പട്ന : ബിഹാർ നിയമസഭാ തെരഞ്ഞെടുപ്പ് രണ്ട് ഘട്ടങ്ങളായി നടക്കുമെന്ന് മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണർ ആർ ഗ്യാനേഷ് കുമാർ അറിയിച്ചു. വോട്ടെടുപ്പ് നവംബർ 6നും 11നും വോട്ടെണ്ണൽ നവംബർ 14നും നടക്കും. ആകെ 7.43 കോടി വോട്ടർമാരാണുള്ളത്. ഇതിൽ 3.92 കോടി പുരുഷൻമാരും 3.5 കോടി സ്ത്രീകളുമാണുള്ളത്. 14 ലക്ഷം പുതിയ വോട്ടർമാരാണുള്ളത്. ആകെയുള്ള 90,712 പോളിങ് സ്റ്റേഷനുകളിൽ 1044 എണ്ണം സ്ത്രീകള്‍ കൈകാര്യം ചെയ്യും. എല്ലായിടത്തും വെബ്കാസ്റ്റ് ഉണ്ടാകുമെന്ന് മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണർ അറിയിച്ചു.
ഇത്തവണ യാതൊരു പ്രശ്നങ്ങളുമില്ലാതെ തെരഞ്ഞെടുപ്പ് നടത്താനാണ് ശ്രമിക്കുന്നതെന്ന് മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണർ ഗ്യാനേഷ് കുമാർ പറഞ്ഞു. വോട്ടർ പട്ടിക ശുദ്ധീകരിക്കുന്നതെങ്ങനെയാണെന്ന് രാജ്യത്തെ മറ്റുള്ളവർക്ക് ബിഹാർ കാണിച്ചു കൊടുത്തുവെന്നും അദ്ദേഹം വാര്‍ത്താസമ്മേളനത്തിൽ പറഞ്ഞു. വോട്ടർപട്ടിക ശുദ്ധീകരണ പ്രക്രിയ ജൂൺ 24 മുതൽ ആരംഭിച്ചു. ഓഗസ്റ്റ് 1ന് കരടു വോട്ടർ പട്ടിക പ്രസിദ്ധീകരിച്ചു. സെപ്റ്റംബർ 30ന് അന്തിമ വോട്ടർപട്ടിക പ്രസിദ്ധീകരിച്ചു.
243 അംഗ നിയമസഭയുടെ കാലാവധി നവംബറിലാണ് അവസാനിക്കുന്നത്. നവംബർ 22ന് മുൻപ് തിരഞ്ഞെടുപ്പ് നടത്തുമെന്ന് കഴിഞ്ഞ ദിവസം മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷണർ ഗ്യാനേഷ് കുമാർ പറഞ്ഞിരുന്നു. വോട്ടെടുപ്പ് 2 ഘട്ടമായി നടത്തണമെന്ന് പ്രതിപക്ഷവും ഒറ്റ ഘട്ടമായി നടത്തണമെന്നു ബിജെപിയും കമ്മീഷനോട് ആവശ്യപ്പെട്ടിരുന്നു.
പ്രതിഷേധങ്ങള്‍ക്കും വിവാദങ്ങള്‍ക്കുമൊടുവില്‍ തീവ്ര വോട്ടര്‍പട്ടിക പരിഷ്‌കരണം (എസ്‌ഐആര്‍) പൂര്‍ത്തിയാക്കിയ ശേഷമാണ് ബിഹാറില്‍ തിരഞ്ഞെടുപ്പ് നടക്കാന്‍ പോകുന്നത്. ബിഹാറില്‍ നിയമസഭാ തിരഞ്ഞെടുപ്പോടെ പുതിയ പരിഷ്‌കാരങ്ങള്‍ നടപ്പാക്കുമെന്നും തിരഞ്ഞെടുപ്പ് കമ്മീഷന്‍ അറിയിച്ചിട്ടുണ്ട്. ഒരു ബൂത്തില്‍ വോട്ടര്‍മാരുടെ എണ്ണം 1200ല്‍ കൂടില്ല. വോട്ടിങ് യന്ത്രത്തില്‍ സ്ഥാനാര്‍ത്ഥികളുടെ ചിത്രം കളറിലാക്കും.
എൻഡിഎയും ഇന്ത്യാ സഖ്യവും തമ്മിലാണ് മത്സരം. ബിജെപി, ജനതാദൾ (യുനൈറ്റഡ്), ലോക് ജൻശക്തി പാർട്ടി എന്നിവയാണ് എൻഡിഎ സഖ്യത്തിലുള്ളത്. ആർജെഡി നയിക്കുന്ന പ്രതിപക്ഷ സഖ്യത്തിൽ കോൺഗ്രസും ഇടതുപാർട്ടികളും ഉൾപ്പെടും. ബിജെപി (80), ജെഡിയു (45), ആർജെഡി(77), കോൺഗ്രസ്(19) എന്നിങ്ങനെയാണ് നിലവിലെ കക്ഷിനില.
