ഗൾഫ് രാജ്യങ്ങളിൽ കുറ്റകൃത്യങ്ങൾ തടയുന്നതിൻ്റെ ഭാഗമായി പാക്കിസ്ഥാൻ പൗരന്മാർക്ക് വിസ നൽകുന്നത് നിർത്തലാക്കി യുണൈറ്റഡ് അറബ് എമിറേറ്റ്സ് (യുഎഇ) ഭിക്ഷാടന സംഘങ്ങൾ, തെരുവ് കുറ്റകൃത്യങ്ങൾ , കൊലപാതകങ്ങൾ, മയക്കുമരുന്ന് റാക്കറ്റുകൾ, അനധികൃത താമസം തുടങ്ങിയ നിരവധി സംഭവങ്ങൾ യുഎഇയിൽ റിപ്പോർട്ട് ചെയ്യപ്പെട്ടതിൻ്റെ പശ്ചാത്തലത്തിലാണ് നടപടി.
കറാച്ചി ആസ്ഥാനമായുള്ള ദിനപത്രമായ ഡോൺ ആണ് ഇക്കാര്യം റിപ്പോർട്ട് ചെയ്തത്. ഔപചാരിക നിരോധനം ഏർപ്പെടുത്തിയാൽ സ്ഥിതി കൂടുതൽ വഷളാകുമെന്ന് സെനറ്റ് ഫംഗ്ഷണൽ കമ്മിറ്റി ഓൺ ഹ്യൂമൻ റൈറ്റ്സിന്റെ യോഗം വെളിപ്പെടുത്തി.
ഈ വർഷം ആദ്യം, ദുബൈയിലെ ഒരു ബേക്കറിയിൽ വെച്ച് മതപരമായ മുദ്രാവാക്യങ്ങൾ വിളിച്ചുകൊണ്ട് ഒരു പാക്കിസ്ഥാൻ പൗരൻ നടത്തിയ ആക്രമണത്തിൽ തെലങ്കാനയിൽ നിന്നുള്ള രണ്ട് പുരുഷന്മാർ കൊല്ലപ്പെടുകയും മറ്റൊരാൾക്ക് പരിക്കേൽക്കുകയും ചെയ്തിരുന്നു.
യുഎഇയുടെ പുതിയ തീരുമാനം പാക്കിസ്ഥാൻ പൗരന്മാർക്കുള്ള ടൂറിസ്റ്റ്, വിസിറ്റ്, വർക്ക് പെർമിറ്റുകൾ ഉൾപ്പെടെ എല്ലാ വിഭാഗം വിസകളെയും ബാധിക്കും. നിലവിലുള്ള വിസകൾ കാലഹരണപ്പെടുന്നതുവരെ സാധുതയുള്ളതായി തുടരുമെങ്കിലും യുഎഇ എംബസികളിലോ അംഗീകൃത വിസ കേന്ദ്രങ്ങൾ വഴിയോ പുതിയ അപേക്ഷകൾ പ്രോസസ്സ് ചെയ്യുകയില്ല. തുടർച്ചയായ മൂന്നാം വർഷവും ലോകത്തിലെ ഏറ്റവും മോശം പാസ്‌പോർട്ടുകളുടെ പട്ടികയിൽ നാലാം സ്ഥാനത്തുള്ള പാക്കിസ്ഥാൻ പാസ്‌പോർട്ടിന്റെ മങ്ങിയ പ്രതിച്ഛായയെ ഈ നീക്കം ഏറെ ബാധിക്കും.
വിവിധ രാജ്യങ്ങളിൽ നിന്നുള്ള സംഘടിത സംഘങ്ങൾ നിയമവിരുദ്ധമായ പെരുമാറ്റത്തിൽ ഏർപ്പെടുന്നതിനായി വിസിറ്റ് വിസകളെ ചൂഷണം ചെയ്യുന്നുണ്ടെന്ന് എമിറാത്തി അധികൃതർ വീണ്ടും വീണ്ടും മുന്നറിയിപ്പ് നൽകിയിട്ടുണ്ട്, അത്തരം കേസുകളിൽ അടുത്തിടെ നടന്ന അറസ്റ്റുകളിൽ കൂടുതലും പാക്കിസ്ഥാൻ പൗരന്മാരാണ് . 8 ലക്ഷത്തിലധികം പാക്കിസ്ഥാനികളാണ് മിഡിൽ ഈസ്റ്റ് വിസയ്ക്കായി വർഷം തോറും അപേക്ഷിക്കാറുള്ളത്.
