തിരുവനന്തപുരം: രാഹുല്‍ മാങ്കൂട്ടത്തില്‍ എംഎല്‍എയ്ക്കെതിരെ പരാതി നല്കിയ യുവതിയിൽ നിന്നും മൊഴിയെടുത്ത് പോലീസ്. വ്യാഴാഴ്ച വൈകീട്ട് ആരംഭിച്ച മൊഴിയെടുക്കല്‍ ഒന്നരമണിക്കൂർ നീണ്ടുനിന്നു. വ്യാഴാഴ്ച മുഖ്യമന്ത്രിയെ ഓഫീസിലെത്തി നേരിട്ടു കണ്ടാണ് പെണ്‍കുട്ടി രാഹുലിനെതിരെ പരാതി നല്‍കിയത്. തുടര്‍ന്ന് പരാതി പോലീസിന് കൈമാറുകയായിരുന്നു. .
തിരുവനന്തപുരം റൂറല്‍ എസ്പി കെ.എസ്. സുദര്‍ശനനാണ് അന്വേഷണച്ചുമതല. യുവതിയുടെ വിശദമായ മൊഴി രേഖപ്പെടുത്തിയശേഷം പോലീസ് എഫ്ഐആര്‍ രജിസ്റ്റര്‍ ചെയ്യും. അതേസമയം, പോലീസ് എഫ്ഐആര്‍ രജിസ്റ്റര്‍ ചെയ്താലുടന്‍ മുന്‍കൂര്‍ ജാമ്യംതേടി കോടതിയെ സമീപിക്കാനാണ് രാഹുലിന്റെ നീക്കം. ഇതിനായി അഭിഭാഷകരുമായി കൂടിയാലോചന നടത്തിയെന്നാണ് വിവരം.
അതിനിടെ, പരാതിക്കാരിയുടേതെന്ന് കരുതുന്ന പുതിയ ശബ്ദരേഖയും വ്യാഴാഴ്ച പുറത്തുവന്നിട്ടുണ്ട്. രാഹുല്‍ മാങ്കൂട്ടത്തില്‍ നിര്‍ബ്ബന്ധിച്ച് ഗര്‍ഭഛിദ്രത്തിന് മരുന്ന് നല്‍കിയെന്നും ഇതേത്തുടര്‍ന്ന് മൂന്നുദിവസംരക്തസ്രാവമുണ്ടായെന്നും ശബ്ദരേഖയില്‍ പറയുന്നു.
ഉപതെരഞ്ഞെടുപ്പ് പ്രചാരണത്തിന് നിലമ്പൂരിലെത്തിയപ്പോള്‍ വീഡിയോകോള്‍ വഴി വിളിച്ചാണ് രാഹുല്‍ നിർബ്ബന്ധിപ്പിച്ച് മരുന്ന് കഴിപ്പിച്ചത്. രക്തസ്രാവമുണ്ടായി അവശനിലയിലായതോടെ വൈദ്യസഹായം തേടി. ഡോക്ടറുടെ നിര്‍ദ്ദേശമില്ലാതെ ഇത്തരം മരുന്ന് കഴിച്ചതിന് ഡോക്ടര്‍ ശകാരിച്ചെന്നും ജീവന് തന്നെ അപായത്തിലായേനെ എന്ന് ഡോക്ടര്‍ പറഞ്ഞെന്നും പ്രചരിക്കുന്ന ശബ്ദരേഖയിലുണ്ട്.
