വയനാട് ദുരന്തം: പുനരധിവാസം ഉറപ്പാക്കി സർക്കാർ ; 630 കുടുംബങ്ങളെ മാറ്റി പാർപ്പിച്ചു, ഇനി ക്യാമ്പുകളില്‍ 97 കുടുംബങ്ങള്‍ മാത്രം

Date:

മുണ്ടക്കൈ – ചൂരൽമല ഉരുള്‍പൊട്ടല്‍ ദുരന്തം നടന്ന് മൂന്നാഴ്ചയ്ക്കകം തന്നെ ദുരന്തബാധിതര്‍ക്ക് താത്കാലിക പുനരധിവാസം ഉറപ്പാക്കി സംസ്ഥാന സര്‍ക്കാര്‍. ക്യാമ്പുകളില്‍ കഴിഞ്ഞിരുന്ന 630 കുടുംബങ്ങളെ സുരക്ഷിതമായ ഇടങ്ങളിലേക്ക് മാറ്റിപ്പാര്‍പ്പിച്ചു കഴിഞ്ഞു. 160 കുടുംബങ്ങള്‍ക്ക് വീടുകള്‍ നിശ്ചയിച്ചു നല്‍കി. പുനരധിവസിപ്പിച്ചതില്‍ 26 എണ്ണം സര്‍ക്കാര്‍ കെട്ടിടങ്ങളാണ്. നിലവില്‍ 5 ക്യാമ്പുകളില്‍ 97 കുടുംബങ്ങളാണ് ഇപ്പോൾ ഉള്ളത്. മേപ്പാടി, മൂപൈനാട്, വൈത്തിരി, കല്‍പ്പറ്റ, മുട്ടില്‍, അമ്പലവയല്‍, മീനങ്ങാടി, വേങ്ങപ്പള്ളി, പൊഴുതന തുടങ്ങിയ തദ്ദശ സ്വയം ഭരണ സ്ഥാപന പരിധിയിലാണ് കൂടുതലായി പുനരധിവാസം നടന്നത്. ദുരന്ത ബാധിതരുടെ താത്പര്യം കൂടി പരിഗണിച്ചാണിത്.

304 അതിഥി തൊഴിലാളികളെ ക്യാമ്പുകളില്‍ നിന്നും മാതൃ സംസ്ഥാനത്തേക്ക് അയച്ചു. ബാക്കിയുള്ളവരെ സുരക്ഷിതമായ മറ്റു തൊഴിലിടങ്ങളിലേക്ക് മാറ്റിപ്പാര്‍പ്പിക്കുകയും ചെയ്തു. ക്യാമ്പുകളില്‍ ഉണ്ടായിരുന്ന 211 തോട്ടം തൊഴിലാളി കുടുംബങ്ങളില്‍ 54 കുടുംബങ്ങള്‍ മാത്രമാണ് ഇപ്പോള്‍ ക്യാമ്പുകളിലുള്ളത്. സുരക്ഷിതമായ തൊഴിലിടങ്ങളിലേക്കും വാടക വീടുകളിലേക്കുമാണ് ഇവരെ മാറ്റി പാര്‍പ്പിച്ചത്.

സര്‍ക്കാര്‍ ക്വാര്‍ട്ടേഴ്‌സുകള്‍, സര്‍ക്കാര്‍ സ്‌പോണ്‍സര്‍ ചെയ്യുന്ന വാടകവീടുകള്‍, ദുരന്തബാധിതര്‍ സ്വന്തം നിലയില്‍ കണ്ടെത്തിയ വാടകവീടുകള്‍, ബന്ധുവീടുകള്‍ എന്നിവിടങ്ങളിലേക്ക് താത്കാലികമായി മാറുന്ന മുഴുവന്‍ ഗുണഭോക്താക്കള്‍ക്കും എല്ലാ ആനുകൂല്യങ്ങളും സര്‍ക്കാര്‍ ഉറപ്പാക്കുന്നുണ്ട്. ഇതിന്റെ ഭാഗമായി കട്ടില്‍, ഡൈനിങ് ടേബിള്‍, കസേരകള്‍, അലമാര, ബെഡ്, ബെഡ്ഷീറ്റ്, തലയണ എന്നിവയ്ക്ക് പുറമേ ക്ലീനിങ്- ലോണ്ടറി കിറ്റുകള്‍ അടുക്കള സാധനങ്ങള്‍ ഉള്‍പ്പെടുന്ന കിറ്റ്, ഭക്ഷണസാമഗ്രികളുടെ കിറ്റ് തുടങ്ങിയവയും ഗുണഭോക്താക്കള്‍ നിലവില്‍ താമസിക്കുന്ന സ്ഥലങ്ങളില്‍ എത്തിച്ചു നല്‍കുന്നുണ്ട്. ഇതുവരെ നൂറ്റമ്പതോളം സമഗ്ര കിറ്റുകള്‍ നല്‍കാനായതായി ഡെപ്യൂട്ടി കളക്ടര്‍ പി എം കുര്യന്‍ അറിയിച്ചു. കൂടാതെ സര്‍ക്കാര്‍ നേരത്തെ പ്രഖ്യാപിച്ചിട്ടുള്ളത് പ്രകാരം പുനരധിവസിക്കുന്ന ഓരോ വീടുകളിലും അത് ബന്ധുക്കളുടെ വീട്ടില്‍ ആയാല്‍ പോലും 6000 രൂപ മാസ വാടക നല്‍കും.

ദുരന്തബാധിതര്‍ക്ക് പൂര്‍ണസജ്ജമായ സ്ഥിരപുനരധിവാസം ഉറപ്പാക്കുന്നതിന് മുന്നോടിയായാണ് താല്‍ക്കാലിക പുനരധിവാസം വളരെ വേഗം സാധ്യമാക്കുന്നത്. മന്ത്രിസഭാ ഉപസമിതി അംഗങ്ങളായ കെ രാജന്‍, പി.എ മുഹമ്മദ് റിയാസ്, എ കെ ശശീന്ദ്രന്‍, ഒ ആര്‍ കേളു എന്നിവരും ജില്ലാ കളക്ടര്‍ ഡി ആര്‍ മേഘശ്രീയും ചേര്‍ന്നാണ് പ്രവര്‍ത്തനങ്ങളെ ഏകോപിപ്പിക്കുന്നത്. വൈത്തിരി തഹസില്‍ദാര്‍ ആ.എസ് സജി കണ്‍വീനറും തദ്ദേശ സ്വയംഭരണവകുപ്പ് ജോയിന്റ് ഡയറക്ടര്‍ ബെന്നി ജോസഫ്, ഡെപ്യൂട്ടി കളക്ടര്‍ സി ബിജു, പൊതുമരാമത്ത് വകുപ്പ് കെട്ടിട വിഭാഗത്തിന്റെയും തദ്ദേശ സ്വയംഭരണ വകുപ്പിന്റെയും എക്‌സിക്യൂട്ടീവ് എന്‍ജിനീയര്‍മാരായ പി ബി ഷൈജു, ശ്രീനിവാസന്‍ എന്നിവര്‍ അംഗങ്ങളുമായ സമിതിയാണ് താത്ക്കാലിക പുനരധിവാസ പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കുന്നത്. കുടുംബാംഗങ്ങളുടെ എണ്ണം, ആവശ്യങ്ങള്‍, മുന്‍ഗണനകള്‍ എന്നിവ അടക്കമുള്ള കാര്യങ്ങള്‍ പരിഗണിച്ചാണ് സര്‍ക്കാര്‍ ക്വാര്‍ട്ടേഴ്‌സുകളും വാടക വീടുകളും അനുവദിക്കുന്നത്. മാനന്തവാടി സബ് കളക്ടര്‍ മിസാല്‍ സാഗര്‍ ഭരത് നോഡല്‍ ഓഫീസറായ സമിതിയാണ് കെട്ടിടങ്ങളുടെ ക്ഷമത , വാസയോഗ്യത, മരാമത്ത് പണികളുടെ ആവശ്യകത, അടിസ്ഥാന സൗകര്യങ്ങളുടെ ലഭ്യത എന്നിവ പരിശോധിച്ച് ഉറപ്പുവരുത്തുന്നത്.

ജില്ലാഭരണകൂടത്തിന്റെയും കുടുംബശ്രീ ജില്ലാ മിഷന്റെയും സംയുക്താഭിമുഖ്യത്തില്‍ മേപ്പാടി ദുരന്ത ബാധിത യുവജനങ്ങള്‍ക്കായി ‘ഞങ്ങളുമുണ്ട് കൂടെ’ തൊഴില്‍ മേളയ്ക്ക് നാളെ (ഓഗസ്റ്റ് 23) തുടക്കമാകും. തൊഴില്‍മേള കാപ്പംകൊല്ലി സെന്റ് സെബാസ്റ്റ്യന്‍ ചര്‍ച്ച് ഹാളില്‍ രാവിലെ 10 ന് റവന്യൂ മന്ത്രി കെ. രാജന്‍ ഉദ്ഘാടനം ചെയ്യും. മേപ്പാടി മുണ്ടക്കൈ ഉരുള്‍പ്പൊട്ടല്‍ ദുരിത ബാധിത മേഖലയിലെ തൊഴില്‍ അന്വേഷകര്‍ക്ക് വരുമാന ദായക തൊഴിലവസരങ്ങള്‍ സൃഷ്ടിക്കുക എന്ന ലക്ഷ്യത്തോടെ വിവിധ ഘട്ടങ്ങളിലായാണ് തൊഴില്‍ മേള നടക്കുന്നത്. കുടുംബശ്രീയുടെ ദീന്‍ ദയാല്‍ ഉപാധ്യായ ഗ്രാമീണ്‍ കൗശല്യ യോജന (ഡി.ഡി.യു.ജി.കെ.വൈ), കേരള നോളജ് ഇക്കോണമി മിഷന്‍ എന്നീ പദ്ധതികളില്‍ ഉപഭോക്താക്കളായിട്ടുള്ള തൊഴില്‍ അന്വേഷകരെയാണ് ആദ്യഘട്ട പ്രവര്‍ത്തനത്തില്‍ പരിഗണിക്കുന്നത്. നിലവില്‍ സര്‍ക്കാരിന്റെ തൊഴില്‍ പോര്‍ട്ടലായ ഡി.ഡബ്ല്യു.എം.എസില്‍ രജിസ്റ്റര്‍ ചെയ്തവര്‍ക്കും പുതിയ തൊഴില്‍ അന്വേഷകര്‍ക്കും തൊഴില്‍മേളയില്‍ പങ്കെടുക്കാം. സ്പോട്ട് രജിസ്ട്രേഷന്‍ സൗകര്യവും ഉണ്ടാകും.

LEAVE A REPLY

Please enter your comment!
Please enter your name here

Share post:

Popular

More like this
Related