ന്യൂഡൽഹി : വോട്ടർ പട്ടികയിൽ പേര് ഉൾപ്പെടുത്താനുള്ള തിരിച്ചറിയൽ രേഖയായി ആധാർ കാർഡുകൾ സ്വീകരിക്കാമെന്ന് വ്യക്തമാക്കി സുപ്രീം കോടതി. ബിഹാറിലെ വോട്ടർ പട്ടിക പരിഷ്ക്കരണ പ്രക്രിയയെ സംബന്ധിച്ചുള്ള കേസിലാണ് ഈ സുപ്രധാന വിധി. വോട്ടർ രജിസ്ട്രേഷൻ ചട്ടക്കൂടിന് കീഴിൽ സ്വീകാര്യമായ 11 തിരിച്ചറിയല്‍ രേഖകൾക്ക് പുറമെ 12-ാമത്തെ രേഖയായാണ് ആധാര്‍ പരിഗണിക്കാന്‍ സുപ്രീം കോടതി നിര്‍ദേശിച്ചത്. അതേസമയം ആധാര്‍ പൗരത്വ രേഖയായി കണക്കാക്കാന്‍ കഴിയില്ലെന്നും സുപ്രീം കോടതി വ്യക്തമാക്കി.
തിരിച്ചറിയല്‍ രേഖയായി ആധാര്‍ പരിഗണിക്കണമെന്ന് സുപ്രീം കോടതി നേരത്തെ അഭിപ്രായപ്പെട്ടിരുന്നു. എന്നാല്‍ തിരഞ്ഞടുപ്പ് കമ്മീഷന്‍ ആ അഭിപ്രായം പാലിക്കുന്നില്ലെന്ന് ആര്‍ജെഡി ഉള്‍പ്പടെയുള്ള ഹര്‍ജിക്കാര്‍ സുപ്രീംകോടതിയെ അറിയിച്ചു. ആധാര്‍ രേഖയായി സ്വീകരിക്കുന്ന ഉദ്യോഗസ്ഥര്‍ക്ക് തെരഞ്ഞെടുപ്പ് കമ്മിഷന്‍ നോട്ടീസ് നല്‍കുയാണെന്നും ഹര്‍ജിക്കാര്‍ ചൂണ്ടിക്കാട്ടി.
തുടര്‍ന്നാണ് 12-ാമത്തെ തിരിച്ചറിയല്‍ രേഖയായി ആധാര്‍ കൂടി സ്വീകരിക്കാന്‍ സുപ്രീം കോടതി ഉത്തരവിട്ടത്. തിരിച്ചറിയല്‍ രേഖയായി ഹാജരാക്കുന്ന ആധാറിന്റെ ആധികാരികത കമ്മീഷന് പരിശോധിക്കാം. രാജ്യത്തെ പൗരന്മാര്‍ക്ക് തങ്ങളുടെ പേര് വോട്ടര്‍ പട്ടികയില്‍ ഉണ്ടെന്ന് ഉറപ്പ് വരുത്താന്‍ അവകാശം ഉണ്ട്. എന്നാല്‍ വ്യാജമായി പൗരത്വം അവകാശപ്പെടുന്നവര്‍ക്ക് വോട്ടര്‍ പട്ടികയില്‍ തുടരാന്‍ അവകാശം ഇല്ലെന്നും സുപ്രീംകോടതി വ്യക്തമാക്കി.
കോടതി നടപടികൾക്കിടയിൽ, നിയമപരമായ വ്യവസ്ഥകൾക്കനുസൃതമായി ആധാർ പരിഗണിക്കുമെന്ന് ഇന്ത്യൻ തെരഞ്ഞെടുപ്പ് കമ്മീഷൻ (ഇസിഐ) അഭിഭാഷകൻ മുഖേന കോടതിയെ അറിയിച്ചു.