(Photo Courtesy : BCCI/X)
ഹോബാർട്ട് : ഓസ്ട്രേലിയക്കെതിരായ മൂന്നാം ട്വൻ്റി20 യിൽ ഇന്ത്യക്ക് അഞ്ച് വിക്കറ്റ് ജയം. ഓസ്‌ട്രേലിയ ഉയര്‍ത്തിയ 187 റണ്‍സ് വിജയലക്ഷ്യം ഒൻപത് പന്തുകൾ ബാക്കി നിൽക്കേ 18.3 ഓവറിൽ ഇന്ത്യ മറികടന്നു. ഓൾറൌണ്ടർ വാഷിംഗ്ടൺ സുന്ദറിന്റെ കിടിലൻ ബാറ്റിംഗ് പ്രകടനമാണ് ഇന്ത്യയ്ക്ക് വിജയം സമ്മാനിച്ചത്. സുന്ദർ 23 പന്തില്‍ 49 റണ്‍സുമായി പുറത്താകാതെ നിന്നു.
ജയത്തോടെ അഞ്ചുമത്സരങ്ങളടങ്ങിയ പരമ്പരയിൽ ഇന്ത്യ 1-1 ന് സമനില പിടിച്ചു. ആദ്യ മത്സരം മഴ മൂലം ഉപേക്ഷിച്ചിരുന്നു. രണ്ടാം മത്സരത്തിൽ ഓസ്ട്രേലിയയ്ക്കായിരുന്നു വിജയം. ഹൊബാർട്ടിലെ ബെല്ലെറിവ് ഓവൽ സ്റ്റേഡിയത്തിൽ ഇതുവരെ ഓസ്‌ട്രേലിയ പരാജയം രുചിച്ചിരുന്നില്ല.
ടോസ് നേടി ബാറ്റിംഗ് തിരഞ്ഞെടുത്ത ഓസ്‌ട്രേലിയക്ക് വേണ്ടി ഓപ്പണിങ് കൂട്ടുകെട്ടിൽ ടിം ഡേവിഡ് (38 പന്തിൽ 74), മാര്‍കസ് സ്‌റ്റോയിനിസ് (39 പന്തില്‍ 64) എന്നിവർ തകർപ്പൻ പ്രകടനമാണ് കാഴ്ചവെച്ചത്. 186/6 എന്ന നിലയിലാണ് ഓസ്‌ട്രേലിയയുടെ ഇന്നിംഗ്സ് അവസാനിച്ചത്.
മറുപടി ബാറ്റിങ്ങിനിറങ്ങിയ ഇന്ത്യയ്ക്ക് വേണ്ടി ഓപ്പണർ അഭിഷേക് ശർമ16 പന്തില്‍ നിന്ന് 25 റണ്‍സ് നേടി പുറത്തായി. നാലാം ഓവറിൽ നതാന്‍ എല്ലിസിൻ്റെ പന്തിലായിരുന്നു പുറത്താകൽ. തൊട്ടു പിറകെ 15 റൺസെടുത്ത ഗില്ലിനെ എല്ലിസ് മടക്കി. പിന്നീട് വന്ന ക്യാപ്റ്റൻ സൂര്യകുമാർ യാദവിന്റെ 11 പന്തിൽ 24 റൺസ് എടുക്കാനെ കഴിഞ്ഞുള്ളൂ. ഇന്ത്യ മൂന്നിന് 76. നാലാം വിക്കറ്റില്‍ തിലക് വര്‍മയും (26 പന്തിൽ 29) അക്ഷര്‍ പട്ടേലും (12 പന്തിൽ 17) ചേര്‍ന്ന് സ്‌കോര്‍ പതുക്കെ ഉയര്‍ത്തിയെങ്കിലും എല്ലിസ് കൂട്ടുകെട്ട് പൊളിച്ചു. ഇരുവരും മടങ്ങിയതോടെ അരങ്ങേറ്റക്കാർ ജിതേഷ് ശർമ്മയെ (12 പന്തിൽ 22) കൂട്ടുപിടിച്ച് വാഷിംഗ്ടൺ സുന്ദർ കാഴ്ചവെച്ച കിടിലൻ ബാറ്റിംഗാണ് ഇന്ത്യൻ വിജയത്തിന് തുണയായത്. ഓസീസിനായി നതാന്‍ എല്ലിസ് മൂന്നുവിക്കറ്റെടുത്തു. ഇന്ത്യയ്ക്കായി അര്‍ഷ്ദീപ് സിംഗ് മൂന്നും വരുണ്‍ ചക്രവര്‍ത്തി രണ്ട് വിക്കറ്റും വീഴ്ത്തി.
