വാഷിങ്ടൺ : യുഎസ് പ്രസിഡൻ്റിൻ്റെ ഔദ്യോഗികവസതിയായ വൈറ്റ് ഹൗസിന് സമീപം വെടിവെപ്പ്. സംഭവത്തിൽ 2 സൈനികർ കൊല്ലപ്പെട്ടു. നാഷനൽ ഗാർഡ്സ് അംഗങ്ങളായ പശ്ചിമ വിർജീനിയ സ്വദേശികളാണ് കൊല്ലപ്പെട്ടത്. അക്രമിയെന്നു സംശയിക്കുന്നയാളെ കസ്റ്റഡിയിലെടുത്തതായി പോലീസ് അറിയിച്ചു. വെടിവെയ്പ്പിൽ ഇയാൾക്കും പരിക്കേറ്റിട്ടുണ്ട്. അക്രമത്തിൽ പ്രസിഡൻ്റ് ട്രംപ് ശക്തമായ നടപടിക്ക് വആഹ്വാനം ചെയ്യുകയും അക്രമിയ്ക്ക് പരിക്കേറ്റതായി സ്ഥിരീകരിക്കുകയും ചെയ്തു. സംഭവത്തെത്തുടർന്ന് വൈറ്റ് ഹൗസ് അടച്ചിട്ടു.
ഇന്ത്യൻ സമയം പുലർച്ചെ ഒരു മണിയോടെയാണ് സംഭവം. വെടിവയ്പ്പിന് പിന്നാലെ വൈറ്റ് ഹൗസ് അടക്കുകയും പ്രദേശത്ത് സുരക്ഷ ശക്തമാക്കുകയും ചെയ്തു. വെടിവെയ്പ് നടക്കുമ്പോൾ ഡൊണൾഡ് ട്രംപ് ഫ്ലോറിഡയിൽ അദ്ദേഹത്തിൻ്റെ വെസ്റ്റ് പാം ബീച്ച് ഗോൾഫ് ക്ലബ്ബിലായിരുന്നു. വൈറ്റ് ഹൗസ് ജീവനക്കാർ പ്രവർത്തിക്കുന്ന ഐസൻഹോവർ എക്സിക്യൂട്ടീവ് ഓഫീസ് ബിൽഡിങ്ങിന് അടുത്തായിരുന്നു വെടിവയ്പ്പ്.
പ്രധാന ട്രഷറി കെട്ടിടത്തിലും ഫ്രീഡ്മാൻസ് ബാങ്ക് ബിൽഡിങ്ങിലും സുരക്ഷാ നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയതായി സർക്കാർ വൃത്തങ്ങൾ അറിയിച്ചു. നാഷനല്‍ ഗാര്‍ഡ് സൈനികരുടെ മരണം പശ്ചിമ വിർജീനിയ ഗവർണർ പാട്രിക് മോറിസി സ്ഥിരീകരിച്ചു. | |
“വാഷിങ്ടൻ ഡിസിയിൽ വെടിയേറ്റ പശ്ചിമ വിർജീനിയ നാഷണൽ ഗാർഡിലെ രണ്ട് അംഗങ്ങളും ഗുരുതര പരിക്കുകളെ തുടർന്ന് മരിച്ചുവെന്ന് അതിയായ ദുഃഖത്തോടെ സ്ഥിരീകരിക്കുന്നു. പശ്ചിമ വിർജീനിയ സ്വദേശികളായ ഈ ധീര സൈനികർക്ക് രാജ്യസേവനത്തിനിടെയാണ് ജീവൻ നഷ്ടമായത്. ഇവരുടെ കുടുംബാംഗങ്ങളുടെയും പ്രിയപ്പെട്ടവരുടെയും നാഷനല്‍ ഗാര്‍ഡുകളുടെയും ദുഃഖത്തിൽ പങ്കുചേരുന്നു.” – പാട്രിക് മോറിസി സമൂഹമാധ്യമത്തിൽ കുറിച്ചു.
