രാമക്ഷേത്രം തുരുപ്പ് ശീട്ടായില്ല; യുപി ബിജെപിക്ക് വെല്ലുവിളിയുയർത്തുന്നു.

Date:

മുൻകാല ലോകസഭാ തെരഞ്ഞെടുപ്പുകളിൽ ബിജെപി
സിംഹഭാഗവും നേടിയ ഉത്തർപ്രദേശ്, 2024 ലെ തിരഞ്ഞെടുപ്പിൽ പാർട്ടിക്ക് കടുത്ത വെല്ലുവിളി ഉയർത്തിയിരിക്കുകയാണ്. 80 ലോക്‌സഭാ സീറ്റുകളിൽ 43 ലും സമാജ്‌വാദി പാർട്ടിയുടെയും കോൺഗ്രസിൻ്റെയും ഇന്ത്യൻ സഖ്യം വിജയിച്ചു. 2014 ലെയും 2019 ലെയും തിരഞ്ഞെടുപ്പുകളിൽ യഥാകൃമം 71ഉം 62ഉം സീറ്റുകൾ ബിജെപി കൈവശമാക്കിയടത്താണ് ഇന്ത്യാ മുന്നണിയുടെ അതിശയകരമായ കടന്നുകയറ്റം.

എക്‌സിറ്റ് പോളുകൾ ഇത്തവണയും ട്രെൻഡ് ആവർത്തിക്കുമെന്നാണ് പ്രവചിച്ചതെങ്കിലും കാര്യങ്ങൾ കീഴ്മേൽ മറിഞ്ഞതറിയാൻ ബിജെപിക്ക് വോട്ടെണ്ണൽ ദിവസം വരെ കാത്തിരിക്കേണ്ടിവന്നു. ഉത്തർ പ്രദേശിലുണ്ടായ വൻ തിരിച്ചടി ബിജെപി ക്യാമ്പിൽ ഉണ്ടാക്കിയ അങ്കലാപ്പ് വളരെ വലുതാണ്.

ഈ തെരഞ്ഞെടുപ്പിലെ ഏറ്റവും വലിയ ചർച്ചാ പോയിൻ്റുകളിൽ ഒന്നായിരുന്നു അയോധ്യയിലെ മഹത്തായ രാമക്ഷേത്ര നിർമ്മാണം. 1980 കൾ മുതൽ ബിജെപി നൽകി പോകുന്ന തെരഞ്ഞെടുപ്പ് വാഗ്ദാനമായിരുന്നു ഇത്. രാമക്ഷേത്രം ലോക്‌സഭാ തെരഞ്ഞെടുപ്പ് ഫലങ്ങളിൽ നിർണായക ഘടകമാകുമെന്ന് ബിജെപി അനുഭാവികൾ നിരന്തരം അവകാശപ്പെടുകയും ചെയ്തിരുന്നു.

എന്നാൽ അയോധ്യയുടെ ഭാഗമായ ഫൈസാബാദ് മണ്ഡലത്തിൽ പോലും പരാജയം നുണയാനായിരുന്നു വിധി. സമാജ്‌വാദി പാർട്ടിയുടെ അവദേശ് പ്രസാദ് ഇവിടെ ബിജെപിയുടെ ലല്ലു സിംഗിനെ 54,567 വോട്ടിന് പരാജയപ്പെടുത്തി. അയൽ മണ്ഡലങ്ങൾ പരിശോധിച്ചാലും സ്ഥിതി വ്യത്യസ്തമല്ല. ഫൈസാബാദുമായി അതിർത്തി പങ്കിടുന്ന ഏഴ് മണ്ഡലങ്ങളിൽ ഭൂരിഭാഗവും കോൺഗ്രസും എസ്പിയും ചേർന്ന് നേടി. കൈസർഗഞ്ചിൽ മുൻ ഗുസ്തി ഫെഡറേഷൻ ഓഫ് ഇന്ത്യ മേധാവി ബ്രിജ് ഭൂഷൺ ശരൺ സിങ്ങിൻ്റെ മകൻ കരൺ ഭൂഷൺ സിംഗിനെ ഇറക്കി സീറ്റ് നിലനിർത്താനായി എന്നത് മാത്രമാണ് നേട്ടമായത്. വനിതാ ഗുസ്തി താരങ്ങളുടെ ലൈംഗികാതിക്രമ ആരോപണത്തെ തുടർന്ന് ബ്രിജ് ഭൂഷണ് ഇത്തവണ ടിക്കറ്റ് നിഷേധിച്ചിരുന്നു.

2017ലും ഉത്തർപ്രദേശ് തെരഞ്ഞെടുപ്പിന് മുന്നോടിയായി അഖിലേഷ് യാദവും രാഹുൽ ഗാന്ധിയും ഒരുമിച്ച് പ്രചാരണം നടത്തിയിരുന്നെങ്കിലും ഫലം വന്നപ്പോൾ ബിജെപിക്ക് 302 സീറ്റുകളും കോൺഗ്രസ്-എസ്പി സഖ്യത്തിന് വെറും 47 സീറ്റുകളുമാണ് ലഭിച്ചത്. ഏഴ് വർഷത്തിന് ശേഷം, രണ്ട് നേതാക്കളും രാഷ്ട്രീയമായി കൂടുതൽ പക്വതയോടെ പുതിയ കരുത്തോടെ 2024 ലോക്സഭാ പോരാട്ടത്തിനായി ഇന്ത്യാ സഖ്യത്തിന് കീഴിൽ ഒരുമിച്ചപ്പോൾ വിജയവും കൂടെ പോന്നു.  

മായാവതിയുടെ നേതൃത്വത്തിലുള്ള ബഹുജൻ സമാജ് പാർട്ടി തികച്ചും ആശ്ചര്യപ്പെടുത്തി. 2014 ലെ ലോക്‌സഭാ തെരഞ്ഞെടുപ്പിൽ ഉത്തർപ്രദേശിൽ തകർന്നടിഞ്ഞ ബിഎസ്പി , 2019 ലെ തിരഞ്ഞെടുപ്പിൽ 10 സീറ്റുകൾ നേടി ശക്തമായി തിരിച്ചുവന്നിരുന്നു. കഴിഞ്ഞ തിരഞ്ഞെടുപ്പിൽ സമാജ്‌വാദി പാർട്ടിയുമായി സഖ്യമുണ്ടാക്കിയ കാര്യം മറന്ന് ഇത്തവണ ഒറ്റയ്ക്ക് മത്സരിച്ചപ്പോൾ ബിഎസ്പി അമ്പേ പരാജയപ്പെട്ടു. തിരഞ്ഞെടുപ്പ് കമ്മീഷൻ്റെ കണക്കുകൾ പ്രകാരം ഒരു സീറ്റിലും ലീഡ് നേടിയില്ല. ഇത് മായാവതിക്ക് നൽകുന്ന സന്ദേശം വളരെ വലുതാണ്. വളർന്നുവരുന്ന ദളിത് നേതാവ് ചന്ദ്രശേഖർ ആസാദ് നാഗിന സീറ്റിൽ വിജയിച്ചപ്പോൾ ബിഎസ്പി നാലാം സ്ഥാനത്തായി. പട്ടികജാതി സംവരണ സീറ്റിൽ ആസാദിൻ്റെ വിജയവും ബിഎസ്പിക്കുണ്ടായ വലിയ തോൽവിയും സൂചിപ്പിക്കുന്നത് മായാവതി വിശ്വസ്തരായി കണ്ട ദളിത് വോട്ടർമാർ ഇപ്പോൾ പുതിയ നേതാക്കളെ കണ്ടെത്തിയിരിക്കുന്നു എന്നാണ്.

LEAVE A REPLY

Please enter your comment!
Please enter your name here

Share post:

Popular

More like this
Related

സാങ്കേതിക തകരാർ; ഡൽഹിയിൽ വിമാന സർവ്വീസുകൾ തടസ്സപ്പെട്ടത് പരിഹരിക്കാൻ തീവ്രശ്രമം

(Photo Courtesy : x) ന്യൂഡൽഹി: എയർ ട്രാഫിക് കൺട്രോൾ സിസ്റ്റത്തിലെ...

ശബരിമല സ്വർണ്ണക്കവർച്ച : മുൻ തിരുവാഭരണ കമ്മീഷണർ ബൈജു അറസ്റ്റിൽ

തിരുവനന്തപുരം: ശബരിമല സ്വർണ്ണക്കവർച്ചക്കേസിൽ മുൻ തിരുവാഭരണ കമ്മിഷണർ കെ.എസ് ബൈജു അറസ്റ്റിൽ....