കല്പറ്റ : കുരുന്തൻ ഉന്നതിയിൽ നിന്നുള്ള പി വിശ്വനാഥൻ കൽപ്പറ്റ നഗരസഭ ചെയർമാനായി സ്ഥാനമേറ്റു. പണിയ വിഭാഗത്തിൽ നിന്ന് നഗരസഭ അദ്ധ്യക്ഷനായി എത്തുന്ന രാജ്യത്തെ ആദ്യ വ്യക്തി കൂടിയാണ് പി. വിശ്വനാഥൻ. ചെയർമാൻ സ്ഥാനം പട്ടികവർഗ്ഗക്കാർക്കായി സംവരണം ചെയ്തിരുന്ന ഈ തെരഞ്ഞെടുപ്പിൽ 17 വോട്ടുകൾ നേടിയാണ് വിശ്വനാഥൻ വിജയിച്ചത്. വിശ്വനാഥന്റെ രാഷ്ട്രീയ പ്രവർത്തന പരിചയവും സീനിയോറിറ്റിയും മുൻനിർത്തിയാണ് എൽഡിഎഫ് അദ്ദേഹത്തെ ചെയർമാൻ സ്ഥാനത്തേക്ക് തെരഞ്ഞെടുത്തത്.
എടഗുനി ഡിവിഷനിൽനിന്നു രണ്ടാം തവണയാണ് അദ്ദേഹം കൗൺസിലറായി തെരഞ്ഞെടുക്കപ്പെടുന്നത്. നിലവിൽ സിപിഎം കൽപറ്റ ഏരിയ കമ്മിറ്റി അംഗമായ വിശ്വനാഥൻ, ആദിവാസി ക്ഷേമ സമിതി (എ.കെ.എസ്) ജില്ല പ്രസിഡന്റ് കൂടിയാണ്. കരിന്തണ്ടൻ നാടൻ പാട്ട് കലാ ഗ്രൂപ്പിന്റെ സജീവ പ്രവർത്തകനെന്ന നിലയിലും അദ്ദേഹം ശ്രദ്ധേയനാണ്.
ആകെ 30 ഡിവിഷനുകളുള്ള കൽപറ്റ നഗരസഭയിൽ 17 സീറ്റുകൾ നേടിയാണ് ഇത്തവണ എൽഡിഎഫ് അധികാരം പിടിച്ചെടുത്തത്. ഇതോടെ ഒന്നര പതിറ്റാണ്ടോളം നീണ്ടുനിന്ന യുഡിഎഫ് ഭരണത്തിന് അന്ത്യമായി. കഴിഞ്ഞ തവണ 15 സീറ്റുകൾ ഉണ്ടായിരുന്ന യുഡിഎഫിന് ഇക്കുറി 11 സീറ്റുകൾ മാത്രമാണ് നേടാനായത്. അതേസമയം, എൽഡിഎഫിന്റെ സിറ്റിങ് സീറ്റുകളായിരുന്ന പുളിയാർമല, കൈനാട്ടി ഡിവിഷനുകളിൽ വിജയിച്ച് എൻഡിഎയും കരുത്തുതെളിയിച്ചു.
