസ് വിദേശകാര്യ മന്ത്രാലയത്തിന്റെ പ്രസ്താവന ശ്രദ്ധയിൽപ്പെട്ടതായി സ്ഥിരീകരിച്ച ഇന്ത്യൻ വിദേശകാര്യ മന്ത്രാലയ വക്താവ് രൺധീർ ജയ്‌സ്വാൾ, അരുണാചൽ പ്രദേശ് ഇന്ത്യയുടെ അവിഭാജ്യവുമായ ഭാഗമാണെന്ന് തറപ്പിച്ച് വ്യക്തമാക്കി. ചൈനീസ് പക്ഷത്തിന്റെ നിഷേധം ഈ കടുത്ത യാഥാർത്ഥ്യത്തെ മാറ്റില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. സ്ത്രീയുടെ തടങ്കൽ വിഷയം ചൈനീസ് പക്ഷത്ത് ശക്തമായി ഉന്നയിച്ചിട്ടുണ്ടെന്നും അന്താരാഷ്ട്ര വിമാന യാത്രയെ നിയന്ത്രിക്കുന്ന നിരവധി നിയന്ത്രണങ്ങൾ ലംഘിക്കുന്ന അവരുടെ നടപടികൾക്ക് ചൈനീസ് അധികാരികൾ ഇതുവരെ വിശദീകരണം നൽകിയിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു. എല്ലാ രാജ്യങ്ങളിലേയും പൗരന്മാർക്ക് 24 മണിക്കൂർ വിസ രഹിത യാത്ര അനുവദിക്കുന്ന സ്വന്തം നിയന്ത്രണങ്ങളും ചൈനീസ് അധികാരികളുടെ നടപടികൾ ലംഘിക്കുന്നുവെന്നും രൺധീർ ജയ്‌സ്വാൾ ചൂണ്ടിക്കാട്ടി.
