തിരുവനന്തപുരം : രാഹുൽ മാങ്കൂട്ടത്തിൽ കേസിലെ അതിജീവിതയ്ക്ക് ഐക്യദാർഢ്യം രേഖപ്പെടുത്തി മുഖ്യമന്ത്രി പിണറായി വിജയൻ. `ലവ് യു ടൂ മൂൺ ആൻഡ് ബാക്ക്’ എന്ന് എഴുതിച്ചേർക്കപ്പെട്ട കപ്പുമായാണ് മുഖ്യമന്ത്രിയുടെ ഐക്യദാർഢ്യം. തിരുവനന്തപുരം പാളയം രക്തസാക്ഷി മണ്ഡപത്തിൽ നടന്ന എൽഡിഎഫ് സത്യാഗ്രഹ സമരവേദിയിലായിരുന്നു മുഖ്യമന്ത്രിയുടെ ഐക്യദാർഢ്യം ശ്രദ്ധേയമായത്. രാഹുൽ മാങ്കൂട്ടത്തിലിൻ്റെ അറസ്റ്റിനു പിന്നാലെ പങ്കുവെച്ച ഫേസ്ബുക്ക് പോസ്റ്റിൽ അതിജീവിത ‘ലവ് യു ടൂ മൂൺ ആൻഡ് ബാക്ക് ‘ എന്ന പ്രയോഗം നടത്തിയിരുന്നു.
അതേസമയം തന്നെ മുഖ്യമന്ത്രിയുടെ ഐക്യദാർഢ്യത്തോട് നന്ദി പറഞ്ഞ് അതിജീവിത വീണ്ടും ഫേസ്ബുക്ക് കുറിപ്പ പങ്കുവെച്ചു. ‘ലവ് യു ടൂ മൂൺ ആൻഡ് ബാക്ക്’ എന്നെഴുതിയ കപ്പുമായുള്ള മുഖ്യമന്ത്രിയുടെ ചിത്രത്തോടുകൂടിയായിരുന്നു കുറിപ്പ്. ആ കപ്പിലെ വാചകങ്ങൾക്ക് എൻ്റെ ഉള്ളിൽ നിന്ന് അടർത്തി മാറ്റപ്പെട്ട ജീവൻ്റെ തുടിപ്പ് ഉണ്ടെന്നാണ് ‘അതിജീവിത കുറിച്ചത്.
ഇരുട്ടിൽ ചെയ്ത പ്രവർത്തികൾ ദൈവം കണ്ടെന്നും മാലാഖ കുഞ്ഞുങ്ങൾ സ്വർഗത്തിൽനിന്ന് തങ്ങളോട് ക്ഷമിക്കട്ടെയെന്നും എങ്ങും എത്താതിരുന്ന നിലവിളി ദൈവം കേട്ടെന്നും തെറ്റായ വ്യക്തിയെ വിശ്വസിച്ച് കുട്ടിയുടെ പിതാവാകാൻ യോഗ്യനല്ലാത്ത ഒരാളെ തെരഞ്ഞെടുത്തതിന് ക്ഷമ ചോദിക്കുന്നു എന്നും രാഹുൽ മാങ്കൂട്ടത്തിലിന്‍റെ അറസ്റ്റിന് പിന്നാലെ രാഹുലിനെതിരെ പരാതി നൽകിയ ഒരു അതിജീവിത ഹൃദയം നുറുങ്ങുന്ന വാക്കുകൾ കൊണ്ട് ഫെയ്സ്ബുക്കിൽ കുറിച്ചിട്ടിരുന്നു.
