പട്ന : ബിഹാറിൽ നിയമസഭ തെരഞ്ഞെടുപ്പ് നവംബർ 22ന് മുൻപായി നടക്കുമെന്ന് മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണർ ഗ്യാനേഷ് കുമാർ. രാജ്യത്ത് സമഗ്ര വോട്ടർപട്ടിക പരിഷ്ക്കരണം (എസ്ഐആർ) കൃത്യസമയത്ത് പൂർത്തിയാക്കും. ബിഹാറിൽ ഒരു പോളിങ് സ്റ്റേഷനിൽ 1200 വോട്ടർമാരെ മാത്രമേ അനുവദിക്കൂ. ബൂത്ത് തല ഉദ്യോഗസ്ഥർക്ക് പരിശീലനം നൽകി. ബിഹാറിലെ വോട്ടർ പട്ടിക ശുദ്ധീകരിച്ചതായും മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണർ.
243 നിയമസഭാ മണ്ഡലങ്ങളാണ് സംസ്ഥാനത്തുള്ളത്. 2020ലെ തെരഞ്ഞെടുപ്പ് മൂന്നുഘട്ടങ്ങളായാണ് നടന്നത്. ഒക്ടോബർ 28ന് ആദ്യഘട്ടം. പിന്നീട് നവംബർ മൂന്നിനും നവംബർ ഏഴിനുമായി അടുത്ത ഘട്ടങ്ങളും. നവംബർ 10ന് ഫലം പ്രഖ്യാപിച്ചു.2015ലെ തെരഞ്ഞെടുപ്പ് അഞ്ച് ഘട്ടങ്ങളായാണ് നടന്നത്. ഇക്കുറി എൻഡിഎയും ഇന്ത്യാ സഖ്യവും തമ്മിലാണ് മത്സരം. ബിജെപി, ജനതാദൾ (യുനൈറ്റഡ്), ലോക് ജൻശക്തി പാർട്ടി എന്നിവയാണ് എൻഡിഎ സഖ്യത്തിലുള്ളത്. ആർജെഡി നയിക്കുന്ന പ്രതിപക്ഷ സഖ്യത്തിൽ കോൺഗ്രസും ഇടതുപാർട്ടികളും ഉൾപ്പെടും. ബിജെപി (80), ജെഡിയു (45), ആർജെഡി(77), കോൺഗ്രസ് എന്നിങ്ങനെയാണ് നിലവിലെ കക്ഷിനില.
ബിഹാറിൽ അന്തിമ വോട്ടർ പട്ടിക തെരഞ്ഞെടുപ്പു കമ്മീഷൻ പ്രസിദ്ധീകരിച്ചിരുന്നു. പുതുക്കിയ കരടു വോട്ടർ പട്ടികയിന്മേലുള്ള പരാതികൾ പരിശോധിച്ച ശേഷമാണ് അന്തിമ വോട്ടർ പട്ടിക തയ്യാറാക്കിയത്. നടക്കാനിരിക്കുന്ന നിയമസഭാ തെരഞ്ഞെടുപ്പിൽ പുതുക്കിയ വോട്ടർ പട്ടിക ഉപയോഗിക്കും.
അന്തിമ വോട്ടർ പട്ടിക തിരഞ്ഞെടുപ്പു കമ്മിഷൻ വെബ് സൈറ്റിൽ പ്രസിദ്ധീകരിച്ചിട്ടുണ്ട്. ജില്ല തിരിച്ചുള്ള വോട്ടർ പട്ടിക പകർപ്പുകൾ അംഗീകൃത രാഷ്ട്രീയ പാർട്ടികൾക്ക് ഉടൻ ലഭ്യമാക്കും. പുതുക്കലിൽ ക്രമക്കേടുകൾ കണ്ടെത്തിയാൽ അന്തിമ വോട്ടർ പട്ടിക റദ്ദാക്കുമെന്നു സുപ്രീം കോടതി തെരഞ്ഞെടുപ്പു കമ്മിഷനു മുന്നറിയിപ്പു നൽകിയിരുന്നു. വോട്ടർ പട്ടിക കേസിൽ സുപ്രീം കോടതിയിൽ അന്തിമ വാദം കേൾക്കൽ ഒക്ടോബർ ഏഴിനു നടക്കും.
