ഛത്തീസ്ഗഡില്‍ അറസ്റ്റിലായ കന്യാസ്ത്രീകൾ ജയിൽ മോചിതരായി . ഒൻപത് ദിവസത്തിന് ശേഷമാണ് ജാമ്യം ലഭിച്ച് പുറത്തിറങ്ങുന്നത്. ബിലാസ്പുരിലെ എൻഐഎ കോടതിയാണ് ഇവർക്ക് ജാമ്യം അനുവദിച്ചത്. മനുഷ്യക്കടത്ത്, നിർബ്ബന്ധിത മതപരിവർത്തനം എന്നീ കുറ്റങ്ങൾക്കു തെളിവു കണ്ടെത്താത്തതിനാൽ ജാമ്യം അനുവദിക്കുന്നുവെന്നാണ് ഛത്തിസ്ഗഢിലെ ബിലാസ്പുരിലുള്ള എൻഐഎ കോടതി ജഡ്ജി സിറാജുദ്ദീൻ ഖുറേഷി വിധിപ്പകർപ്പിൽ വ്യക്തമാക്കിയത്.
സിസ്റ്റർ പ്രീതി മേരി, സിസ്റ്റർ വന്ദന ഫ്രാൻസിസ് എന്നിവർക്കും കൂടെ അറസ്റ്റിലായ ആദിവാസി യുവാവ് സുഖ്മാൻ മണ്ഡവിക്കുമാണ് 9 ദിവസത്തിന് ശേഷം ഇന്ന് എൻഐഎ കോടതി ജാമ്യം അനുവദിച്ചത്.
കന്യാസ്ത്രീകൾക്കും ആദിവാസി യുവാവിനും ജാമ്യം ലഭിക്കാൻ അർഹതയുണ്ടോയെന്നാണു കോടതി പരിശോധിച്ചത്. കുറ്റം ചെയ്തുവെന്നതിലല്ല, കുറ്റം ചെയ്തുവെന്ന സംശയത്തിലാണ് അറസ്റ്റ്. ആരോപണം നേരിടുന്ന യുവതികൾ ക്രിസ്ത്യാനികളാണെന്നും അതുകൊണ്ടുതന്നെ നിർബ്ബന്ധിത മതപരിവർത്തനം എന്നത് പറയാനാകില്ലെന്നും കോടതി ചൂണ്ടിക്കാട്ടി.
കുട്ടിക്കാലം മുതലേ ക്രിസ്ത്യാനികളാണെന്നു പെൺകുട്ടികൾ മൊഴി നൽകിയിട്ടുണ്ട്. കന്യാസ്ത്രീകൾ ക്രിമിനൽ പശ്ചാത്തലമുള്ളവരല്ല, മുൻപ് കുറ്റകൃത്യത്തിൽ ഉൾപ്പെട്ടിട്ടുള്ളവരല്ല. പെൺകുട്ടികളെ തട്ടിക്കൊണ്ടുപോയിട്ടില്ലെന്ന് ഇവരുടെ മാതാപിതാക്കളുടെ മൊഴിയും വിധിപ്പകർപ്പിലുണ്ട്. ഇതിന്റെ പശ്ചാത്തലത്തിൽ കന്യാസ്ത്രീകൾക്ക് ജാമ്യത്തിന് അർഹതയുണ്ടെന്ന് കോടതി കണ്ടെത്തി
ഇതിനിടെ അതിനിടെ പൊലീസ് മുന്നിൽ ആൾക്കൂട്ട വിചാരണ നടത്തിയ ബജ്റംഗ്ദൾ പ്രവർത്തകർക്ക് എതിരെ കന്യാസ്ത്രീകൾക്ക് ഒപ്പമുണ്ടായിരുന്ന യുവതികൾ പരാതി നൽകി. ജ്യോതി ശർമ ഉൾപ്പെടെയുള്ളവർ കയ്യേറ്റം ചെയ്തെന്നും തെറ്റായ മൊഴി നൽകാൻ ഭീഷണിപ്പെടുത്തി എന്നുമാണ് പരാതി. പ യുവതികൾക്ക് സിപിഐ സംരക്ഷണമൊരുക്കി.
