കൊച്ചി: നടിയെ ആക്രമിച്ച കേസിൽ എട്ടാം പ്രതിയായ നടൻ ദിലീപ് കുറ്റവിമുക്തൻ. എന്നാല്‍ ഒന്നു മുതൽ ആറുവരെ പ്രതികൾ കുറ്റക്കാരെന്ന് കോടതി വിധിച്ചു. ദിലീപിനെതിരായ ഗൂഢാലോചനക്കുറ്റം തെളിയിക്കാനായില്ല. എറണാകുളം പ്രിൻസിപ്പൽ സെഷൻസ് കോടതി ജഡ്ജി ഹണി വർഗീസാണ് വിധി പറഞ്ഞത്. ഒന്നു മുതൽ ആറുവരെയുള്ള പ്രതികളുടെ മേൽ ആരോപിച്ച കുറ്റങ്ങളെല്ലാം തെളിഞ്ഞു. ഇവര്‍ക്കുള്ള ശിക്ഷ വെള്ളിയാഴ്ച പ്രഖ്യാപിക്കും. ഒന്നാം പ്രതി പൾസർ സുനി, രണ്ടാം പ്രതി മാർട്ടിൻ ആൻ്റണി, മൂന്നാം പ്രതി വിജിഷ്, നാലാം പ്രതി മണികണ്ഠൻ, അഞ്ചാം പ്രതി പ്രദീപ് കുമാർ, ആറാം പ്രതി സലീം എന്നിവരാണ് കുറ്റക്കാർ.
2017 ഫെബ്രുവരി 17-നാണ് കേസിനാസ്പദമായ സംഭവം. ഷൂട്ടിങ്ങിനായി തൃശ്ശൂരില്‍ നിന്ന് എറണാകുളത്തേക്കുള്ള യാത്രയിലായിരുന്നു നടി. ഇതിനിടെ ക്വട്ടേഷന്‍ പ്രകാരം അവരെ തട്ടിക്കൊണ്ടുപോയി അപകീര്‍ത്തികരമായ ദൃശ്യം പകര്‍ത്തിയെന്നാണ് കേസ്.
പ്രതിഭാഗം 221 രേഖകള്‍ ഹാജരാക്കി. കേസില്‍ 28 പേര്‍ കൂറുമാറി. മാനഭംഗം, ഗൂഢാലോചന, സ്ത്രീത്വത്തെ അപമാനിക്കല്‍, അന്യായ തടങ്കല്‍, ബലപ്രയോഗം, തെളിവ് നശിപ്പിക്കല്‍, അശ്ലീല ചിത്രമെടുക്കല്‍, പ്രചരിപ്പിക്കല്‍ തുടങ്ങിയ കുറ്റങ്ങളാണ് പ്രതികള്‍ക്കെതിരെ ചുമത്തിയത്.
സംഭവമുണ്ടായി തൊട്ടടുത്ത ദിവസങ്ങളില്‍ തന്നെ പള്‍സര്‍ സുനി ഉള്‍പ്പെടെയുള്ളവര്‍ പോലീസിന്റെ പിടിയിലായി. കേസിലെ ഗൂഢാലോചന സംബന്ധിച്ച അന്വേഷണത്തിൽ ജൂലായിലാണ് നടന്‍ ദിലീപ് അറസ്റ്റിലായത്.
2018 മാര്‍ച്ച് എട്ടിനാണ് വിചാരണ നടപടി ആരംഭിച്ചത്. പിന്നീട് കോവിഡ് ലോക്ഡൗണ്‍മൂലം രണ്ടുവര്‍ഷത്തോളം വിചാരണ തടസ്സപ്പെട്ടു. അതിജീവിത ആവശ്യപ്പെട്ടതനുസരിച്ച് വനിതാജഡ്ജിയെ ഹൈക്കോടതി നിയോഗിച്ചു. രഹസ്യവിചാരണയാണ് നടന്നത്. പിന്നീട് സംവിധായകന്‍ ബാലചന്ദ്രകുമാറിന്റെ വെളിപ്പെടുത്തലുകളുടെ അടിസ്ഥാനത്തില്‍ ക്രൈംബ്രാഞ്ച് തുടരന്വേഷണം നടത്തി രണ്ടാംകുറ്റപത്രം നല്‍കി. ക്രൈംബ്രാഞ്ച് ഡിവൈഎസ്പി ബൈജു കെ. പൗലോസായിരുന്നു അന്വേഷണ ഉദ്യോഗസ്ഥന്‍. ആദ്യ പ്രതിപ്പട്ടികയില്‍ ചിലരെ ഒഴിവാക്കുകയും മറ്റു ചിലരെ മാപ്പുസാക്ഷിയാക്കുകയും ചെയ്തു.
മലയാള സിനിമാമേഖലയില്‍ വിമെന്‍ ഇന്‍ സിനിമ കളക്ടീവ് എന്ന വനിതാ കൂട്ടായ്മയുടെ രൂപവത്കരണത്തിനും സിനിമാമേഖലയിലെ സ്ത്രീകള്‍ അഭിമുഖീകരിക്കുന്ന പ്രശ്‌നങ്ങളെക്കുറിച്ച് പഠിച്ച് റിപ്പോര്‍ട്ട് നല്‍കാന്‍ ഹേമ കമ്മിറ്റിയെ സർക്കാർ നിയോഗിക്കാൻ ഇടയായതിനും ഈ കേസ് കാരണമായി.
