ന്യൂഡല്‍ഹി: തദ്ദേശ തെരെഞ്ഞെടുപ്പ് നടക്കുന്ന സാഹചര്യത്തില്‍ എസ്ഐആര്‍ നടപടികള്‍ നീട്ടണമെന്ന കേരളത്തിന്റെയും, പാര്‍ട്ടികളുടെയും ആവശ്യം ന്യായമാണെന്ന് സുപ്രീംകോടതി. ഈ ആവശ്യം ഉന്നയിച്ച് നാളെ തെരെഞ്ഞെടുപ്പ് കമ്മീഷന് നിവേദനം നല്കാന് സംസ്ഥാന സര്‍ക്കാരിനോട് സുപ്രീംകോടതി നിര്‍ദ്ദേശിച്ചു. നിവേദനത്തില്‍ വെള്ളിയാഴ്ച തീരുമാനമെടുക്കണമെന്ന് തെരെഞ്ഞെടുപ്പ് കമ്മീഷന് സുപ്രീംകോടതി നിര്‍ദ്ദേശം നല്കി.
കേരളത്തില്‍ എന്യുമറേഷന് ഫോം 98.8% വിതരണം ചെയ്തു എന്നാണ് തെരഞ്ഞെടുപ്പ് കമ്മീഷന് ഇന്ന് സുപ്രീംകോടതിയെ അറിയിച്ചത്. എന്നാല്‍ വിതരണം ചെയ്ത ഈ ഫോമുകള്‍ ജനങ്ങളില്‍ നിന്ന് പൂരിപ്പിക്കപ്പെട്ട് കിട്ടുന്നില്ല എന്നാണ് സംസ്ഥാന സര്‍ക്കാരും മറ്റ് രാഷ്ട്രീയപാര്‍ട്ടികളും കോടതിയില്‍ വ്യക്തമാക്കിയത്. തദ്ദേശ തെരഞ്ഞെടുപ്പിൻ്റെ തിരക്കും ഇതിനെ ബാധിച്ചിട്ടുണ്ട് എന്നും സര്‍ക്കാരും, പാര്‍ട്ടികളും കോടതിയെ അറിയിച്ചു.
ഇതില്‍ ന്യായമുണ്ടെന്ന നിലപാട് സ്വീകരിച്ചാണ് ചീഫ് ജസ്റ്റിസ് അദ്ധ്യക്ഷനായ ബെഞ്ച് കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷനോട് സമയം നീട്ടി നല്‍കുന്നതിനെ സംബന്ധിച്ച് ആലോചിക്കണം എന്നാവശ്യപ്പെട്ടത്. സംസ്ഥാന സര്‍ക്കാരിന് വേണ്ടി സ്റ്റാന്റിംഗ് കോണ്‍സല്‍ സി.കെ. ശശി, അഭിഭാഷക മീന കെ. പൗലോസ് എന്നിവരാണ് ഹാജരായത്. മുസ്ലിം ലീഗിന് വേണ്ടി ഹാരിസ് ബീരാന്, സിപിഎംന് വേണ്ടി സീനിയര്‍ അഭിഭാഷകൻ രഞ്ജിത്ത് കുമാര്‍, അഭിഭാഷകന് ജി. പ്രകാശ് എന്നിവര്‍ ഹാജരായി.
