ന്യൂഡൽഹി : ബിഹാർ വോട്ടർപ്പട്ടികയിൽ നിന്ന് കൂട്ടത്തോടെ പുറംതള്ളിയ 65 ലക്ഷംപേരുടെ വിവരം പുറത്തുവിടാന്‍ നിയമപരമായ ബാദ്ധ്യതയില്ലെന്ന് തെരഞ്ഞെടുപ്പ് കമ്മിഷൻ സുപ്രീകോടതിയിൽ. പുറത്താക്കലിന് കാരണം ബോധിപ്പിക്കാനും ബാദ്ധ്യതയില്ല. വോട്ടറുടെ പൗരത്വം തെളിയിക്കാന്‍ നിര്‍ബന്ധിക്കുന്ന ബിഹാര്‍ വോട്ടര്‍പട്ടിക പ്രത്യേക തീവ്ര പുനഃപരിശോധനയുമായി ബന്ധപ്പെട്ട് സുപ്രീംകോടതി ആവശ്യപ്പെട്ടപ്രകാരം സമര്‍പ്പിച്ച സത്യവാങ്‌മൂലത്തിലാണ് തെരഞ്ഞെടുപ്പ് കമ്മിഷൻ്റെ പ്രതികരണം. പുറത്താക്കപ്പെട്ടവരുടെ പ്രത്യേക പട്ടിക തയ്യാറാക്കി പ്രസിദ്ധീകരിക്കാനോ ഒഴിവാക്കിയതിന്റെ കാരണം വ്യക്തമാക്കാനോ 1960ലെ വോട്ടർ രജിസ്ട്രേഷൻ നിയമങ്ങളിലെ 10, 11 ചട്ടപ്രകാരം ബാദ്ധ്യതയില്ലെന്നാണ് വാദം.
പുറത്താക്കപ്പെട്ടവരുടെ മണ്ഡലം തിരിച്ചുള്ള പട്ടിക അടക്കം ആവശ്യപ്പെട്ട് അസോസിയേഷൻ ഫോർ ഡെമോക്രാറ്റിക് റിഫോംസ്(എഡിആർ) സമർപ്പിച്ച ഹർജിയിലാണ് നിലപാട് അറിയിക്കാന്‍ സുപ്രീംകോടതി തെരഞ്ഞെടുപ്പ് കമ്മീഷനോട് നിർദ്ദേശിച്ചത്. എഡിആറിന്റെ കരങ്ങൾ ശുദ്ധമല്ലെന്നും മാധ്യമങ്ങളിലൂടെ തങ്ങളെ അപകീർത്തിപ്പെടുത്തുന്ന സംഘടനയ്‌ക്കെതിരെ കനത്ത ചുമത്തണമെന്നും കമ്മീഷന്‍ ആവശ്യപ്പെട്ടു.
‘അപേക്ഷാഫോം പൂരിപ്പിച്ച് നൽകാത്ത വോട്ടറുടെ വിവരം പ്രസിദ്ധീകരിക്കാൻ ബാദ്ധ്യതയില്ല. അത്തരം പട്ടിക ആവശ്യപ്പെടാൻ ഹർജിക്കാർക്ക് അവകാശമില്ല. പുറത്താക്കപ്പെട്ടവർക്ക് നിയമപരമായ പോംവഴി തേടാനാവില്ലെന്ന ഹർജിക്കാരുടെ വാദം തെറ്റിദ്ധരിപ്പിക്കുന്നതാണ്. കരടിൽ ഉൾപ്പെടാത്തവർക്ക് രേഖ ഹാജരാക്കി പേരുചേർക്കാം. മുൻകൂർ നോട്ടീസ് നൽകാതെയോ പരാതി പറയാൻ അവസരം നൽകാതെയോ ആരെയും ഒഴിവാക്കില്ല’ – സത്യവാങ്മൂലം പറയുന്നു.
ബിജെപിക്കുവേണ്ടി വോട്ടർപ്പട്ടിക അട്ടിമറിക്കാനുള്ള നീക്കമാണിതെന്ന വിമർശനം പ്രതിപക്ഷം ശക്തമായി ഉന്നയിക്കുന്നു. ബിഹാര്‍ പുറംതള്ളപ്പെട്ടവരിൽ ഭൂരിപക്ഷവും സ്‌ത്രീകളും മുസ്ലിങ്ങളുമാണ്. കൂട്ടപ്പുറത്താക്കലുണ്ടായാൽ ഇടപെടുമെന്ന് സുപ്രീംകോടതി മുന്നറിയിപ്പും നൽകിയിട്ടുണ്ട്.