കൊച്ചി: കളമശ്ശേരി മെഡിക്കൽ കോളേജിന് സമീപം കുറ്റിക്കാട്ടിൽ ജീർണ്ണിച്ച നിലയിൽ പുരുഷന്റെ മൃതദേഹം കണ്ടെത്തിയ സംഭവത്തിൽ ആശങ്ക പ്രകടിപ്പിച്ച് ഹൈക്കോടതി. തുറസ്സായ സ്ഥലത്ത് മൃതദേഹം കണ്ടെത്തിയ സാഹചര്യം എന്താണെന്നും പോലീസ് നിരീക്ഷണം ശക്തമാക്കണമെന്നും കോടതി നിർദ്ദേശിച്ചു.
കൊച്ചിയിൽ കാണാതായ കൊൽക്കത്ത സ്വദേശി സൂരജ് ലാമയുടെ തിരോധാനവുമായി ബന്ധപ്പെട്ട കേസ് പരിഗണിക്കുമ്പോഴാണ് കോടതിയുടെ പരാമർശം. കളമശ്ശേരിയിൽ കണ്ടെത്തിയ മൃതദേഹം സൂരജ് ലാമയുടേതാണെന്ന് സംശയമുണ്ടെന്ന് പോലീസ് കോടതിയെ അറിയിച്ചു. നേരത്തേ സൂരജ് ലാമ ഈ പരിസരത്ത് എത്തിയതായി കണ്ടെത്തിയിരുന്നു.
അലഞ്ഞുനടന്നിരുന്ന സൂരജ് ലാമയെ പോലീസാണ് മെഡിക്കൽ കോളേജിൽ എത്തിച്ചത്. ഇയാളെ പിന്നീടെങ്ങനെ കാണാതായെന്നും കേസുമായി ബന്ധപ്പെട്ട മുഴുവൻ രേഖകളും ഹാജരാക്കാനും കോടതി നിർദ്ദേശിച്ചു.
കുവൈത്തിൽ നാല് റസ്റ്റാറന്റുകളുടെ ഉടമയായിരുന്നു സൂരജ്. സെപ്റ്റംബർ അഞ്ചിന് കുവൈത്തിൽ വെച്ച് കുഴഞ്ഞുവീണു. പത്തുദിവസത്തെ ചികിത്സയ്ക്കുശേഷം ജീവൻ തിരിച്ചുകിട്ടിയെങ്കിലും ഓർമ്മ പൂർണ്ണമായും മറഞ്ഞു. ഇതിനിടെ വിസ കാലാവധി കഴിഞ്ഞെന്നു ചൂണ്ടിക്കാട്ടി കുവൈത്തിൽ നിന്ന് ഒക്ടോബർ നാലിന് നാടുകടത്തുകയായിരുന്നു.
കൊച്ചിയിലേക്കാണ് കയറ്റിവിട്ടത്. ഓർമ്മയില്ലാത്തയാളെ കയറ്റി വിടുന്ന വിവരം കുടുംബത്തെ അറിയിച്ചിരുന്നില്ല. തുടർന്ന് മകൻ സാന്റോൺ ലാമ കേരളത്തിലെത്തുകയും പിതാവിനായി തിരച്ചിൽ നടത്തിയതുമെല്ലാം വാർത്തയായിരുന്നു.
