[Photo Courtesy : BCCI/X]
റാഞ്ചി: റാഞ്ചിയിലെ ആദ്യ ഏകദിനം വിജയത്തോടെ ഗംഭീരമാക്കി ഇന്ത്യ. അവസാനം വരെ പൊരുതിനിന്ന ദക്ഷിണാഫ്രിക്കയെ 17 റൺസിനാണ് ഇന്ത്യ കീഴടക്കിയത്. ഇന്ത്യ മുന്നോട്ടു വെച്ച 350 റൺസ് വിജയലക്ഷ്യം പിന്തുടർന്ന ദക്ഷിണാഫ്രിക്ക 332 റൺസിന് ഔൾഔട്ടായി. ആദ്യ ഘട്ടത്തിൽ തകർച്ച നേരിട്ട ദക്ഷിണാഫ്രിക്കയ്ക്ക് മാത്യു ബ്രീറ്റ്സ്കെ, മാർകോ യാൻസൻ, ഡെവാൾഡ് ബ്രവിസ്, ടോണി ഡി സോർസി, കോർബിൻ ബോഷ് എന്നിവരുടെ ഇന്നിങ്സുകളാണ് തുണയായത്. ഇന്ത്യയ്ക്കുവേണ്ടി സെഞ്ചുറിയുമായി കോലി തിളങ്ങിയപ്പോൾ ക്യാപ്റ്റൻ കെ.എൽ. രാഹുലും രോഹിത് ശർമ്മയും അർദ്ധസെഞ്ചുറി നേടി.
ദക്ഷിണാഫ്രിക്കക്കെതിരെ ഇന്ത്യൻ നിരയിൽ രണ്ടാം ഓവര്‍ ബൗൾ ചെയ്യാനെത്തിയ ഹര്‍ഷിത് റാണ ഗംഭീര തുടക്കമാണ് നൽകിയത്. ഓവറിലെ ആദ്യ പന്തിൽ തന്നെ റിക്കല്‍ട്ടെണിനേയും രണ്ടാം പന്തിൽ ഡികോക്കിനേയും വന്ന വഴി മടക്കി. എയ്ഡന്‍ മാര്‍ക്രമിൻ്റെ(7) വിക്കറ്റ് അര്‍ഷ്ദീപ് സിങ്ങും പിഴുതതോടെ ദക്ഷിണാഫ്രിക്ക 11-3 എന്ന നിലയിൽ പരുങ്ങലിലായി. ടോണി ഡി സോര്‍സിയും മാത്യു ബ്രീറ്റ്‌സ്‌കെയും ചേർന്നാണ് പിന്നീട് ദക്ഷിണാഫ്രിക്കയെ മുന്നോട്ട് നയിച്ചത്. സ്കോർ 70 കടന്നതിന് പിന്നാലെ 39 റണ്‍സെടുത്ത സോര്‍സി പുറത്തായി.
അഞ്ചാം വിക്കറ്റില്‍ ബ്രവിസുമായി ചേര്‍ന്ന് ബ്രീറ്റ്‌സ്‌കെ സ്കോർ പടുത്തുയര്‍ത്തി. പക്ഷെ, റാണ വീണ്ടും ഇന്ത്യക്ക് രക്ഷകനായെത്തി. 37 റണ്‍സെടുത്ത ബ്രവിസിനെ റാണ മടക്കി. എന്നാല്‍, പൊരുതാനുറച്ച ദക്ഷിണാഫ്രിക്കക്ക് വേണ്ടി പിന്നീടിറങ്ങിയ മാര്‍കോ യാന്‍സന്‍കാഴ്ചവെച്ചത് വെടിക്കെട്ട് ബാറ്റിംഗ് ആയിരുന്നു. 22 ഓവറില്‍ 134-5 എന്ന നിലയില്‍ നിന്ന് ദക്ഷിണാഫ്രിക്ക 30 ഓവറില്‍ 206 ലെത്തി. ഇന്ത്യന്‍ ബൗളര്‍മാരെ തകര്‍ത്തടിച്ച യാന്‍സന്‍ 26 പന്തില്‍ നിന്ന് അര്‍ദ്ധസെഞ്ചുറി തികച്ചു.
അർദ്ധസെഞ്ചുറിയുമായി ബ്രീറ്റ്‌സ്‌കെയും ക്രീസിൽ നിലയുറപ്പിച്ചതോടെ ഇന്ത്യ പരുങ്ങലിലായി. എന്നാൽ കുൽദീപ് യാദവ് എറിഞ്ഞ 34-ാം ഓവറിൽ കളിയുടെ ഗതി മാറി. യാൻസനെയും ബ്രീറ്റ്സ്കെയെയും പുറത്താക്കി കുൽദീപ് ഇന്ത്യക്ക് ജയപ്രതീക്ഷ സമ്മാനിച്ചു. യാൻസൻ 39 പന്തിൽ നിന്ന് 70 റൺസെടുത്തു. ബ്രീറ്റ്സ്കെ 72 റൺസെടുത്ത് പുറത്തായി. അതോടെ ദക്ഷിണാഫ്രിക്ക പ്രതിരോധത്തിലായി.
എട്ടാം വിക്കറ്റില്‍ കോര്‍ബിന്‍ ബോഷും പ്രിനലന്‍ സുബ്രയാനും ചേര്‍ന്ന് നിര്‍ണായക കൂട്ടുകെട്ട് പടുത്തുയര്‍ത്തിയത് ഇന്ത്യയെ കുഴക്കി. ഇരുവരും ടീമിനെ 270 ലെത്തിച്ചു. 17 റണ്‍സെടുത്ത സുബ്രയാനെ കൂടാരം കയറ്റി കുല്‍ദീപ് വീണ്ടും പ്രതീക്ഷ നല്‍കി. എന്നാൽ കോർബിൻ നാന്ദ്രെ ബർഗറുമായി ചേർന്നും കൂട്ടുകെട്ടുണ്ടാക്കിയതോടെ ടീം 300 കടന്നു. കോർബിൻ അർദ്ധസെഞ്ചുറിയുമായി പ്രോട്ടീസിന് പ്രതീക്ഷ നൽകി. എന്നാൽ 332 ൽ നിൽക്കേ കോർബിൻ പുറത്തായതോടെ ടീം തോൽവിയോടെ മടങ്ങി. കോർബിൻ 67 റൺസെടുത്തു.
നേരത്തേ നിശ്ചിത 50 ഓവറിൽ ഇന്ത്യ എട്ടു വിക്കറ്റ് നഷ്ടത്തിൽ 349 റൺസാണെടുത്തത്. ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിനിറങ്ങിയ ഇന്ത്യയ്ക്ക് തുടക്കത്തില്‍ തന്നെ ഓപ്പണർ യശസ്വി ജയ്‌സ്വാളിനെ നഷ്ടമായി. 18 റണ്‍സ് മാത്രമാണ് താരത്തിന് നേടാനായത്. എന്നാല്‍ രണ്ടാം വിക്കറ്റില്‍ ഒന്നിച്ച വിരാട് കോലിയും രോഹിത് ശര്‍മയും ഇന്ത്യന്‍ ഇന്നിങ്‌സിനെ മുന്നോട്ടു നയിച്ചു. തുടക്കത്തില്‍ പ്രോട്ടീസ് ബൗളര്‍മാരെ ശ്രദ്ധയോടെയാണ് ഇരുവരും നേരിട്ടത്. പതിയെ ബൗണ്ടറികളുമായി സ്‌കോറുയര്‍ത്തി. പത്തോവർ അവസാനിക്കുമ്പോള്‍ 80-1 എന്ന നിലയിലായിരുന്നു ടീം. എന്നാല്‍ അടുത്ത പത്തോവറില്‍ ഇരുവരും അടിച്ചുകളിക്കുന്നതാണ് റാഞ്ചിയില്‍ കണ്ടത്. അതോടെ ഇന്ത്യ 20 ഓവറില്‍ 153 ലെത്തി. രോഹിത്തും വിരാടും അര്‍ദ്ധസെഞ്ചുറി തികയ്ക്കുകയും ചെയ്തു.
എന്നാല്‍ ടീം സ്‌കോര്‍ 161 ല്‍ നില്‍ക്കേ രോഹിത്തിനെ പുറത്താക്കി മാര്‍ക്കോ യാന്‍സന്‍ ദക്ഷിണാഫ്രിക്കയെ മത്സരത്തിലേക്ക് തിരിച്ചുകൊണ്ടുവന്നു. 51 പന്തില്‍ 57 റണ്‍സെടുത്താണ് താരം പുറത്തായത്. അഞ്ചുഫോറുകളും മൂന്ന് സിക്‌സറുമടങ്ങുന്നതായിരുന്നു രോഹിത്തിന്റെ ഇന്നിങ്‌സ്. മൂന്ന് സിക്സർ നേടിയ രോഹിത് ഏകദിനക്രിക്കറ്റിൽ ഏറ്റവും കൂടുതൽ സിക്സറുകൾ നേടിയ താരമായും മാറി. ഏകദിന ഫോർമാറ്റിൽ 352 സിക്സറുകളാണ് രോഹിത് ശർമയുടെ ഇതുവരെയുളള സമ്പാദ്യം. രോഹിത് മടങ്ങിയതിന് പിന്നാലെ നാലാമനായി ഇറങ്ങിയ ഋതുരാജ് ഗെയ്ക്വാദും വാഷിങ്ടൺ സുന്ദർ നിരാശപ്പെടുത്തി. ഗെയ്ക്വാദ് എട്ടുറൺസും സുന്ദർ 16 റൺസുമെടുത്ത് പുറത്തായി. സ്കോർ 200 കടത്തിയ കോലി വൈകാതെ സെഞ്ചുറിയും തികച്ചു. 102 പന്തിൽ നിന്നാണ് താരം സെഞ്ചുറി നേടിയത്.
അന്താരാഷ്ട്ര ക്രിക്കറ്റിലെ 83-ാമത്തെ സെഞ്ചുറിയാണ് കോലി റാഞ്ചിയിൽ നേടിയത്. ഏകദിനത്തിലെ 52-ാമത്തെ സെഞ്ചുറിയും. അതോടെ ഒരു ഫോര്‍മാറ്റില്‍ ഏറ്റവും കൂടുതല്‍ സെഞ്ചുറി നേടുന്ന താരമെന്ന നേട്ടവും സച്ചിനെ മറികടന്ന് കോലി സ്വന്തം പേരിലാക്കി. അന്താരാഷ്ട്ര ക്രിക്കറ്റില്‍ ഏറ്റവും കൂടുതല്‍ സെഞ്ചുറി നേടിയവരുടെ പട്ടികയില്‍ രണ്ടാമനാണ് താരം. 100 സെഞ്ചുറി നേടിയ സച്ചിന്‍ തെണ്ടുല്‍ക്കറാണ് പട്ടികയില്‍ ഒന്നാമൻ. .
38-ാം ഓവറില്‍ സെഞ്ചുറി തികച്ച കോലി അടുത്ത ഓവറില്‍ തകര്‍ത്തടിച്ചു. കോലി രണ്ട് വീതം ഫോറും സിക്‌സും നേടിയതോടെ ഓവറില്‍ ഇന്ത്യ 21 റണ്‍സാണ് അടിച്ചെടുത്തത്. എന്നാല്‍ 43-ാം ഓവറില്‍ കോലിയെ നാന്ദ്രെ ബര്‍ഗര്‍ പുറത്താക്കി. 120 പന്തില്‍ നിന്ന് 11 ഫോറുകളുടെയും ഏഴു സിക്‌സറിന്റെയും അകമ്പടിയോടെ 135 റണ്‍സെടുത്താണ് താരം മടങ്ങിയത്. കോലി പുറത്തായതോടെ കെ.എല്‍. രാഹുലും രവീന്ദ്ര ജഡേജയും ചേര്‍ന്നാണ് സ്‌കോർ മുന്നോട്ട് കൊണ്ടുപോയത്. ആറാം വിക്കറ്റില്‍ മികച്ച കൂട്ടുകെട്ട് പടുത്തുയര്‍ത്തിയ ഇരുവരും ടീമിനെ മുന്നൂറ് കടത്തി. രാഹുൽ 56 പന്തിൽ നിന്ന് 60 റൺസെടുത്ത് പുറത്തായി. ജഡേജ 20 പന്തിൽ നിന്ന് 32 റൺസെടുത്തു. 50 ഓവർ പൂർത്തിയാകുമ്പോൾ എട്ടു വിക്കറ്റിന് 349 റൺസ് എന്നതായിരുന്നു ഇന്ത്യൻ സ്കോർ.
