ആലപ്പുഴ: കർഷക തൊഴിലാളിയായ സരളയുടെ സ്ഥാനാർത്ഥിത്വം വോട്ടെടുപ്പിന്റെ തുടക്കം മുതൽക്കേ നാട്ടിൽ വലിയ ചർച്ചാവിഷയമായിരുന്നു. എന്തുകൊണ്ടെന്നാൽ, പ്രസിഡന്റ് സ്ഥാനം പട്ടികജാതിയ്ക്കായി സംവരണം ചെയ്ത മാരാരിക്കുളം പഞ്ചായത്തിൽ ഇടതുമുന്നണിയിൽ സിപിഎം നിർത്തിയ രണ്ട് പട്ടികജാതി സ്ഥാനാർത്ഥികളും പരാജയപ്പെട്ടിരുന്നു. സിപിഐ നിർത്തിയ രണ്ട് സ്ഥാനാർത്ഥികളിൽ സരള മാത്രമെ വിജയിച്ചതുമുള്ളൂ. പിന്നീട് എൽഡിഎഫിനുള്ളിൽ വലിയ ചർച്ചകളില്ലാതെ തന്നെ സരളയ്ക്ക് പ്രസിഡന്റ് സ്ഥാനത്തേയ്ക്കുള്ള നറുക്ക് വീണു.
ഇനി പ്രസിഡൻ്റ് പദത്തിലേക്കുള്ള തെരഞ്ഞെടുപ്പ് മാത്രമെ സരളക്ക് മുന്നിലുള്ളൂ, അത് അനായാസമാണെല്ലോ എന്ന് കരുതിയിരിക്കെയാണ് എൽഡിഎഫിന്റെ ഒരു വോട്ട് അസാധുവായത്. മാരാരിക്കുളം വടക്ക് പഞ്ചായത്തിൽ പ്രസിഡൻ്റ് പദത്തിലേക്ക് സരളക്ക് മുന്നിലേക്ക് പിന്നെയും ഭാഗ്യപരീക്ഷണങ്ങൾ. ഭരണനിർണ്ണയം നറുക്കെടുപ്പിലേക്ക് നീങ്ങിയ നിമിഷങ്ങൾ… അനിശ്ചിതത്വങ്ങൾക്കൊടുവിൽ നറുക്കെടുപ്പും സരളയെ തുണച്ചു. അങ്ങനെ സി.കെ.സരള ഇനി ‘ഭാഗ്യ’സരളയായി പഞ്ചായത്ത് ഭരിക്കും.
പഞ്ചായത്തിൽ എൽഡിഎഫിന് 10 അംഗങ്ങളും യുഡിഎഫിന് ഒമ്പത് അംഗങ്ങളും ബിജെപിക്ക് ഒരു അംഗവുമാണ് ഉണ്ടായിരുന്നത്. വോട്ടെടുപ്പിൽ ബിജെപി അംഗം പങ്കെടുത്തില്ല. എൽഡിഎഫ് 11-ാം വാർഡംഗമായ ഇന്ദിരാ ഉദയന്റെ വോട്ടാണ് അസാധുവായത്. ബാലറ്റ് പേപ്പറിന് പിന്നിൽ ഒപ്പിടാത്തതായിരുന്നു വോട്ട് അസാധുവാകാൻ കാരണം. ഒരു വോട്ട് നഷ്ടമായതോടെ എൽഡിഎഫിനും യുഡിഎഫിനും ഒമ്പത് വോട്ടുകൾ വീതം ലഭിച്ചു. ഇതേത്തുടർന്നാണ് നറുക്കെടുപ്പ് വേണ്ടിവന്നത്. ഭാഗ്യം സി.കെ. സരളയ്ക്കൊപ്പം നിന്നു.
