കണ്ണൂർ : കണ്ണൂരിൽ പിഎസ്‌സി പരീക്ഷക്കിടെ നടന്ന ഹൈടെക്ക് കോപ്പിയടിയിൽ കൂടുതൽ പേർ ഉൾപ്പെട്ടിട്ടുണ്ടോ എന്ന സംശയത്തിൽ അന്വേഷണം വ്യാപിപ്പിക്കാൻ പോലീസ്. ഹൈടെക്ക് കോപ്പിയടി രീതി മറ്റുള്ളവർക്ക് ഒരുക്കി നൽകിയോ എന്നതും അന്വേഷിക്കും. ഇതിനായി നിലവിൽ റിമാൻഡിലുള്ള പ്രതികൾക്കായി പോലീസ് വെള്ളിയാഴ്ച കോടതിയിൽ കസ്റ്റഡി അപേക്ഷ നൽകും. പ്രതികളായ സഹദ്, സബീൽ എന്നിവരെ ഒരുമിച്ചിരുത്തി ചോദ്യം ചെയ്യണമെന്നതാണ് പോലീസിൻ്റെ ആവശ്യം. പ്രാഥമിക ചോദ്യം ചെയ്യലിൽ പ്രതികളുടെ മൊഴി പൂർണ്ണമായി പോലീസ് വിശ്വാസത്തിലെടുത്തിട്ടില്ല. കണ്ണൂർ എസിപി പ്രദീപൻ കണ്ണിപ്പൊയിലിനാണ് അന്വേഷണ ചുമതല.
മൈക്രോ ക്യാമറ, ഇയർഫോൺ എന്നിവ ഉപയോഗിച്ചായിരുന്നു ഹൈടെക് കോപ്പിയടി. സെക്രട്ടറിയേറ്റ് ഓഫീസ് അസിസ്റ്റൻറ് പരീക്ഷക്കിടെയാണ് കോപ്പിയടി നടന്നത്. ഷർട്ടിന്റെ കോളറിൽ മൈക്രോ ക്യാമറ ഘടിപ്പിച്ചുകൊണ്ട് ചോദ്യ പേപ്പറിന്റെ ദൃശ്യങ്ങൾ പകർത്തുകയായിരുന്നു. ഇതിന്റെ ഉത്തരങ്ങൾ ബ്ലൂടൂത്ത് ഇയർഫോണിലൂടെ ലഭിക്കുകയും ചെയ്തിരുന്നു. ഈ രീതിയിലാണ് കോപ്പിയടി നടന്നത്. ഇത് പരിശോധനയിൽ പിഎസ്‌സി വിജിലൻസ് വിഭാഗം കണ്ടെത്തുകയായിരുന്നു
