പട്ന: ബിഹാർ തെരഞ്ഞെടുപ്പിൽ മുഴുവൻ സീറ്റുകളിലും മത്സരിക്കാനൊരുങ്ങി ആം ആദ്മി പാർട്ടി. ഡൽഹിയിലും പഞ്ചാബിലും നടപ്പിലാക്കിയ ഭരണമാതൃക ബിഹാറിലും ആവർത്തിക്കാൻ കഴിയുമെന്ന ആത്മവിശ്വാസത്തിലാണ് എഎപി. ആം ആദ്മി ബിഹാർ സംസ്ഥാന ചുമതലയുള്ള അജേഷ് യാദവ് വാർത്ത സമ്മേളനത്തിൽ അറിയിച്ചതാണ് ഇക്കാര്യം.
ബിഹാറിൽ ഒറ്റക്ക് മത്സരിക്കുമെന്നും നിലവിലുള്ള രാഷ്ട്രീയ ഗ്രൂപ്പുകളുമായി സഖ്യമുണ്ടാക്കാനുള്ള സാദ്ധ്യത പൂർണ്ണമായി തള്ളിക്കളയുന്നതായും പാർട്ടിയുടെ സംസ്ഥാന സഹ-ചുമതലയുള്ള അഭിനവ് റായ് പറഞ്ഞു. ‘ഞങ്ങളുടെ സഖ്യം ജനങ്ങളുമായാണ്. അല്ലാതെ ഞങ്ങൾ ഒരു പാർട്ടിയുമായോ രാഷ്ട്രീയ സഖ്യവുമായോ കൂട്ടുകൂടില്ലെന്നും’ അദ്ദേഹം പറഞ്ഞു. 11 പേരടങ്ങുന്ന ആദ്യ സ്ഥാനാർത്ഥി പട്ടിക അജേഷ് യാദവും പാർട്ടി സംസ്ഥാന പ്രസിഡണ്ട് രാകേഷ് യാദവും ചേർന്ന് പുറത്തിറക്കി.
ബെഗുസാരായിൽ മീരാ സിങ്, പൂർണിയ ജില്ലയിലെ കസ്ബ സീറ്റിൽ ഭാനു ഭാരതീയ, പട്നയിലെ ഫുൽവാരി സീറ്റിൽ അരുൺ കുമാർ രജക്, പട്നയിലെ ബങ്കിപൂരിൽ പങ്കജ് കുമാർ, മോത്തിഹാരിയിലെ ഗോവിന്ദ്ഗഞ്ചിൽ അശോക് കുമാർ സിങ്, ബുക്‌സർ സീറ്റിൽ റിട്ട.കാപ്റ്റൻ ധർമരാജ് സിങ് എന്നിവരാണ് ആദ്യ പട്ടികയിൽ ഇടംപിടിച്ചത്.
ബീഹാറിൽ 243 അംഗ നിയമസഭയിലേക്കാണ് തെരഞ്ഞെടുപ്പ് നടക്കുന്നത്. എൻ.ഡി.എയും ഇൻഡ്യ സഖ്യവുമാണ് പ്രധാന സഖ്യങ്ങൾ. ഇവരെയാണ് ആം ആദ്മി ഒറ്റക്ക് നേരിടാനൊരുങ്ങുന്നത്. കേവല ഭൂരിപക്ഷത്തിന് 122 സീറ്റുകളാണ് വേണം.
ബി.ജെ.പി (80), ജെ.ഡി.യു (45), ആർ.ജെ.ഡി(77), കോൺഗ്രസ്(19) എന്നിങ്ങനെയാണ് നിലവിലെ കക്ഷിനില. പുതിയ തെരഞ്ഞെടുപ്പ് പട്ടിക അനുസരിച്ച് 7.43 കോടി വോട്ടർമാരാണ് സംസ്ഥാനത്തുള്ളത്