ഹേമാ കമ്മിറ്റി റിപ്പോര്‍ട്ടിൽ വിശദാംശങ്ങൾ ഒന്നുമില്ല,അതൊരു പുക പോലെ ; കുറ്റകൃത്യം ചെയ്തവരുടെ പേരുകള്‍ പുറത്ത് വിടണം – സാറാ ജോസഫ്

Date:

കോഴിക്കോട്: പുറത്തുവന്ന ഹേമാ കമ്മിറ്റി റിപ്പോർട്ടിൽ വിശദാംശങ്ങൾ ഒന്നുമില്ല. അതൊരു പുക പോലെയാണ്. ആർക്കുവേണമെങ്കിലും പറയാവുന്ന കാര്യങ്ങൾ അതിൽ പറഞ്ഞിട്ടുണ്ടെന്ന് മാത്രം. കുറ്റവാളികളുടെ പേര് പുറത്തു പറയാത്ത ഹേമാ കമ്മിറ്റി റിപ്പോർട്ട് അപൂർണമാണ്. കുറ്റകൃത്യം ചെയ്തവരുടെ പേരുകൾ പുറത്ത് വിടണം – എഴുത്തുകാരിയും സാമൂഹികപ്രവർത്തകയുമായ സാറാ ജോസഫ്.

കുറ്റകൃത്യങ്ങൾ നടന്നിട്ടുണ്ടെന്ന് റിപ്പോർട്ടിൽ പറയുന്നു. ക്രൈം നടക്കുമ്പോൾ അതിലൊരു പ്രതിയോ പ്രതികളോ വേണം. പരാതിക്കാർ അതിൽ പേരുകൾ പറഞ്ഞിട്ടില്ല. പറഞ്ഞിട്ടുണ്ടെങ്കിലല്ലേ കോടതിക്കോ സർക്കാരിനോ നടപടിയെടുക്കാൻ കഴിയൂ? അങ്ങനെ പ്രത്യേകമായി റിപ്പോർട്ടിൽ ഒന്നും കാണുന്നില്ല. ഇത് മുമ്പും നടന്നിട്ടുണ്ടാകാമെന്ന് നമുക്ക് ഊഹിക്കാവുന്നതേയുള്ളു. ഹേമാ കമ്മിറ്റി റിപ്പോർട്ട് പുറത്തുവന്നതിനെക്കുറിച്ച് മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു സാറാ ജോസഫ്.

”സിനിമാരംഗം എന്നുപറയുന്നത് കള്ളപ്പണവും മദ്യവും മയക്കുമരുന്നും ലൈംഗികഅരാജകത്വവുമെല്ലാം ഉള്ളതാണെന്ന് നമുക്കറിയാവുന്ന കാര്യമാണ്. പക്ഷേ ഒരു മാഫിയയുടെ കൈയിലാണ് ആ രംഗം തിരിയുന്നത് എന്നതുകൊണ്ട് അത് ചൂണ്ടിക്കാണിക്കേണ്ടതുണ്ട്. പരാതികളിൽ പറഞ്ഞിട്ടുള്ളപ്രകാരം ആരാണ് അവിടെ ഇടനിലക്കാരായിട്ടുള്ളത്, അവരുടെ പേരുകൾ പറയട്ടെ. എങ്കിലല്ലേ നിയമനടപടികൾ എടുക്കാൻ കഴിയുകയുള്ളൂ. അതൊന്നുമില്ലാതെ ഇപ്പോൾ പൊതുജനങ്ങൾക്ക് മുന്നിലെത്തിയിട്ടുള്ളത് അപൂർണമായ റിപ്പോർട്ടാണ്.

പേര് പറഞ്ഞാൽ അവർക്കെതിരെ നടപടിയെടുക്കണം. അല്ലെങ്കിൽ ഈ റിപ്പോർട്ടിന് ഒരു സാംഗത്യവുമില്ലാതെയാകും. അത്തരത്തിലുള്ള വെളിപ്പെടുത്തലുകൾ ഉണ്ടാകുമോ അതിൽ നടപടിയെടുക്കുമോ എന്ന ആശങ്കയുണ്ട്. നടന്നിട്ടുള്ളത് ക്രൈം ആണ്. തൊഴിലിടത്തിൽ സ്ത്രീയെ ചെന്ന് വാതിലിൽ മുട്ടിവിളിച്ച്, പേടിപ്പിച്ച് കൊണ്ടുപോയി ലൈംഗികബന്ധത്തിലേർപ്പെടുക എന്നുപറയുന്നത് റേപ്പിന് തുല്യമാണ്. അത് കുറ്റകൃത്യമാണ്. പ്രതി ശിക്ഷിക്കപ്പെടുകതന്നെ വേണം.

റിപ്പോർട്ടിലെ പുറത്തുവിടാത്ത ഭാഗങ്ങളിൽ സർക്കാർ അന്വേഷിച്ച് നടപടിയെടുക്കുന്നത് ശരിതന്നെ. എന്നാൽ കുറ്റകൃത്യം നടന്നുകഴിഞ്ഞിട്ട് കുറ്റംചെയ്ത ആളെ സംരക്ഷിക്കുന്നത് എന്തിനാണ്? അവരെ സംരക്ഷിച്ചുകൊണ്ടുള്ള നടപടിയല്ലേ അത്. എന്തൊക്കെയോ ഇടിഞ്ഞുവീഴും, ആരൊക്കെയോ തകർന്നുപോകും. അത് തങ്ങൾക്ക് നഷ്ടമുണ്ടാക്കും, ഇതാണല്ലോ പേര് പുറത്ത് വിടാതിരിക്കാനുള്ള കാരണം. സ്ത്രീകളുടെ നേർക്ക് നടക്കുന്ന എല്ലാതരത്തിലുമുള്ള കുറ്റകൃത്യങ്ങൾക്കും ഇതേ നിലപാടാണ്. നമ്മുടേത് ഒരു പുരുഷാധിപത്യസമൂഹമാണെന്ന് എത്ര പറഞ്ഞാലും മതിയാവാത്ത തരത്തിൽ തെളിയിക്കപ്പെട്ടുകൊണ്ടിരിക്കുകയാണ്. സിനിമാമേഖലയിലും സമാന അവസ്ഥതന്നെ”- സാറാ ജോസഫ് പറഞ്ഞു.

LEAVE A REPLY

Please enter your comment!
Please enter your name here

Share post:

Popular

More like this
Related